chris-gayle

വയസ് 39 ആയെങ്കിലും ഇപ്പോഴും ക്രീസിലെ പവർ ബാങ്കാണ് വെസ്റ്റ് ഇൻഡീസിന്റെ ഇടിവെട്ട് ബാറ്റ്സ്‌മാൻ ക്രിസ് ഗെയ്ൽ. ഈ പ്രായത്തിലും ഗെയ്ൽ ഇത്ര ഫിറ്റായി ഇരിക്കുന്നതിന്റെ രഹസ്യം എന്താണെന്നോ? നമ്മുടെ യോഗ തന്നെ! ലോകകപ്പ് തുടങ്ങുന്നതിന് മുമ്പ് ജിമ്മിന്റെ പടിപോലും ചവിട്ടാതെ ഫുൾടൈം യോഗ പരിശീലനത്തിലായിരുന്നു ക്രിക്കറ്റിലെ 'യൂണിവേഴ്സ് ബോസ് '. സമഗ്രമായ യോഗ പരിശീലനവും ബോഡി മസാജിംഗുമൊക്കെയാണ് ഗെയ്ലിന്റെ ഫിറ്റ്നസ് ഫോർമുല.

ബാറ്റിംഗിൽ മാത്രമല്ല ജീവിതശൈലിയിലും ശക്തനാണ് ഈ ജമൈക്കൻ കൊടുങ്കാറ്റ്. യോഗ പരിശീലനമുള്ളപ്പോൾ പിന്നെ തനിക്ക് ജിമ്മിൽ പോകേണ്ട ആവശ്യം വരാറേയില്ലെന്നാണ് ഗെയ്ലിന്റെ പക്ഷം. ഏതായാലും ലോകകപ്പിൽ യോഗയുടെ ഇഫക്‌ട് എത്രത്തോളം ഉണ്ടാകുമെന്ന് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.

2018 ഐ.പി.എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ മൊഹാലിയിൽ നടന്ന മത്സരത്തിൽ കിംഗ്സ് ഇലവൻ പഞ്ചാബ് താരമായിരുന്ന ഗെയ്ൽ 63 ബോളിൽ 11 കൂറ്റൻ സിക്‌സുകൾ ഉൾപ്പെടെ 104 റൺസ് അടിച്ചു കൂട്ടിയത് കണ്ട് എല്ലാവരും അമ്പരന്നിരുന്നു. അന്ന് തന്റെ ഈ മിന്നും ഫോമിന്റെ ക്രെഡിറ്റ് മുഴുവനും യോഗയ്‌ക്കാണെന്ന് ഗെയ്ൽ വെളിപ്പെടുത്തിയിരുന്നു. അന്ന് മുൻ ഇന്ത്യൻ താരവും കിംഗ്സ് ഇലവൻ പഞ്ചാബിന്റെ ഉപദേശകരിൽ ഒരാളുമായിരുന്ന വിരേന്ദർ സെവാഗാണ് ഗെയ്ലിന് യോഗ നിർദ്ദേശിച്ചത്. കഴിഞ്ഞ ഐ.പി.എൽ സീസണിൽ താരം വാരികൂട്ടിയത് 490 റൺസാണ്. വളരെ അസാമാന്യമായാണ് ഗെയ്ൽ തന്റെ 'മാസ് ' സിക്‌സുകൾ വായുവിൽ സൂപ്പർസോണിക് വേഗതയിൽ പറത്തുന്നത്.

ഇതൊക്കെ എങ്ങനെ സാധിക്കുവെന്ന് ചോദിക്കുന്നവരോട് ഗെയ്ലിന് പറയാനുള്ളത് ഒന്നേയുള്ളു; ചെയ്യാനുള്ള മനസുണ്ടെങ്കിൽ പ്രായം ഒരു പ്രശ്‌നമേയല്ല. എന്നാൽ നമ്മൾ മടിപിടിച്ചിരുന്നാൽ പ്രായാധിക്യം നമ്മെ പെട്ടെന്ന് പിടികൂടും. കായിക ബലത്തോടൊപ്പം മാനസികമായ ആരോഗ്യവും ക്രിക്കറ്റിൽ പ്രധാനമാണ്. ഇതിനായി ഗെയ്ൽ രണ്ടു മാസത്തോളം ജിം പൂർണമായും ഉപേക്ഷിച്ച് പകരം യോഗ പരീശീലത്തിൽ മുഴുകിയിരുന്നു. ടൂർണമെന്റിൽ ഫ്രഷായി നിലനില്ക്കാൻ യോഗ തന്നെ സഹായിക്കുന്നുവെന്നും ഗെയ്ൽ പറയുന്നു.

103 ടെസ്റ്റ് മത്സരങ്ങളും 289 ഏകദിനങ്ങളും കളിച്ച ഗെയ്ൽ ട്വന്റി 20 മത്സരങ്ങളിലെ മുടിചൂടാമന്നനാണ്. ആരാധകരാണ് തന്നെ ഇപ്പോഴും കളിക്കളത്തിൽ പിടിച്ചു നിറുത്തുന്നതെന്നും അവർക്ക് വേണ്ടിയാണ് താൻ ക്രിക്കറ്റിൽ തുടരുന്നതെന്നും ഗെയ്ൽ പറയുന്നു. ക്രിസ് ഗെയ്ലിന്റെ അവസാനത്തെ ഐ.സി.സി ക്രിക്കറ്റ് ലോകകപ്പാണ് ഇത്തവണത്തേത്. ഇതിനുശേഷം ഏകദിന മത്സരങ്ങളിൽ നിന്ന് വിരമിക്കുമെന്ന് താരം പറഞ്ഞിരുന്നു. അവസാന ലോകകപ്പ് തന്റെ ഏകദിന ക്രിക്കറ്റിന്റെ ഹാപ്പി എൻഡിംഗ് ആക്കാനുള്ള ശ്രമത്തിലാണ് ഗെയ്ൽ.