lekha
ലേഖാ മീരയും മകൾ ഹൃദ്യയും

നാലര വയസുകാരി ഹൃദ്യ വരയ്ക്കുന്ന കുഞ്ഞു ചിത്രങ്ങളാണ് അമ്മ ലേഖ മീരയുടെ വസ്ത്ര ഡിസൈനുകളുടെ അഴക് കൂട്ടുന്നത്. കുഞ്ഞുങ്ങളുടെ ലോകത്തിരുന്ന് അവൾ സൃഷ്ടിക്കുന്ന കഥാപാത്രങ്ങൾ ലേഖ അതേപടി വസ്ത്രങ്ങളിൽ ആവർത്തിക്കും. ഈ അമ്മ മകൾ കോമ്പിനേഷന് ആരാധകരെ സൃഷ്ടിക്കാനും ഏറെ സമയം വേണ്ടിവന്നില്ല. ചിത്രാലി ബുട്ടീക്കിനും ഹൃദീസ് ഡൂഡിൽസ് എന്ന സംരഭത്തിനും പിന്നിൽ ഈ അമ്മ മകൾ കൂട്ടുകെട്ടൊണ്. ആ കഥയിലേക്ക്...

തുടക്കം

കായംകുളം സ്വദേശിനിയായ ലേഖ മീര ചെറുപ്പം മുതൽ തന്നെ ഫാഷൻ ഡിസൈനിംഗ് ലോകവുമായി പ്രണയത്തിലായിരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഫാഷൻ ഡിസൈനിംഗിൽ ബിരുദം നേടി പ്രമുഖ വസ്ത്രബ്രാൻഡായ വി സ്റ്റാറിൽ സീനിയർ ഡിസൈനറായി ജോലി നോക്കുമ്പോഴായിരുന്നു തിരുവനന്തപുരം സ്വദേശി ശ്രീകുമാർ ജീവിതക്കൂട്ടിനെത്തിയത്. വിവാഹശേഷം ജോലിയോട് ഗുഡ്ബൈ പറഞ്ഞെങ്കിലും വസ്ത്രങ്ങളോടും നിറങ്ങളോടുമുള്ള ഇഷ്ടം മനസിൽ കിടന്നു. നീണ്ട എട്ട് വർഷങ്ങൾക്ക് ശേഷം കുഞ്ഞു ഹൃദ്യ കൂടി

ജീവിതത്തിലേക്ക് വിരുന്നെത്തി. അവൾക്ക് ഒരു വയസായപ്പോഴാണ് വീണ്ടും ഡിസൈനിംഗിലും വസ്ത്ര നിർമാണത്തിലും ശ്രദ്ധിച്ചുതുടങ്ങിയത്. മകൾക്കു വേണ്ടിയായിരുന്നു ആദ്യത്തെ ഡിസൈനിംഗുകളെല്ലാം. അതുകണ്ട് ബന്ധുക്കളും സുഹൃത്തുക്കളും അതുപോലുള്ള വസ്ത്രങ്ങൾ ആവശ്യപ്പെട്ടപ്പോഴാണ് ചിത്രാലി ബുട്ടീക്കിനെപ്പറ്റി ലേഖ ചിന്തിച്ചത്. ചെന്നൈയിൽ എൻജിനീയറായ ഭർത്താവ് ശ്രീകുമാർ ഹരിദാസ് പിന്തുണയുമായെത്തി. 2015ൽ തുടങ്ങിയ ബുട്ടീക്കിൽ കുട്ടികൾക്കുള്ള വസ്ത്രങ്ങൾക്ക് പുറമേ കുർത്തികൾ,​ സൽവാർ മെറ്റീരിയലുകൾ,​ സാരി,​ പാർട്ടി വെയർ,​ വിവാഹ വസ്ത്രങ്ങൾ തുടങ്ങിയവയും വിൽപനയ്ക്കുണ്ട്. ഓൺലൈനായാണ് കൂടുതൽ ആവശ്യക്കാരെത്തുന്നതെന്ന് ലേഖ പറയുന്നു. സുഹൃത്തുക്കളും ബന്ധുക്കളുമാണ് മറ്റ് ആവശ്യക്കാർ. എല്ലാ മെറ്റീരിയലിലുമുള്ള വസ്ത്രങ്ങൾക്ക് 650 രൂപ മുതലാണ് വിലയാരംഭിക്കുന്നത്.

