ksrtc

മലയിൻകീഴ്: മാറനല്ലൂർ ചീനിവിള ഭാഗത്തേക്കുള്ള കെ.എസ്.ആർ.ടി.സി.സർവീസ് മുടങ്ങുന്നതായി പരാതി. കാട്ടാക്കട ഡിപ്പോയിൽ നിന്ന് ഉച്ചയ്ക്ക് 1.10നുള്ള ബസും തിരുവനന്തപുരത്ത് നിന്ന് മലയിൻകീഴ്, ചീനിവിള വഴി കാട്ടാക്കട വരെയുള്ള ബസാണ് മുടങ്ങാറുള്ളത്. ചില ദിവസങ്ങളിൽ ചീനിവിളയിലെത്താതെ റൂട്ട് തിരിച്ച് വിടാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ജീവനക്കാരുടെ അഭാവമാണ് സർവീസ് മുടങ്ങാൻ കാരണമെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ നേരത്തെ പരാതി ശക്തമായപ്പോൾ കെ.എസ്.ആർ.ടി.സി.ബസ് സർവീസ് പുന:രാരംഭിച്ചെങ്കിലും ദിവസങ്ങൾക്കുള്ളിൽ വീണ്ടും സർവീസ് തോന്നിയപടിയായി. കഴിഞ്ഞ ഒരാഴ്ചയായി മലയിൻകീഴ്-ചീനിവിള സർവീസ് കെ.എസ്.ആർ.ടി.സി.ഒഴിവാക്കിയിരിക്കുകയാണ്. 35 വർഷമായിട്ടുള്ള ചീനിവിള ബസ് സർവീസാണ് അധികൃതരുടെ അനാസ്ഥകാരണം താറുമാറായിരിക്കുന്നത്. പാപ്പനംകോട് ഡിപ്പോയിൽ നിന്നുള്ള ചീനിവിള ബസ് മുടക്കമില്ലാതെ സർവീസ് നടത്തിയിരുന്നെങ്കിലും അടുത്തിടെ അതും മുടങ്ങി. ദിവസവും രാവിലെ 11.40ന് കിഴക്കേകോട്ടയിൽ നിന്ന് പൊറ്റയിൽ, മലയിൻകീഴ്, ചീനിവിള, മാറനല്ലൂർ. ഉച്ചയ്ക്ക് 1.30 ന് മാറനല്ലൂരിൽ നിന്ന് ചീനിവിള, മലയിൻകീഴ്, കിഴക്കേകോട്ട. വൈകിട്ട് 5.40ന് കിഴക്കേകോട്ടയിൽ നിന്ന് പാളയം, തിരുമല, മങ്കാട്ടുകടവ്, മലയിൻകീഴ്, ചീനിവിള വഴി കാട്ടാക്കട പോകുന്ന ബസാണ് മുടങ്ങുന്നത്.