തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിച്ച് തകർക്കുകയാണ് പിണറായി സർക്കാരെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് എം.എം. ഹസൻ പറഞ്ഞു. കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്റെ 17-ാം സംസ്ഥാന സമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാം തകർത്ത പാരമ്പര്യമാണ് സി.പി.എമ്മിനുള്ളത്. രാജ്യത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ രൂപം കൊണ്ട മതേതര ജനാധിപത്യസഖ്യത്തിന് തുരങ്കം വച്ചവരാണവർ. പരാജയങ്ങൾ ഉണ്ടായാലും ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രസക്തി നഷ്ടപ്പെടാത്ത പ്രസ്ഥാനമാണ് കോൺഗ്രസ്. സഖ്യത്തിനായി കോൺഗ്രസ് തയ്യാറായിട്ടും ചിലരുടെ സങ്കുചിത താല്പര്യങ്ങളാണ് മതേതര ജനാധിപത്യചേരിക്ക് വിള്ളലുണ്ടാക്കിയതെന്നും എം.എം.ഹസൻ പറഞ്ഞു.
അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ തമ്പാനൂർ രവി അദ്ധ്യക്ഷത വഹിച്ചു.
ഡി.സി.സി. പ്രസിഡന്റുമാരായ ജോഷി ഫിലിപ്പ്, നെയ്യാറ്റിൻകര സനൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പാമ്പാടി, വി.അബ്ദുൾ ബഷീർ, കെ.ഉണ്ണികൃഷ്ണൻ, കെ.ആർ.കുറുപ്പ്, വി.പി.മോഹനൻ, കെ.കെ.സാബു, ബിജു കരുണാകരൻ, കെ.അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.