സഖാവ് പരശുരാമൻ മഴുവോ കോടാലിയോ മറ്റോ എറിഞ്ഞ് പണ്ട് കെട്ടിപ്പടുത്തത് ലക്ഷണമൊത്ത കേരളത്തെയായിരുന്നു. മഴുവായാലും കോടാലിയായാലും അവ കമ്മ്യൂണിസ്റ്റ് വിരുദ്ധ സാമഗ്രികളല്ലാതിരുന്നത് കൊണ്ടാണ് ലക്ഷണമൊത്ത കേരളം തന്നെ രൂപമെടുത്തത് എന്ന് പു.ക.സ വിലയിരുത്തുകയുണ്ടായി. അരവും കത്തിയും എന്ന് എമ്മെൻ വിജയൻമാഷ് പണ്ടൊരു ലേഖനത്തിൽ പറഞ്ഞത് പോലെയായിരുന്നില്ല അത്. അരവും കത്തിയും കമ്മ്യൂണിസ്റ്റ് പദാവലിയല്ലെന്ന് അന്ന് തീർച്ചപ്പെടുത്തിയത് സഖാവ് കെയിയെൻ ആയതുകൊണ്ട് മാത്രമാണ് നമ്മളും അതങ്ങ് ശരിവച്ചു കൊടുത്തത്. എമ്മെൻവിജയൻ അതുകൊണ്ട് നല്ല അദ്ധ്യാപകനെങ്കിലും ആയി എന്ന് സമാധാനിക്കാം.
അതവിടെ നിൽക്കട്ടെ. മഴുവെറിഞ്ഞ് പരശുരാമൻ സഖാവ് കെട്ടിപ്പടുത്ത കേരളത്തിന് അവിടവിടെയായി ചില കേടുപാടുകൾ കാലാന്തരത്തിൽ വന്നുഭവിച്ചിരുന്നു. അതാരും ഇക്കാലമത്രയും കണ്ടുപിടിച്ചതുമില്ല. അല്ലെങ്കിൽ തന്നെ അതൊക്കെ കണ്ടുപിടിക്കാൻ സമയം കളയുന്ന നേരത്ത് നാല് വാഴ വച്ചാൽ അത്രയുമായി എന്ന് ചിന്തിച്ച് സമയം പോക്കിയ കൂട്ടരായിരുന്നു ഓസിഗാന്ധി അടക്കമുള്ള ഘടാഘടിയന്മാർ. പക്ഷേ പിണറായി സഖാവ് അക്കൂട്ടത്തിൽ പെടുന്നില്ല.
അതുകൊണ്ടാണ് സഖാവ് കേരളത്തിന്റെ മുക്കും മൂലയും അരിച്ചുപെറുക്കി അതിന്റെ പഴഞ്ചൻ ലക്ഷണങ്ങളത്രയും കണ്ടുപിടിച്ചത്. കണ്ടപ്പോൾ ആകെ മൊത്തത്തിലൊരു അവലക്ഷണം. അത്യന്താധുനിക കാലത്ത് ന.മോ.ജിയും മറ്റും പുതുപുത്തൻ കുർത്തയുമിട്ട് വിലസി നടക്കുന്നേരത്ത് ഈ പഴഞ്ചൻ കേരളം കണ്ടാലെന്ത് കരുതും? അതുകൊണ്ട് സഖാവ് നവകേരളം കെട്ടിപ്പടുത്തേ തീരൂ എന്ന് ശപഥമെടുക്കുകയുണ്ടായി.
ആ ഉഗ്രശപഥത്തിന് പിന്നാലെയായിരുന്നു പ്രളയം വന്ന് കേരളമാകെ കുത്തിയൊലിച്ചു പോയത്. ശപഥത്തിന്റെ ഒരു ബഹിർ സ്ഫുരണമായിരുന്നു അത്. രോഗി ഇച്ഛിച്ചത് വൈദ്യൻ കല്പിച്ചുവെന്ന മട്ടിലായിരുന്നു പ്രളയത്തിന്റെ വരവ്. നവകേരളം കെട്ടിപ്പടുക്കാൻ നിശ്ചയിച്ചുറപ്പിച്ച നേരത്തുതന്നെ പ്രളയമെത്തി സകലതും കൊണ്ടുപോയി എന്ന് സാരം. എല്ലാം ഒന്നേന്ന് തൊട്ട് തുടങ്ങേണ്ട സ്ഥിതിയായി.
