കോവളം: ഗ്രാമീണ റോഡുകളെ പുനരുദ്ധരിപ്പിക്കാൻ കേന്ദ്രാവിഷ്കൃത പദ്ധതിയായ പ്രധാനമന്ത്രി ഗ്രാമീൺ സഡക് യോജനയിൽ നിർമ്മിച്ച റോഡിന്റെ നിർമ്മാണത്തെപ്പറ്റി വ്യാപക പ്രതിഷേധം. വെങ്ങാനൂർ ഗ്രാമപഞ്ചായത്തിൽ ഒന്നേകാൽക്കോടി ചെലവാക്കിയ രണ്ട് കിലോമീറ്ററോളമുളള വെണ്ണിയൂർ - അമരിവിള റോഡിന്റെ നിർമ്മാണത്തിനെതിരെയാണ് പ്രതിഷേധം. പ്രതിഷേധത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം അമരിവിള ജംഗ്ഷനിൽ നാട്ടുകാർ റോഡ് പണി നിറുത്തിവെയ്പിച്ചു. കരാറിൽ പറഞ്ഞിട്ടുള്ള ജോലികൾ പൂർത്തീകരിക്കാത്തതിനാൽ ഗ്രാമപഞ്ചായത്ത് അധികാരികളുൾപ്പെടെയുള്ളവർ സംഭവത്തിൽ പലപ്പോഴും ഇടപെട്ടിട്ടുണ്ട്. ഇതിന്റെ പ്രതികാരമായാണ് കരാറുകാരൻ പലപ്പോഴും പണികൾ വൈകിപ്പിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.
റോഡ് പണിക്കിടയിൽ ജില്ലാ പഞ്ചായത്ത് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് യാതൊരു നിർദ്ദേശവും നൽകിയതുമില്ല. ആറ് മാസത്തിന് മുമ്പ് ആരംഭിച്ച റോഡ് പണിയാണ് ഇത്തരത്തിൽ നീളുന്നത്. നിർമ്മാണത്തിലെ അപാകതകൾ ചൂണ്ടികാണിച്ച് നാട്ടുകാർ ജില്ലാ കളക്ടർക്കും ജില്ലാ പഞ്ചായത്തധികൃതർക്കും പരാതി നൽകിയിരുന്നു. എന്നാൽ നടപടിയുണ്ടായില്ല.
എൺപത് വർഷം പഴക്കമുള്ള അമരിവിള പാലം പുനർ നിർമ്മിക്കാൻ കരാറിൽ പറഞ്ഞിരുന്നെങ്കിലും നിർമ്മാണം ആരംഭിച്ചില്ല.
റോഡ് പണി വൈകുന്നതിൽ പ്രതിഷേധിച്ച് വാർഡ് മെമ്പർ സന്തോഷ്കുമാർ.എ.എസിന്റെ നേതൃത്വത്തിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ.
പരാതികൾ പലവിധം
അമരിവിള ജംഗ്ഷനിൽ റോഡ് നവീകരണത്തിന്റെ ഭാഗമായുള്ള കലിങ്കുകളുടെ നിർമ്മാണവും പൂർത്തിയാക്കിയിട്ടില്ല.
കരാറിൽ പറഞ്ഞിട്ടുള്ള പല നിർമ്മാണങ്ങളും കരാറുകാരൻ ആരംഭിക്കാതെ ജില്ലാ പഞ്ചായത്തിലെ ഉദ്യോഗസ്ഥരുമായി ഒത്തുകളിക്കുകയാണെന്നും ആക്ഷേപമുണ്ട്.
പുതിയ കലുങ്കുകൾ നിർമ്മിക്കുന്നതിന് പകരം പുതിയ സ്ളാബുകൾ ഇട്ട് പോകുകയായിരുന്നു.
നിലവിലുണ്ടായിരുന്ന റോഡ് പൊളിച്ച് മാറ്റിയപ്പോൾ ഉണ്ടായിരുന്ന മെറ്റീരിയലുകൾ പുതിയ വർക്കിൽ ഉൾപ്പെടുത്തി.
റോഡിന്റെ അടിത്തറ ബലപ്പെടുത്തുന്നതിന് നിയമാനുസൃതമുള്ള യാതൊരു ജോലികളും ചെയ്തില്ല.