പാലോട് : കേരള പട്ടികജാതി-പട്ടിക വർഗ കമ്മിഷൻ അംഗം എസ്. അജയകുമാർ പെരിങ്ങമ്മല മാലിന്യപ്ലാന്റിന്റെ നിർദ്ദിഷ്ട പദ്ധതി പ്രദേശമായ അഗ്രിഫാ ഏഴാം ബ്ളോക്കും പന്നിയോട്ട്കടവ് സമരപന്തലും സന്ദർശിച്ച് തെളിവെടുപ്പ് നടത്തി. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ കമ്മിഷനൊപ്പം എത്തി. പ്രദേശത്തെ ചിറ്റാർ നദിയും സംