ഉന്നത സിവിൽ സർവീസിലെ പരമ്പരാഗതമായ മൂപ്പിളമ തർക്കം തിരുവനന്തപുരത്തും കൊച്ചിയിലും പൊലീസ് കമ്മിഷണറേറ്റുകൾ സ്ഥാപിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ താത്കാലികമായെങ്കിലും തകിടം മറിച്ചിരിക്കുകയാണ്. എക്കാലത്തെയുമെന്നപോലെ അധികാരത്തെച്ചൊല്ലിയുള്ള സ്വാർത്ഥത തന്നെയാണ് ഇവിടെയും മുഖ്യപ്രശ്നം. ജില്ലാഭരണാധികാരിയെന്ന നിലയിൽ കളക്ടറിൽ നിക്ഷിപ്തമായ അധികാരങ്ങളിൽ ചിലത് പൊലീസ് കമ്മിഷണർക്ക് കൈമാറുന്നതിനെച്ചൊല്ലിയാണ് ഐ.എ.എസുകാർക്കിടയിൽ കലഹമുണ്ടായിരിക്കുന്നത്. ഭരണ നിർവഹണാധികാരം കൈയാളുന്ന ഇവർ ഇടഞ്ഞതോടെ മെട്രോപ്പൊളിറ്റൻ പൊലീസ് കമ്മിഷണറേറ്റ് രൂപീകരിക്കുന്നത് സംബന്ധിച്ച മന്ത്രിസഭാ തീരുമാനം ഉത്തരവായി ഇറക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. വിജ്ഞാപനം എപ്പോൾ ഇറങ്ങുമെന്ന് പറയാൻ സർക്കാരിനും കഴിയുന്നില്ല. മന്ത്രിസഭയെയും സമസ്ത മന്ത്രിമാരെയും ഇളിഭ്യരാക്കി ഒരിക്കൽ കൂടി ഐ.എ.എസ് ലോബി തങ്ങളുടെ കരുത്തുകാട്ടിയിരിക്കുകയാണ്. ഇവരുടെ ധാർഷ്ട്യം നിറഞ്ഞ സമീപനത്തിനെതിരെ സർക്കാർ നിസ്സഹായതയോടെ നിൽക്കുമ്പോൾ പൊതുസമൂഹത്തിന് ലഭിക്കുന്ന സന്ദേശം ഒട്ടും അഭിമാനത്തിന് ചേർന്നതല്ല.
ഇപ്പോൾ കളക്ടർമാരിൽ നിക്ഷിപ്തമായ മജിസ്റ്റീരിയൽ അധികാരങ്ങൾ പൊലീസ് കമ്മിഷണറേറ്റുകൾക്ക് കൈമാറുന്നതിലാണ് ഐ.എ.എസുകാരുടെ പ്രധാന എതിർപ്പ്. ഇപ്പോൾ ക്രമസമാധാനപാലനത്തിന്റെ അധിപന്മാരായി കളക്ടർമാരാണ് വാഴുന്നത്. ക്രമസമാധാന നിർവഹണാധികാരമാണ് പൊലീസിനുള്ളത്. ഗുണ്ടാനിയമപ്രകാരം ഒരാളെ അറസ്റ്റ് ചെയ്യാനോ സംഘർഷം അവസാനിപ്പിക്കാൻ വെടിവയ്പു പോലുള്ള കടുത്ത നടപടി വേണ്ടിവരുമ്പോഴോ ജില്ലാഭരണാധികാരിയായ കളക്ടർമാർ വേണം അതിനാവശ്യമായ ഉത്തരവ് പുറപ്പെടുവിക്കേണ്ടത്. പൊലീസ് കമ്മിഷണറേറ്റ് നിലവിൽ വരുന്നതോടെ ഇത്തരം ചുമതലകളും പൊലീസ് കമ്മിഷണറിൽ നിക്ഷിപ്തമാകും. ഇത് പൊലീസ് രാജിന് വഴിവയ്ക്കുമെന്നാണ് ഐ.എ.