ias
ഐ.എ.എസ്

തിരുവനന്തപുരം: പൊലീസ് കമ്മിഷണറേറ്റുകൾ രൂപീകരിക്കുമ്പോൾ അധികാരം പങ്കിടുന്നത് സംബന്ധിച്ച മൂപ്പിളമ തർക്കം ഐ.എ.എസ്- ഐ.പി.എസ് ഉദ്യോഗസ്ഥർ തമ്മിൽ ചൂടാറാതെ തുടരുമ്പോൾ അന്തിമ തീരുമാനം നീളുന്നു.

ഐ.എ.എസുകാരുടെ വാദം

കൂടുതൽ അധികാരങ്ങൾ നൽകിയാൽ പൊലീസ് അതിക്രമങ്ങൾ വർദ്ധിക്കും. ഗുണ്ടാനിയമം ചുമത്താനും കരുതൽതടങ്കലിനുമൊക്കെ അധികാരം നൽകിയാൽ ദുർവിനിയോഗമുണ്ടാവും. തുടർന്നും കളക്ടറുടെ അന്വേഷണത്തിനുശേഷമേ ഗുണ്ടാനിയമം ചുമത്താവൂ. കമ്മിഷണറേറ്റ് രൂപീകരണത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി തേടണം. തിരുവനന്തപുരത്ത് കമ്മിഷണറേറ്റിനാവശ്യമായ 10ലക്ഷം ജനസംഖ്യയില്ല.

ഐ.പി.എസുകാരുടെ മറുവാദം

ഗുണ്ടാനിയമം നിരീക്ഷിക്കാൻ കാപ്പബോർഡും കോടതികളുമുണ്ട്. കളക്ടർമാർ തീരുമാനമെടുക്കാത്തതിനാൽ ഗുണ്ടകൾ ജാമ്യത്തിൽ പുറത്തിറങ്ങി കൊലപാതകങ്ങൾ തുടരുന്നത് പതിവ്. കമ്മിഷണറേറ്റുകൾ രൂപീകരിക്കാൻ കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്. ഐ.ജി തലവനായി കമ്മിഷണറേറ്റുണ്ടായാൽ പൊലീസിന്റെ ഗുണനിലവാരം കൂടും. കഴക്കൂട്ടം കൂട്ടിച്ചേർത്തതോടെ, തിരുവനന്തപുരത്ത് 17ലക്ഷം ജനസംഖ്യയായി. കൊച്ചിയിൽ 21ലക്ഷമുണ്ട്.

27സംസ്ഥാനങ്ങളിൽ 22 ഇടത്തും കമ്മിഷണറേറ്റുകളുണ്ട്.

തർക്കങ്ങൾ

1)വെടിവയ്പ്

അക്രമികൾക്കുനേരെ വെടിവയ്ക്കാൻ ഉത്തരവിടാൻ മജിസ്ട്രേറ്റിനുള്ള അധികാരം പൊലീസിന് കൈമാറുന്നെന്നാണ് ആശങ്ക. സി.ആർ.പി.സി-129 പ്രകാരം മജിസ്ട്രേറ്റിന് മാത്രമായി സവിശേഷ അധികാരങ്ങളില്ല. ചില സാഹചര്യങ്ങളിൽ പൊലീസ് സ്റ്റേഷൻ ചുമതലയുള്ള ഹെഡ്കോൺസ്റ്റബിളിനു വരെ വെടിവയ്ക്കാൻ ഉത്തരവിടാം.

2)ഗുണ്ടാനിയമം

സ്ഥിരം ക്രിമിനലുകൾക്കെതിരെ ഗുണ്ടാനിയമം ചുമത്തി 6മാസം അകത്തിടാൻ നിലവിൽ കളക്ടറുടെ അനുമതിവേണം. ജില്ലകളിൽ എല്ലാമാസവും 10പേർക്കെതിരെയെങ്കിലും ഗുണ്ടാനിയമം ചുമത്താൻ പൊലീസ് അപേക്ഷിക്കുമെങ്കിലും കളക്ടർമാർ ഒരെണ്ണത്തിലേ തീരുമാനമെടുക്കാറുള്ളൂ. ഗുണ്ടാനിയമം ചുമത്തപ്പെട്ടവർക്ക് കാപ്പബോർഡിലും കോടതിയിലും അപ്പീൽനൽകാം. പൊലീസ് അധികാരദുർവിനിയോഗം നടത്താനിടയുണ്ടെന്ന് ഐ.എ.എസുകാർ.

3)നല്ലനടപ്പ് ബോണ്ട്

ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് നല്ലനടപ്പ് ബോണ്ട് നൽകാനും ഒരുലക്ഷം പിഴയിടാനും പ്രിവന്റീവ് സെക്ഷൻ 107പ്രകാരം പൊലീസിനെ അധികാരപ്പെടുത്തുന്നതിലും തർക്കം. ഇടത്തരം ഗുണ്ടകളെ അറസ്റ്റ് ചെയ്തില്ലെങ്കിലും ബോണ്ട് നൽകാം. കുറ്റകൃത്യം ചെയ്താൽ ഒരുലക്ഷം പിഴയിടാം. കേസിൽ പ്രതിയല്ലാത്തവരെയും പൊലീസ് അറസ്റ്റ് ചെയ്യുമെന്നും പൊലീസ്‌രാജിന് വഴിവയ്ക്കുമെന്ന് ഐ.എ.എസുകാർ. മറ്റിടങ്ങളിൽ ഒരു പ്രശ്‌നവുമുണ്ടായിട്ടില്ലെന്ന് ഐ.പി.എസുകാർ.

ഇനി ഇങ്ങനെ

1)സർക്കാർ തീരുമാനമെടുത്ത സ്ഥിതിക്ക്, കമ്മിഷണറേറ്റ് രൂപീകരിച്ച് വിജ്ഞാപനം പുറത്തിറക്കിയേ മതിയാവൂ.

2)ഇരുവിഭാഗങ്ങളും ചർച്ചയിലൂടെ സമവായത്തിലെത്തി, അധികാരങ്ങൾ കുറവുചെയ്ത് വിജ്ഞാപനമിറക്കാം.

3)തർക്കം മുറുകിയാൽ നയപരമായ കാര്യമായതിനാൽ എൽ.ഡി.എഫിലടക്കം ചർച്ചചെയ്യാൻ മാറ്റിവയ്ക്കാം.

''പലതലത്തിലുള്ള ചർച്ചകൾ നടക്കുകയാണ്. അന്തിമ തീരുമാനം ഉടനുണ്ടാവും''

-മുഖ്യമന്ത്രിയുടെ ഓഫീസ്

ചുമതലയേൽക്കാതെ വിജയ് സാഖറെ

കൊച്ചി കമ്മിഷണറായി വിജയ്സാഖറെ ചുമതലയേറ്റെടുത്തില്ല. കമ്മിഷണറേറ്റ് വിജ്ഞാപനമിറങ്ങിയ ശേഷം ചുമതലയേൽക്കാനാണ് സാദ്ധ്യത.