പഴയ പരശുരാമൻ മോഡൽ പറ്റാത്തത് കൊണ്ട് മാത്രമാണ് റീബിൽഡ് കേരള ഇനിഷ്യേറ്റീവ് എന്ന വിളിപ്പേരിൽ പിണറായി സഖാവ് കാര്യങ്ങൾക്ക് ഒരു രൂപമുണ്ടാക്കിയത്. മഴുവും കോടാലിയും പണ്ട് കമ്മ്യൂണിസ്റ്റ് വിരുദ്ധമല്ലെന്ന് കരുതി ഇന്നും അങ്ങനെയാണെന്ന് പറയാൻ ചില ബുദ്ധിമുട്ടുകളൊക്കെയുണ്ട്. നാടോടുമ്പോൾ നടുവേ ഓടേണ്ടതുണ്ട്. അതുകൊണ്ടാണ് റീബിൽഡ് കേരളയിൽ പരശുരാമന്റെ മഴു വേണ്ടെന്ന് വച്ചത്.
ഹജൂർ കച്ചേരിയിലെ ഇട്ടാവട്ട സ്ഥലവും വച്ച് റീബിൽഡ് കേരള അസാദ്ധ്യമെന്ന് ആർക്കാണ് അറിഞ്ഞു കൂടാത്തത് ! ഹജൂർ കച്ചേരിയിലിരുന്ന് കേരളമുണ്ടാക്കാനാണെങ്കിൽ പരശുരാമന്റെ മഴു വച്ചും അതുണ്ടാക്കാം. അതുപക്ഷേ ഇന്നത്തെ അത്യന്താധുനിക ലോകത്തെ വൈഫൈ കേരളമാവില്ല. ഹജൂർ കച്ചേരിക്കകത്ത് റീബിൽഡ് കേരള ഇനിഷ്യേറ്റീവ് എന്ന ബോർഡും വച്ചിരുന്നാൽ ഈച്ചയെ ആട്ടി സമയം കൊല്ലേണ്ടി വരും. പണിയും നടക്കില്ല, കേരളവുമുണ്ടാവില്ല.
ആ ബോർഡ് വച്ചിരുന്നാൽ ഇരുന്നത് പോലെയുണ്ടാവണം. അതിനൊരു പവറൊക്കെ വേണ്ടേ. അങ്ങനെ അന്വേഷിച്ചപ്പോഴാണ് ഹജൂർ കച്ചേരിക്കടുത്തായി കാൽസാർ ഹീതർ ടവർ എന്നൊരു കെട്ടിടം കണ്ണിലുടക്കിയത്. അവിടെച്ചെന്ന് അരിച്ചുപെറുക്കി നോക്കിയപ്പോൾ എല്ലാ ലക്ഷണവും തികഞ്ഞതുതന്നെയെന്ന് കണ്ടെത്തി. ആദ്യം ഈ കാൽസർ ഹീതർ ടവറിൽ നിന്ന് വേണം റീബിൽഡ് ഇനിഷ്യേറ്റീവ് ആരംഭിക്കാനെന്ന് തീരുമാനിച്ചത് അങ്ങനെയായിരുന്നു. അതേതോ പാചകരത്നം ചേച്ചിയുടെ വകയിലുള്ള ടവറാണെന്ന് ചെന്നിത്തല ഗാന്ധിയും മറ്റും ആരോപിക്കുന്നുണ്ട്. ചെന്നിത്തല ഗാന്ധിക്ക് അല്ലെങ്കിലും ഇത്തരം ജാതകം തിരഞ്ഞു നടക്കലാണ് ഇപ്പോഴത്തെ ശീലം. അത് മാറിക്കോളും. സാരമില്ല.
വെള്ളപ്പൊക്കത്തിൽ വീടുംകുടിയും ഒലിച്ചുപോയവർക്ക് ഒരു നാല് ലക്ഷം കൊടുത്താലും വീടൊപ്പിച്ചെടുക്കാനാവും. എന്നാൽ റീബിൽഡ് കേരള ഇനിഷ്യേറ്റീവ് അങ്ങനെയാണോ? അല്ലേയല്ല. കാൽസർ ഹീതർ ടവറിൽ നാലുലക്ഷത്തി അമ്പത്തിയേഴായിരത്തിൽപ്പരം രൂപ ചെലവിട്ട് ആദ്യമുണ്ടാക്കിയെടുത്തത് കുറച്ച് വാതിലുകളാണ്. ആ വാതില് കണ്ട പു.ക.സ നിരൂപകർ, 'ഹാ! ലക്ഷണമൊത്ത കേരളമിതാ ഇങ്ങ് വരവ് തുടങ്ങി' എന്ന് പ്രകീർത്തിച്ചുവത്രെ. ആനന്ദലബ്ധിക്കിനിയെന്ത് വേണം. സീലിംഗിനും ഫ്ലോറിംഗിനുമായി ഒരു പന്ത്രണ്ട്ലക്ഷത്തിചില്വാനം ചെലവായിട്ടുണ്ട്.
