west

വിതുര: റോഡ് വക്കിൽ വലിച്ചെറിയുന്ന മാലിന്യങ്ങളിൽ നിന്നും പകർച്ചവ്യാധികൾ പരക്കുന്നതായി പരാതി. ദിനവും കുന്നുകൂടുന്ന മാലിന്യത്തിൽ നിന്നുള്ള ദുർഗന്ധം സഹിച്ച് കഴിയുന്ന നാട്ടുകാരണ് ഇപ്പോൾ പകർച്ച വ്യാധി ഭീഷണിയിൽ കഴിയുന്നത്. മലയോര മേഖലകളിൽ പനി ഉൾപ്പടെയുള്ള രോഗങ്ങൾ ഇതിനോടകം വ്യാപിച്ചുകഴിഞ്ഞു. സംസ്ഥാനപാതയായ വിതുര- പൊൻമുടി- തിരുവനന്തപുരം റോഡരുകിൽ വർദ്ധിച്ചുവരുന്ന മാലിന്യ നിക്ഷേപം മൂലം നാട്ടുകാർക്ക് വഴിനടക്കാൻ പോലും കഴിയാറില്ല. പൊൻമുടി വിതുര റോഡിൽ ചേന്നൽപാറ വളവിലെ ഇലക്ട്രിസിറ്റി ഓഫീസിന് സമീപത്താണ് ഏറ്റവും കൂടുതൽ മാലിന്യ നിക്ഷേപം നടക്കുന്നത്. ഇവിടം മുഴുവൻ ദുർഗന്ധപൂരിതമാണ്. വൻതോതിൽ മാലിന്യം നിക്ഷേപിച്ചിട്ടും അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും സ്വീകരിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. പേരയത്തുപാറ മേഖലയിലും റോഡുവക്കിലും ഇറച്ചി വേസ്റ്റ് ഉൾപ്പടെയുള്ള മാലിന്യം ചാക്കിൽ കെട്ടി നിക്ഷേപിക്കുന്നതും പതിവാണ്. തൊളിക്കോട് മന്നൂർക്കാണം റോഡ് വക്കിലെ കുഴികളെല്ലാം മാലിന്യം നിറഞ്ഞുകഴിഞ്ഞു. മഴ തുടങ്ങിയതോടെ ഇറച്ചി മാലിന്യം അഴുകി അസഹ്യമായ ദുർഗന്ധമാണ് ഇവിടെ. ഇവിടെ വർദ്ധിച്ചുവരുന്ന മാലിന്യ നിക്ഷേപത്തെ ചൂണ്ടിക്കാട്ടി പല തവണ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

 സ്കൂൾ പരിസരം ദുർഗന്ധപൂരിതം

ചായം - ചാരുപാറ റോഡിൽ വിതുര എം.ജി.എം പൊൻമുടിവാലി പബ്ലിക് സ്കൂളിന് സമീപം വൻതോതിൽ മാലിന്യ നിക്ഷേപമാണ് നടക്കുന്നത്. വിജനമായ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ഇരുട്ടുന്റെ മറവിലാണ് ഇവിടെ മാലിന്യം നിക്ഷേപം നടത്തുന്നത്. അഴുകിയ മാലിന്യത്തിൽ നിന്നുള്ള ദുർഗന്ധം സഹിച്ചാണ് ഇവിടുത്തെ വിദ്യാർത്ഥികളും അദ്ധ്യാപകരും സ്കൂളിൽ എത്തുന്നത്. മാലിന്യ നിക്ഷേപകേന്ദ്രങ്ങളിൽ മൂക്ക്പൊത്തി ഓടുകയാണ് വിദ്ധ്യാർത്ഥികൾ.

 ആവശ്യങ്ങൾ ഏറെ

പാലോട്, വിതുര, നെടുമങ്ങാട്, ആര്യനാട് ഭാഗത്തേക്കായി ആയിരങ്ങൾ കടന്നുപോകുന്ന പ്രധാന റോഡുകൂടിയാണിത്. മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടണമെന്നും, കാമറ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് സ്കൂൾ മേധാവികളും റസിഡന്റ് അസോസിയേഷനും അനവധി തവണ പഞ്ചായത്തിലും ആരോഗ്യവകുപ്പിലും പൊലീസിലും പരാതികൾ നൽകിയിട്ടും നടപടികൾ സ്വീകരിച്ചിട്ടില്ല. വിതുര-പാലോട് റോഡിൽ നവോദയാ സ്കൂളിന് സമീപത്തും വൻ തോതിൽ മാലിന്യം നിക്ഷേപിക്കുകയാണ്. ആര്യനാട്-വിതുര റോഡിൽ വിനോബാനികേതൻ ജംഗ്ഷന് സമീപമുള്ള പ്രദേശത്താണ് മാലിന്യ നിക്ഷേപം വർദ്ധിക്കുന്നത്.

 നിരീക്ഷണം ഇനിയുമില്ല

മാലിന്യം കുന്നുകൂടിയതോടെ നിരവധി സംഘടനകളും നാട്ടുകാരും പ്രതിഷേധവുമായി പല തവണ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ പ്രശ്നത്തിന് പരിഹാരം മാത്രം ഉണ്ടായിട്ടില്ല. മാലിന്യ നിക്ഷേപം തടയുന്നതിനും മാലിന്യം തള്ളുന്നവരെ പിടികൂടാനും പ്രദേശത്ത് സിസിടിവി കാമരകൾ സ്ഥാപിക്കണമെന്ന ആവശ്യത്തിനും കാലങ്ങളുടെ പഴക്കുണ്ട്. നാട്ടുകാരുടെ ആവശ്യങ്ങൾ വർദ്ധിക്കുന്നതല്ലാതെ പ്രശ്നത്തിന് പരിഹാരം കാണാൻ മാത്രം ഇതുവരെ കഴിഞ്ഞിട്ടില്ല.



വിതുര, തൊളിക്കോട് മേഖലകളിൽ മാലിന്യം നിക്ഷേപിക്കുന്നവരെ അടിയന്തരമായി പിടികൂടണം.

ചേന്നൻപാറ, ചാരുപാറ, പേരയത്തുപാറ, വിനോബാനികേതൻ, പൊട്ടൻചിറ, നാഗര മേഖലകളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കണം.

ജി.പി.പ്രേംഗോപകുമാർ

വിതുര പഞ്ചായത്ത് തേവിയോട് വാർഡ് മെമ്പർ

പടം

ചായം-ചാരുപാറ റോഡിൽ വിതുര എം.ജി.എം പൊൻമുടിവാലി പബ്ലിക് സ്കൂളിന് സമീപം മാലിന്യം നിക്ഷേപിച്ചിരിക്കുന്നു..