എസുകാരുടെ പ്രധാന ആരോപണം. എന്നാൽ രാജ്യത്ത് ഇതിനകം 47 നഗരങ്ങളിൽ പൊലീസ് കമ്മിഷണറേറ്റുകൾ നല്ലനിലയിൽ പ്രവർത്തിച്ചുവരുന്ന സാഹചര്യം വിലയിരുത്തുമ്പോൾ ഇത്തരം ആരോപണത്തിനും ആശങ്കയ്ക്കും വലിയ അടിസ്ഥാനമില്ലെന്ന് ബോദ്ധ്യമാകും. ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥനാകുമല്ലോ പൊലീസ് കമ്മിഷണർമാരായി എത്തുന്നത്. നിരവധി വർഷത്തെ സേവനപരിചയവും കാര്യങ്ങൾ ശരിയായി വിലയിരുത്തി തീരുമാനമെടുക്കാനുള്ള പ്രാപ്തിയും സർവോപരി ആർജ്ജവവുമുള്ള ഒരു പൊലീസ് ഒാഫീസർ തന്നിഷ്ടമനുസരിച്ച് നിയമമാർഗം വിട്ടു ചലിക്കുമെന്ന് സാധാരണഗതിയിൽ സംശയിക്കേണ്ട കാര്യമില്ല. മാത്രമല്ല, കളക്ടർ പദവിയിലിരിക്കുന്ന വ്യക്തിയോളം ഉത്തരവാദിത്വമുള്ളയാൾ തന്നെയാണ് ഐ.ജി പദവി വഹിക്കുന്ന ഉദ്യോഗസ്ഥനും. കൂടുതൽ അധികാരം ലഭിച്ചാൽ പൊലീസ് കയറുപൊട്ടിച്ച് പായുമെന്നും ഭീകരാന്തരീക്ഷമുണ്ടാകുമെന്നും മറ്റുമുള്ള സന്ദേഹങ്ങൾക്ക് അടിസ്ഥാനമുണ്ടെന്നു തോന്നുന്നില്ല. കമ്മിഷണർമാർ അഥവാ വഴിവിട്ട് അധികാര പ്രമത്തത കാട്ടാനൊരുങ്ങിയാൽ നിയന്ത്രിക്കാൻ സംവിധാനമുണ്ടല്ലോ. ഐ.ജിക്ക് മുകളിലും പലതട്ടിൽ മേധാവികളുമുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ഇടപെടാൻ സർക്കാർതന്നെ ഉള്ളപ്പോൾ ഐ.എ.എസുകാരുടെ ആശങ്കകൾ അസ്ഥാനത്താണ്. സ്ഫോടനാത്മക സാഹചര്യങ്ങളിൽ വെടിവയ്ക്കാനുള്ള ഉത്തരവിടാൻ കമ്മിഷണർമാർക്ക് അധികാരം നൽകുന്നതിനോടും കടുത്ത എതിർപ്പ് ഉയർന്നിട്ടുണ്ട്. അധികാരമുണ്ടെന്നുവച്ച് കളക്ടറായാലും പൊലീസ് കമ്മിഷണറായാലും സംഘർഷം കണ്ടാലുടൻ വെടിവയ്ക്കാനൊരുങ്ങുമെന്നു കരുതുന്നത് മൗഢ്യമാണ്. അത്യസാധാരണമായ സ്ഥിതിഗതികൾ നേരിടുന്ന ഘട്ടത്തിലാണ് കലാപത്തിലും മറ്റും ഏർപ്പെടുന്നവരെ പിരിച്ചുവിടാൻ വെടിവയ്പ് എന്ന അറ്റകൈക്കു മുതിരാറുള്ളൂ. വെടിവയ്പിന് മുന്നേ അവശ്യം പാലിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് പൊലീസ് കമ്മിഷണറെ പ്രത്യേകം പഠിപ്പിക്കേണ്ട