അങ്ങനെ അല്ലറചില്ലറ പണിയെല്ലാമായി ഈ ടവറൊന്ന് മോടി കൂട്ടിയെടുക്കാൻ എൺപത്തിയെട്ട് ലക്ഷത്തിഅമ്പതിനായിരം ഉറുപ്പികയേ ചെലവിടുന്നുള്ളൂ. എന്നാൽ അതുവഴിയുണ്ടാകുന്ന പുതിയ കേരളത്തെയൊന്ന് സങ്കല്പിച്ചുനോക്കൂ. ഇനിയൊരു പ്രളയം പോലും ഇങ്ങിനി വരാൻ മടിച്ചു നിൽക്കും. അഹങ്കാരം കൊണ്ട് പറയുന്നതല്ല. ഇങ്ങനെ വേണം നവകേരളമുണ്ടാവേണ്ടത് !
നവകേരളമുണ്ടാക്കിയെടുക്കാൻ ആരും സഞ്ചരിക്കാത്ത വഴിയിലൂടെ പിണറായി സഖാവ് സഞ്ചരിച്ചെന്നിരിക്കും. അതെല്ലാം ഈ കേരളത്തെ ഓർത്തിട്ട് മാത്രമാണ്. അറബിനാട്ടിൽ പോയി ചില്ലറ തടഞ്ഞാൽ അത്രയുമായി എന്ന് ചിന്തിച്ചതും അതുകൊണ്ട് മാത്രമായിരുന്നു. ചാനൽ മേധാവി ഉപദേശിച്ചിട്ടാണ് സഖാവ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന് കുബുദ്ധികൾ പറഞ്ഞേക്കാം. വിശ്വസിച്ചു പോകരുത്. ഫലം വരുന്നതിന്റെ തലേന്നാൾ സർവേ പ്രകാശിപ്പിച്ച് പാർട്ടിക്കാരെ ആനന്ദലഹരിയിൽ ആറാടിച്ച ചാനൽ മാമനോട് പാർട്ടി തന്നെ കടപ്പെട്ടിരിക്കുന്നു.
വെള്ളപ്പൊക്കത്തിൽ സകലതും ഒലിച്ചു പോയതാണ്. വെള്ളപ്പൊക്കമാണ്, വല്ലതും തരണമെന്ന് അറബിനാട്ടിൽ പോയി ചോദിച്ചാൽ സാധാരണനിലയ്ക്ക് കണ്ണിൽചോരയുള്ളവർ സഹായിക്കേണ്ടതാണ്. പക്ഷേ അപ്പഹയന്മാർ ഇതുവരേക്കും ഒന്നും കൊടുത്തില്ലെന്നാണ് പറയുന്നത്. കണ്ണിൽ ചോരയില്ലാത്തവന്മാർ. വിമാനത്തിന് കൊടുത്ത കൂലിയെങ്കിലും മേടിച്ചുകൂടായിരുന്നോ എന്ന് ചിലപ്പോൾ ചെന്നിത്തലഗാന്ധി ചോദിച്ചെന്നിരിക്കും. താടിക്ക് തീ പിടിക്കുമ്പോൾ അതിൽ നിന്ന് ബീഡി കൊളുത്താൻ നടക്കുന്ന ശീലക്കാരനായത് കൊണ്ടാണത്. നവകേരളമുണ്ടാക്കാൻ അങ്ങനെ ചില വലിയ ത്യാഗങ്ങളൊക്കെ സഹിക്കേണ്ടി വരുമെന്ന് ചിന്തിച്ചാൽ പിണറായി സഖാവിന് വെറുതെ നിരാശപ്പെടേണ്ട കാര്യമില്ല തന്നെ !
ഇ-മെയിൽ: dronar.keralakaumudi@gmail.com