തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അർദ്ധരാത്രി മുതൽ ട്രോളിംഗ് നിരോധനം നിലവിൽ വരും. ജൂലായ് 31വരെ നീണ്ടു നിൽക്കുന്ന 52 ദിവസത്തെ ട്രോളിംഗ് നിരോധനമാണ് ഇത്തവണയും നടപ്പാക്കുന്നത്.
യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകളും എൻജിൻ ഘടിപ്പിച്ച യാനങ്ങളുമടക്കം 4200ഓളം ബോട്ടുകൾക്കാണ് നിരോധനം ബാധകമാകുന്നത്. പരമ്പരാഗത വള്ളങ്ങൾക്ക് ബാധകമല്ല. നിരോധനത്തെ തുടർന്ന് തൊഴിൽ നഷ്ടമാകുന്ന മത്സ്യത്തൊഴിലാളികൾക്ക് സർക്കാർ സൗജന്യ റേഷൻ നൽകും. 3 മാസം 4500 രൂപ വീതം നൽകുന്ന ധനസഹായ പദ്ധതിയും ആരംഭിച്ചതായി ഫിഷറീസ് വകുപ്പ് അധികൃതർ അറിയിച്ചു.
എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. നിരോധന കാലയളവിൽ പരിശീലനം പൂർത്തിയാക്കിയ 80 മത്സ്യത്തൊഴിലാളി യുവാക്കൾ കടൽ സുരക്ഷാ സേനാംഗങ്ങളായി പ്രവർത്തിക്കും. കടൽ സുരക്ഷയുടെയും തീരസുരക്ഷയുടെയും ഭാഗമായി എല്ലാ മത്സ്യത്തൊഴിലാളികളും ബയോമെട്രിക് ഐ.ഡി കാർഡ് കൈയിൽ കരുതേണ്ടതാണ്.