തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിലും കോളേജുകളിലും ഒഴിവുള്ള 2000 അദ്ധ്യാപക തസ്തികകൾ ആറുമാസത്തിനകം നികത്തണമെന്നും ഇല്ലെങ്കിൽ ഗ്രാന്റ് തടയുന്നതടക്കം കർശന നടപടികളുണ്ടാവുമെന്നും യു.ജി.സി സർക്കാരിന് അന്ത്യശാസനം നൽകി.
സർവകലാശാലകളിൽ മാത്രം 425 ലേറെ ഒഴിവുകളുണ്ട്. എയ്ഡഡ് കോളേജുകളിൽ നേരത്തെ ഒഴിവുള്ളതും പുതിയ കോഴ്‌സുകൾക്കായി സൃഷ്ടിച്ചതുമായ 1400ഓളം തസ്തികകളും നികത്താനുണ്ട്. സർക്കാർ കോളേജുകളിലും പുതിയ കോഴ്‌സുകളിൽ തസ്തികകൾ സൃഷ്ടിക്കാനും ഒഴിവുകൾ നികത്താനുമുണ്ട്.
കേരള, കാലിക്കറ്റ്, കുസാറ്റ് സർവകലാശാലകളിലാണ് കൂടുതൽ ഒഴിവുകൾ.
എയ്ഡഡ് കോളേജുകളിലെ 1300ൽ അധികം തസ്തികകളിൽ പകുതി ഈ സാമ്പത്തിക വർഷവും ബാക്കി അടുത്ത സാമ്പത്തിക വർഷവും നികത്തുമെന്നാണ് സർക്കാർ പ്രഖ്യാപനം.
നടപടികൾ ഒഴിവാക്കാൻ ആറ് മാസത്തിനകം മാർഗരേഖ അടിസ്ഥാനമാക്കി അദ്ധ്യാപക ഒഴിവുകൾ നികത്തണം. നിയമന നടപടികൾ യു.ജി.സിയും മാനവശേഷി മന്ത്റാലയവും നിരീക്ഷിക്കും. ഇതിനായി മുഴുവൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും നാഷണൽ ഹയർ എഡ്യൂക്കേഷൻ റിസോഴ്‌സ് സെന്ററിന്റെ പോർട്ടലിൽ സംവരണ വിവരങ്ങൾ സഹിതം ഒഴിവുകളുടെ വിശദാംശങ്ങൾ അപ്‌ലോഡ് ചെയ്യണം. അപേക്ഷകരുടെ ചുരുക്കപ്പട്ടിക, നിയമനത്തിനായി തിരഞ്ഞെടുത്തവരുടെ പട്ടിക തുടങ്ങിയവയും വെബ്സൈറ്റിൽ നൽകണം.
യൂണി. ഒഴിവുകൾ ഇങ്ങനെ
കാലിക്കറ്റിൽ 110 ഒഴിവുകൾ.
അസിസ്റ്റന്റ് പ്രൊഫസർ 50
അസോസിയേറ്റ് പ്രൊഫസർ 26
പ്രൊഫസർ 29
ഡയറക്ടർ, അസി. ഡയറക്ടർ രണ്ട് വീതം
ഡെപ്യൂട്ടി ഡയറക്ടർ ഒന്ന്
കേരള സർവകലാശാലയിൽ 125
105 ഒഴിവുകളിൽ നിയമനത്തിന് വൈസ്ചാൻസലറായിരുന്ന ഡോ.പി.കെ.രാധാകൃഷ്‌ണൻ വിജ്ഞാപനം ഇറക്കിയെങ്കിലും കോടതിയിൽ കേസായതിനാൽ തുടർനടപടിയെടുത്തില്ല.
കുസാറ്റിൽ 110
എം.ജി സർവകലാശാലയിൽ 41
കണ്ണൂർ സർവകലാശാലയിൽ 40