kerala

തിരുവനന്തപുരം: റെക്കാഡ് സമയം കൊണ്ട് ബിരുദ ഫലം പ്രഖ്യാപിച്ചെന്ന് മേനി പറയാൻ എല്ലാ സ്ട്രീമുകളിലെയും 20 ശതമാനത്തോളം കുട്ടികളുടെ ഫലം കേരളസർവകലാശാല തടഞ്ഞുവച്ചതായി പരാതി. എല്ലാ കുട്ടികളുടെയും മൂല്യനിർണയം പൂർത്തിയാക്കും മുൻപ് സർക്കാർ സമ്മർദ്ദം കാരണം ഫലം പ്രഖ്യാപിച്ചെണ് വിവരം.

ഫലം അറിയാത്ത നൂറുകണക്കിന് കുട്ടികൾ പരാതിയുമായി സർവകലാശാലയിൽ കയറിയിറങ്ങുകയാണ്. പ്രൈവറ്റ് സ്റ്റഡി, വിദൂരവിദ്യാഭ്യാസം എന്നിവയുടെ ഫലം പ്രഖ്യാപിച്ചിട്ടുമില്ല.

ബിരുദഫലം പൂർണമായി പ്രഖ്യാപിക്കും മുൻപ് ബുധനാഴ്ച പി.ജിയുടെ ആദ്യ അലോട്ട്മെന്റും വെള്ളിയാഴ്ച രണ്ടാം അലോട്ട്മെന്റും നടത്തും. തിങ്കളാഴ്ച വരെയേ പി.ജിയുടെ ആദ്യ അലോട്ട്മെന്റിന് അപേക്ഷിക്കാനാവൂ.17ന് പി.ജി ക്ലാസുകൾ തുടങ്ങും.

തമിഴ്നാട്ടിലെ മനോന്മണീയം, മധുര കാമരാജ്, അണ്ണാമലൈ സർവകലാശാലകളിലൊന്നും ബിരുദഫലം പ്രഖ്യാപിച്ചിട്ടില്ല. തെക്കൻ ജില്ലകളിലെ ആയിരക്കണക്കിന് കുട്ടികൾ പഠിക്കുന്ന ഇവിടങ്ങളിൽ ബിരുദ ഫലം വരുമ്പോഴേക്കും കേരളയിൽ പി.ജി പ്രവേശനം പൂർത്തിയായിരിക്കും. എല്ലാ സർവകലാശാലകളിലും ഏകീകൃത അക്കാഡമിക് കലണ്ടർ നടപ്പാക്കിയെന്നും പരീക്ഷ കഴിഞ്ഞ് രണ്ടാഴ്ച കൊണ്ട് ഫലപ്രഖ്യാപനം നടത്തിയെന്നും മേനി പറയാമെങ്കിലും ആയിരക്കണക്കിന് കുട്ടികളുടെ ഉപരിപഠനം പ്രതിസന്ധിയിലായിരിക്കുകയാണ്.

സമാനമായ സ്ഥിതിയാണ് ബിരുദകോഴ്സുകളിലും. നാഷണൽ ഓപ്പൺ സ്കൂൾ പ്ലസ്ടു ഫലം ജൂൺ അഞ്ചിനാണ് പ്രസിദ്ധീകരിച്ചത്. ഇതിന് രണ്ടുദിവസം മുൻപ് ബിരുദ കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷൻ അവസാനിച്ചിരുന്നു. ഫലം വന്നതിന്റെ തലേന്ന് ആദ്യ അലോട്ട്മെന്റും പ്രസിദ്ധീകരിച്ചു. തിങ്കളാഴ്ചയാണ് രണ്ടാം അലോട്ട്മെന്റ്. ഒഴിവുവരുന്ന സീറ്റുകളിലേക്ക് 14ന് മൂന്നാം അലോട്ട്മെന്റ്. 24ന് ക്ലാസ് തുടങ്ങും. ഫലത്തിൽ നാഷണൽ ഓപ്പൺ സ്കൂളുകാർക്ക് കേരളയിൽ ബിരുദപ്രവേശനം അസാദ്ധ്യമായി.

അതേസമയം, ഗ്രേസ് മാർക്ക് രേഖപ്പെടുത്താനുള്ള കുട്ടികളുടെ ഫലമാണ് പ്രസിദ്ധീകരിക്കാത്തതെന്നാണ് കേരളയുടെ വിശദീകരണം. എല്ലാ ഫലവും കൃത്യമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുട്ടികളുടെ പരാതിയുണ്ടായപ്പോൾ കമ്പ്യൂട്ടർ സെന്ററിലെ സെർവറിൽ പരിശോധിച്ചു. വിശദമായ പരിശോധനയില്ലാതെ ഗ്രേസ് മാർക്ക് കൂട്ടിച്ചേർക്കാനാവില്ലെന്നും സർവകലാശാല വിശദീകരിച്ചു.

പ്രൈവറ്റ്, വിദൂര ഫലം ഈയാഴ്‌ച

വിദൂരപഠനം, പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം വ്യാഴാഴ്ച പ്രഖ്യാപിക്കാൻ ശ്രമിക്കുന്നതായി സർവകലാശാല അറിയിച്ചു. ഏറ്റവുമധികം വിദ്യാർത്ഥികളുള്ള ഇംഗ്ലീഷ്, ഇക്കണോമിക്സ് പരീക്ഷകളുടെ മൂല്യനിർണയം പൂർത്തിയായിട്ടില്ല. ബിരുദാനന്തര ബിരുദം ഒന്ന്, ആറ് സെമസ്റ്റർ മൂല്യനിർണയം തിങ്കളാഴ്ച തുടങ്ങുകയാണ്. ഈ അദ്ധ്യാപകരാണ് വിദൂര, പ്രൈവറ്റ് കുട്ടികളുടെ മൂല്യനിർണയം നടത്തേണ്ടത്. പരീക്ഷാ കൺട്രോളറുടെ നേതൃത്വത്തിൽ അതിവേഗം മൂല്യനിർണയം പൂർത്തിയാക്കും.