ഹൃദീസ് ഡൂഡിൽസിന്റെ പിറവിശ്രീകാര്യത്തെ വീടിന്റെ മുകൾനിലയിലാണ് ലേഖയുടെ വസ്ത്രനിർമാണം. ജോലിക്കിടെ മോൾ ശല്യപ്പെടുത്തുമ്പോൾ അവളെ അടക്കിയിരുത്താനായി കളർ പെൻസിലും പേപ്പറും നൽകി . അതിൽ അവൾ ചിത്രങ്ങൾ വരച്ചു. അവളുടെ ലോകത്ത് നിന്ന് ആ ചിത്രങ്ങളിൽ നിന്ന് കഥകൾ പറഞ്ഞു. ഹൃദ്യയെ സന്തോഷിപ്പിക്കാനായി ലേഖ അവൾ വരച്ച ഒരു ചിത്രം അടിസ്ഥാനമാക്കി ഫ്രോക്ക് നിർമിച്ച് നൽകി. കുഞ്ഞു ഹൃദ്യ അതുകണ്ട് തുള്ളിച്ചാടി. കുട്ടികളെ ആനന്ദിപ്പിക്കാൻ ഇത്തരം ചിത്രങ്ങൾക്ക് സാധിക്കുമെന്ന് മനസിലാക്കിയാണ് മകളുടെ ചിത്രങ്ങൾ വസ്ത്രങ്ങളിൽ പരീക്ഷിക്കാൻ ഈ അമ്മ തയാറായത്. വസ്ത്രങ്ങൾക്ക് പേരിടുന്നതും ഹൃദ്യ തന്നെയാണ്. ചിരിച്ചു നിൽക്കുന്ന കുട്ടിയുടെ ചിത്രമുള്ള സന്തോഷപൂമരം,​ പൂക്കളുടെ നടുവിൽ നിൽക്കുന്ന കുട്ടിയുടെ ചിത്രമുള്ള പൂക്കാരി റോസി,​ തന്റെ വീടിനെ അടിസ്ഥാനമാക്കി വരച്ച എന്റെ വീട്,​ മാല പൂവ് തുടങ്ങിയ എല്ലാ വസ്ത്രങ്ങളും കേട്ട കഥകളുടെയും സ്വന്തം ഭാവനയുടെയും അടിസ്ഥാനത്തിലാണ് ഹൃദ്യ വരച്ചിരിക്കുന്നത്. തന്റെ ചിത്രം അമ്മ ഡിസൈൻ ചെയ്യുമ്പോഴും നിർദേശങ്ങളുമായി ഹൃദ്യയും ഒപ്പമുണ്ടാകും. വസ്ത്രങ്ങളുടെ മോഡലും ഹൃദ്യ തന്നെയാണ്. പ്രകൃതിയെ അടിസ്ഥാനമാക്കിയാണ് ഇവരുടെ ഡിസൈനിംഗ് ഏറെയും. കാക്കപ്പൂവ് എന്ന പേരിൽ പുതിയ കളക്ഷനും തയാറാക്കിയിട്ടുണ്ട് ലേഖ ഇപ്പോൾ. കഴക്കൂട്ടം സെന്റ്.തോമസ് സ്കൂളിൽ യു.കെ.ജി വിദ്യാർത്ഥിനിയാണ് ഹൃദ്യ.

1തന്റെ സ്വന്തം ഡിസൈനിംഗുള്ള വസ്ത്രവുമായി കുഞ്ഞു ഹൃദ്യ