medical-seat
medical seat

തിരുവനന്തപുരം:കഴിഞ്ഞ വർഷം അനുമതിയില്ലാതിരുന്ന മൂന്ന് സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ ഇക്കൊല്ലം എം.ബി.ബി.എസ് പ്രവേശനത്തിന് മെഡിക്കൽ കൗൺസിൽ അനുമതി നൽകി. തൊടുപുഴ അൽ അസ്ഹർ, പത്തനംതിട്ട മൗണ്ട് സിയോൺ, ഒറ്റപ്പാലം പി.കെ. ദാസ് എന്നീ മെഡിക്കൽ കോളേജുകൾക്കാണ് അനുമതി.

അഞ്ച് വർഷം പൂർത്തിയാക്കിയ ഈ കോളേജുകളിൽ നിന്ന് ആദ്യ ബാച്ച് പുറത്തിറങ്ങിയ സാഹചര്യത്തിലാണ് സ്ഥിരാംഗീകാരം നൽകിയത്. ഇനി അഞ്ച് വർഷത്തിലൊരിക്കൽ മെഡിക്കൽ കൗൺസിൽ പരിശോധനയ്ക്ക് വിധേയമായാൽ മതി.
അൽ അസ്ഹർ, പി.കെ. ദാസ് എന്നിവിടങ്ങളിൽ 150 സീ​റ്റ് വീതവും മൗണ്ട് സിയോണിൽ 100 സീ​റ്റുമാണുള്ളത്. കഴിഞ്ഞ വർഷം പ്രവേശനാനുമതി ലഭിക്കാതിരുന്ന വയനാട് ഡി.എം. വിംസ് കോളേജിന് നേരത്തെ മെഡിക്കൽ കൗൺസിൽ അനുമതി നൽകിയിരുന്നു. ഇവിടെ 150 എം.ബി.ബി.എസ് സീ​റ്റുകളാണുള്ളത്. ഇതോടെ സംസ്ഥാനത്ത് ഇക്കൊല്ലം സ്വാശ്രയ മെഡിക്കൽ സീ​റ്റുകളുടെ എണ്ണം 2150 ആകും. പുതുതായി സർക്കാർ ഏ​റ്റെടുത്ത പരിയാരം ഉൾപ്പെടെ 10 ഗവൺമെന്റ് മെഡിക്കൽ കോളേജുകളിലെ 1400 സീ​റ്റുകളും ചേർത്ത് ആകെ 3550 എം.ബി.ബി.എസ് സീ​റ്റുകളിലാവും ഇക്കൊല്ലം പ്രവേശനം. സർക്കാർ മെഡിക്കൽ കോളേജുകളിലെ 15 ശതമാനം സീ​റ്റുകൾ അഖിലേന്ത്യാ ക്വോട്ടയിലേക്ക് നൽകണം.

കഴിഞ്ഞ വർഷം 15 സ്വാശ്രയ മെഡിക്കൽ കോളേജുകളിലായി 1600

സീ​റ്റുകളിലായിരുന്നു പ്രവേശനം.