june8d

ആറ്റിങ്ങൽ: കഴിഞ്ഞ ദിവസം നിര്യാതനായ മുതിർന്ന പത്രപ്രവർത്തകൻ വെള്ളനാട് വിക്രമൻ എന്ന വെള്ളനാട് പഴയവീട്ടുമൂഴി അശ്വതി ഭവനിൽ വിക്രമൻ നായർ ഒരുകാലത്ത് ആറ്റിങ്ങലിന്റെ നിറസാന്നിദ്ധ്യമായിരുന്നു. വിക്രമൻ ആദ്യമായി പത്ര പ്രവർത്തകനായി എത്തുന്നത് ആറ്റിങ്ങലിലാണ്. ജന്മഭൂമിയുടെ ലേഖകനായി 1993 ൽ. വിക്രമൻ വിവാഹം കഴിച്ചത് ആറ്റിങ്ങൽ കൊല്ലമ്പുഴയിൽ നിന്നാണ്. അങ്ങനെയാണ് ആറ്റിങ്ങലിലേക്ക് എത്തുന്നത്. വക്കീൽ ഗുമസ്തനായി ആറ്റിങ്ങലിൽ ജോലി നോക്കവേയാണ് പ്രത്ര പ്രവർത്തവും ആരംഭിച്ചത്.

അന്ന് ആറ്റിങ്ങലിൽ സി.ഡി. സുകുമാരൻ നായർ,​ കെ.വി. ജയപാലൻ,​ എം.എൻ. കൃഷ്ണൻകുട്ടി തുടങ്ങി വിരലിലെണ്ണാവുന്ന പത്ര പ്രവർത്തകരേ ഉണ്ടായിരുന്നുള്ളു. അവർക്കിടയിലേയ്ക്കാണ് വെള്ളനാടുകാരൻ വിക്രമൻ എത്തുന്നത്. നേതൃ പാടവം ഏറെയുള്ള വിക്രമൻ ആറ്റിങ്ങലിലെ പത്രപ്രവർത്തകരെ ഒന്നിപ്പിച്ചു. അങ്ങനെ ജില്ലാ കേന്ദ്രങ്ങളിൽ മാത്രം പ്രവർത്തിച്ചിരുന്ന പ്രസ് ക്ലബ്ല് പോലൊന്ന് പ്രാദേശിക കേന്ദ്രത്തിൽ ആദ്യമായി രൂപീകരിച്ചു. അതാണ് 1994 ൽ രൂപീകരിച്ച ആറ്റിങ്ങൽ പ്രസ് ക്ലബ്ബ്. വിക്രമൻ സെക്രട്ടറിയായും അന്നത്തെ മനോരമ ലേഖകൻ പരേതനായ സി.ഡി. സുകുമാരൻ നായർ പ്രസിഡന്റായുമാണ് ആദ്യ റൂറൽ പ്രസ് ക്ലബ്ബ് രൂപം കൊള്ളുന്നത്. സി.ഡി. സുകുമാരൻ നായർ മരണമടഞ്ഞതോടെ കേരളകൗമുദിയിലെ കെ.വി. ജയപാലൻ പ്രസിഡന്റായി ഏറെക്കാലം ഇത് പ്രവർത്തിച്ചിരുന്നു. പിന്നീട് വിക്രമൻ തിരുവനന്തപുരത്തേക്ക് ചേക്കേറുകയും തുറന്നകത്ത് എന്നപേരിൽ സ്വന്തമായി പത്രം ആരംഭിക്കുകയും ചെയ്തു. തിരുവനന്തപുരം പ്രസ് ക്ലബ്ബ് അംഗമായി മാറിയ ഇദ്ദേഹം അതിന്റെ നിർവാഹക സമിതി അംഗമായും പ്രവർത്തിച്ചിരുന്നു.

ഇടയ്ക്കിടെ ആറ്റിങ്ങൽ വഴി കടന്നുപോകുമ്പോൾ പഴയ സൗഹൃദം പുതുക്കാൻ എത്തുമായിരുന്ന വിക്രമൻ അവസാനമായി എത്തിയത് മകളുടെ വിവാഹം ക്ഷണിക്കാനായിരുന്നു. അന്ന് പഴയ എല്ലാ സൗഹൃദങ്ങളേയും തേടിയെത്തി ക്ഷണിച്ചാണ് മടങ്ങിയത്.