കാര്യവുമില്ല. കളക്ടർമാരുടെ അഭാവത്തിൽ അദ്ദേഹത്തിന് താഴെയുള്ളവരും ഇപ്പോൾ , ഇതിനുള്ള ഉത്തരവ് ആവശ്യമായ സന്ദർഭങ്ങളിൽ പുറപ്പെടുവിക്കാറുണ്ട്. വലിയ നഗരങ്ങളിൽ പൊലീസ് കമ്മിഷണറേറ്റ് വേണമെന്ന ആവശ്യത്തിന് പിന്നിൽ പ്രധാനമായും ഉദ്ദേശിക്കുന്നത് നഗരത്തിൽ മെച്ചപ്പെട്ട ക്രമസമാധാനപാലനം തന്നെയാണ്. കൂടുതൽ അധികാരം ലഭിച്ചാൽ പൊലീസ് അത് ദുർവിനിയോഗം ചെയ്യുമെന്ന് ഭയപ്പെടുന്നവർ ഏതുതരത്തിലും ഏത് തലത്തിലുമുള്ള അധികാര വികേന്ദ്രീകരണത്തെ എതിർക്കുന്നവരാണ്. നിസാരമാണെങ്കിൽ പോലും കൈവശമിരിക്കുന്ന അധികാരങ്ങളിലൊന്നുപോലും വിട്ടുകൊടുക്കാൻ എല്ലാവിഭാഗം ഉദ്യോഗസ്ഥർക്കും മടിയാണ്. നഗരങ്ങളിൽ പൊലീസ് സംവിധാനം കൂടുതൽ ഫലപ്രദമായി പ്രവർത്തിക്കാനുദ്ദേശിച്ചാണ് കമ്മിഷണറേറ്റുകൾ നിലവിൽ വന്നത്. കേരളത്തിൽ 2013 മുതൽ ഇതിനായി നടപടി തുടങ്ങിയതാണ്. രണ്ടുവട്ടം നടപടിയെടുത്തെങ്കിലും ഐ.എ.എസുകാരുടെ എതിർപ്പുകാരണം ഉപേക്ഷിക്കേണ്ടിവന്നു. ഇത്തവണ ഇതുമായി ബന്ധപ്പെട്ട ഉത്തരവ് വ്യാഴാഴ്ച അർദ്ധരാത്രിയാണ് ഇറങ്ങിയത്. ഉടനടി തിരുവനന്തപുരത്ത് ദിനേന്ദ്ര കശ്യപ് കമ്മിഷണറായി ചാർജെടുക്കുകയും ചെയ്തു. എന്നാൽ കമ്മിഷണറേറ്റ് രൂപീകരണം സംബന്ധിച്ച വിജ്ഞാപനം ഇറക്കാൻ കഴിയാത്തതിനാൽ കൊച്ചിയിൽ വിജയ് സാക്കറെയ്ക്ക് കമ്മിഷണറായി ചുമതലയേൽക്കാൻ കഴിഞ്ഞിട്ടില്ല.
അധികാരതർക്കം ഇത്തരത്തിൽ സർക്കാരിനെ നാണംകെടുത്തുന്ന തലത്തിൽ വളരാൻ അനുവദിക്കരുതായിരുന്നു. കമ്മിഷണറേറ്റുകൾ രൂപീകരിക്കണമെന്നത് സർക്കാരിന്റെ അധികാര പരിധിയിൽപെട്ട നയപരമായ തീരുമാനമാണ്. ആ നിലയ്ക്ക് അത് നടപ്പാവുകതന്നെ വേണം. അതിന് ഇടങ്കോലിടാൻ ശ്രമിക്കുന്നവർ ആരായാലും നിലയ്ക്കുനിറുത്തേണ്ടത് സർക്കാരിന്റെ കടമയാണ്. തങ്ങളുടെ അധികാരം പൊയ്പ്പോകുമെന്നു ഭയപ്പെടുന്ന ഐ.എ.എസുകാരുടെ തീരുമാനമല്ല, സർക്കാരിന്റെ ഇച്ഛതന്നെയാണ് നടപ്പാകേണ്ടത്. ഇവിടെ ഇൗ പ്രശ്നത്തിൽ സർക്കാരിന്റെ അധികാരംതന്നെയാണ് ഏറ്റവും മുകളിൽ നിൽക്കേണ്ടത്.