പത്താം വയസിൽ ബാലനടിയായി തുടക്കം , സ്‌കൂൾ - സർവകലാശാല കലോത്സവങ്ങളിൽ മിന്നുന്ന വിജയം, അതിഭാവുകത്വമില്ലാത്ത ശബ്‌ദാഭിനയത്തിലൂടെ രണ്ടു തവണ സംസ്ഥാന ടെലിവിഷൻ അവാർഡ് നേട്ടം . ബി.ടെക് ബിരുദധാരിയായ പാർവതി എസ് . പ്രകാശ് ഇരുപതിലധികം സീരിയകളിൽ ശബ്ദം നൽകി മുൻനിര ഡബ്ബിംഗ് ആർട്ടിസ്റ്റുകളുടെ പട്ടികയിൽ ഇടം പിടിച്ചു
വേളാങ്കണ്ണി മാതാവ്, അമ്മേ ദേവി തുടങ്ങിയ ഭക്തി സീരിയലുകളിൽ അഭിനേതാവായാണ് പാർവതി കലാരംഗത്തെത്തിയത്. കലയിലുള്ള താത്പര്യം തിരിച്ചറിഞ്ഞത് ടെക്നിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റിലെ ജീവനക്കാരനായ അച്ഛൻ പ്രകാശനും അമ്മ സന്ധ്യയും. നൃത്ത നൃത്തേതര ഇനങ്ങളിൽ പ്രഗത്‌ഭരുടെ ശിക്ഷണമാണ് ഇവർ ഏക മകൾക്ക് നൽകിയത്.
സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ നിരവധി സമ്മാനങ്ങൾ പാർവതി നേടി . മാർ ബസേലിയസ് കോളേജിൽ കമ്പ്യൂട്ടർ എൻജിനീയറിംഗ് വിദ്യാർത്ഥിയായിരിക്കെ കേരള സർവകലാശാല കലോത്സത്തിൽ ഓട്ടൻതുള്ളൽ, മോഹിനിയാട്ടം, കേരളനടനം, മോണോ ആക്ട് എന്നിവയിൽ ഒന്നാം സമ്മാനം ലഭിച്ചെങ്കിലും രണ്ടു പോയിന്റ് വ്യത്യാസത്തിൽ കലാതിലകപ്പട്ടം നഷ്ടമായി .
മത്സരങ്ങൾക്കപ്പുറം കലാരംഗത്ത് നിരവധി സാധ്യതകളുണ്ടെന്ന തിരിച്ചറിവിലാണ് ടെലിവിഷൻ രംഗത്തേക്ക് കടന്നത്. ആദ്യമൊക്കെ ചെറിയ വേഷങ്ങൾക്ക് വേണ്ടിയായിരുന്നു ശബ്ദം നൽകിയത്. എന്നാൽ ഡയലോഗ് പ്രസന്റേഷനിലെ കൃത്രിമത്വമില്ലായ്മ തിരിച്ചറിഞ്ഞ സംവിധായകർ നായികാ കഥാപാത്രങ്ങളടക്കമുള്ള മുഴുനീള വേഷങ്ങൾക്ക് ശബ്ദം നൽകാൻ അവസരം നൽകി. മോണോആക്ടിൽ കലാഭവൻ നൗഷാദ് പകർന്നു നൽകിയ അറിവുകളും മുൻനിര ഡബ്ബിംഗ് ആർട്ടിസ്റ്റുകൾ പുലർത്തുന്ന ശബ്ദവിന്യാസം സൂക്ഷമായി മനസിലാക്കിയതും തെറ്റില്ലാതെ ഡബ്ബ് ചെയ്യാൻ സഹായകമായെന്ന് പാർവതി പറയുന്നു.
2017 ൽ അമൃത ടി.വിയിൽ സംപ്രക്ഷേണം ചെയ്ത 'നിലാവും നക്ഷത്രങ്ങളും " എന്ന സീരിയലിൽ ശബ്ദം നൽകിയതിന് ആദ്യമായി മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള അവാർഡ് ലഭിച്ചു. ഇക്കുറി 'ക്ഷണപ്രഭാചഞ്ചലം" എന്ന അമൃത ടി.വി യിലെ സീരിയലിനാണ് അവാർഡ് കിട്ടിയത്. ചന്ദനമഴയിലെ അമൃതയും , ഭ്രമണത്തിലെ ഗായത്രിയുമടക്കം ഏഷ്യാനെറ്റ് , സൂര്യ, അമൃത, മഴവിൽ മനോരമ ,സീ മലയാളം എന്നീ ചാനലുകൾ സംപ്രേക്ഷണം ചെയ്യുന്ന ഒട്ടുമിക്ക സീരിയലുകളിലെയും നായികമാർ സംസാരിക്കുന്നത് പാർവതിയുടെ ശബ്ദത്തിലൂടെയാണ്.
12 നാണ് പാർവതിയുടെ വിവാഹം . ടെക്‌നോപാർക്കിൽ കമ്പ്യൂട്ടർ എൻജിനീയർ ആയ അഖിൽ കുമാറാണ് വരൻ. ഇരുവരും ചേർന്നുള്ള 'ചിന്ന മച്ചാൻ -save the date song ' യുടൂബിൽ നിരവധി പേരാണ് ഇതിനകം കണ്ടത്. പാർവതിയുടെ സിനിമാറ്റിക് ഡാൻസ് പെർഫോമൻസ് ഉൾക്കൊള്ളുന്നതാണ് പാട്ട്.