മഴയെത്തി; ഒപ്പം മഴക്കാല രോഗങ്ങളും. അല്പം ശ്രദ്ധിച്ചാൽ മഴക്കാല രോഗങ്ങളെ പടിക്കുപുറത്തുനിറുത്താം.
മഴവെള്ളം കെട്ടിക്കിടക്കുക വഴി ഡെങ്കിപ്പനി പോലുള്ള കൊതുകുജന്യ രോഗങ്ങൾ എല്ലാം മഴക്കാലത്തും ഉണ്ടാകാറുണ്ട്. ചുറ്റുപാടും മഴവെള്ളം കെട്ടിക്കിടന്ന് കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കുകയാണ് ഒന്നാമത്തെ പ്രതിരോധം. കൂടുതൽ കൊതുകുള്ള സ്ഥലങ്ങളിൽ കൊതുകുവല, മൊസ്കിറ്റോ റിപ്പല്ലന്റ് തുടങ്ങിയവ ഉപയോഗിച്ച് വ്യക്തിഗത പ്രതിരോധവും ചെയ്യാം. ഡെങ്കി വൈറസ് പരത്തുന്ന ഇൗഡിസ് കൊതുകുകൾ പകൽസമയവും കടിക്കുന്നവയാകയാൽ രാത്രിസമയങ്ങളിൽ മാത്രമല്ല പ്രതിരോധം വേണ്ടത്.
പൊട്ടിയ മൺപാത്രങ്ങൾ, വെള്ളം നിറഞ്ഞ ചിരട്ടകൾ, ഉപേക്ഷിച്ച പ്ളാസ്റ്റിക് പാത്രങ്ങളും കുപ്പികളും, ടയർ തുടങ്ങിയവയിലെല്ലാം ശുദ്ധജലത്തിൽ വളരുന്ന ഇൗഡിസ് കൊതുകുകൾ പ്രജനനം നടത്തും. വളരാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കിയാൽ ഒരു പരിധിവരെ ഇൗ കൊതുകിനെ നമുക്ക് തുരത്താം. അതുവഴി ഡെങ്കിയേയും. മലിനജലത്തിൽ നിന്നുണ്ടാകുന്ന അസുഖങ്ങളാണ് എലിപ്പനിയും വയറിളക്ക രോഗങ്ങളും. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ എലിപ്പനിക്ക് കാരണമാകുന്ന ലെപ്പ്‌റ്റോസ്‌പൈറ അണുബാധയുള്ള എലികളുടെ മൂത്രം കലരാൻ സാദ്ധ്യത ഏറെയാണ്. ഇൗ വെള്ളവുമായി നിരന്തര സമ്പർക്കത്തിൽ ഏർപ്പെടുന്നവരെയാണ് എലിപ്പനി കൂടുതലായി ബാധിക്കുന്നത്. ശുചീകരണ തൊഴിലാളികൾ, ഡ്രെയിനേജ് ക്ളീനർമാർ, പാടത്ത് പണിയെടുക്കുന്നവർ തുടങ്ങിയവരിൽ കൂടുതലായും കാണപ്പെടുന്ന ഈ രോഗം ശ്രദ്ധിച്ചില്ലെങ്കിൽ മാരകമായേക്കാം. ഇത്തരം സാഹചര്യങ്ങളിൽ ജോലി ചെയ്യേണ്ടിവരുമ്പോൾ ആ സ്ഥലത്ത് എലിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ തൊഴിലാളികൾക്ക് ആരോഗ്യവകുപ്പ് പ്രതിരോധ മരുന്ന് വിതരണം ചെയ്യാറുണ്ട്. അത് ഉപയോഗപ്പെടുത്തുക. മലിനജലം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുകയാണ് പ്രധാനം.
വയറിളക്ക രോഗങ്ങൾ നിർജ്ജലീകരണത്തിനും അതുവഴി ലവണ നഷ്ടം ഉണ്ടാക്കാനും ഇടയാക്കുന്നു. തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കുകയും ഭക്ഷണ സാധനങ്ങൾ നന്നായി പാകം ചെയ്ത് അടച്ചുസൂക്ഷിക്കുകയും ചെയ്യുക, വ്യക്തിശുചിത്വം പാലിക്കുക എന്നിവയിലൂടെ ഇത്തരം രോഗങ്ങളെ അകറ്റി നിറുത്താം. വയറിളക്കമുണ്ടായാൽ ധാരാളം ജലാംശം നഷ്ടപ്പെടാതെ സൂക്ഷിക്കുകയും ഉടൻ ഡോക്ടറുടെ സേവനം പ്രയോജനപ്പെടുത്തുകയും വേണം.
ഡോ. ഹേമലത
കൺസൾട്ടന്റ് ജനറൽ മെഡിസിൻ,
എസ്.യു.ടി ഹോസ്പിറ്റൽ,
പട്ടം, തിരുവനന്തപുരം.
ഫോൺ: 0471 407 7777