joy

മുടപുരം: നാടിന് അഭിമാനമായി നീറ്റ് പരീക്ഷയിൽ കേരളത്തിൽ നിന്ന് ഏഴാം റാങ്കും അഖിലേന്ത്യ തലത്തിൽ 144ാം റാങ്കും കരസ്ഥമാക്കി മുടപുരം ചുമടുതാങ്ങി സത്യഭാമാലയത്തിൽ അഖിൽ അശോകൻ എ.എസ് . ഓട്ടോറിക്ഷ ഡ്രൈവറായ അശോകന്റെയും വീട്ടമ്മയായ സിന്ധുവിന്റെയും മൂത്തമകനാണ് അഖിൽ. മുടപുരം എസ്.എസ്.എം ഹൈസ്കൂളിൽ നിന്ന് പത്താം ക്ലാസ് പാസായ അഖിൽ തുടർന്ന് കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്.ടുവിന് എല്ലാ വിഷയത്തിലും എ പ്ലസ് നേടി.

കഴിഞ്ഞ വർഷം എൻട്രൻസ് എഴുതിയിരുന്നുവെങ്കിലും ഇരുപത്തിനായിരത്തിന് മുകളിലായിരുന്നു റാങ്ക്. ഇക്കുറി പാലായിലെ ബ്രില്യന്റ് സ്റ്റഡി സെന്ററിൽ പരിശീലനം നേടിയിരുന്നു .
ഹൈസ്കൂൾ മുതലേ മെഡിസിന് ചേരണമെന്ന ആഗ്രഹം അഖിലിന് ഉണ്ടായിരുന്നു. ഉയർന്ന റാങ്ക് നേടാനായതിൽ വീട്ടുകാരും നാട്ടുകാരും സന്തോഷത്തിലാണ്. അഖിലിന്റെ അനിയൻ നിഖിൽ അശോകൻ ഇപ്പോൾ കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയാണ്. നിഖിലിനും എം.ബി.ബി.എസിന് ചേരാൻ ആഗ്രഹമുണ്ട്.
ചിറയിൻകീഴ് പുളിമൂട് ജംഗ്ഷനിൽ ചുമട്ട് തൊഴിലാളിയായിരുന്ന അഖിലിന്റെ അച്ഛൻ അശോകൻ, നാല് വർഷങ്ങൾക്ക് മുൻപ് ആൻജിയോപ്ലാസ്റ്റി ചെയ്തതിനെ തുടർന്ന് ഓട്ടോറിക്ഷ ഡ്രൈവറായി ജോലി ചെയ്യുകയാണ്. എസ്.എൻ ഡി.പി യോഗം ശിവകൃഷ്ണപുരം ശാഖ എക്സിക്യൂട്ടീവ് അംഗവുമാണ്. അമ്മ സിന്ധു മൈക്രോ ഫിനാൻസ് ജോയിന്റ് കൺവീനറാണ് .

അഡ്വ. വി. ജോയി എം.എൽ.എ അഖിലിന്റെ വീട്ടിലെത്തി ഉപഹാരം നൽകി അനുമോദിച്ചു. സ്ഥലം എം.എൽ.എയും ഡെപ്യൂട്ടി സ്പീക്കറുമായ വി. ശശി, സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ എം.എൽ.എയുമായ ആനത്തലവട്ടം ആനന്ദൻ , ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ്, കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. അൻസാർ, കിഴുവിലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ. വിശ്വനാഥൻ നായർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എസ്. ചന്ദ്രൻ, കിഴുവിലം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഗോപൻ വലിയേല തുടങ്ങിയവരും അഖിലിനെ വീട്ടിലെത്തി അഭിനന്ദിച്ചു.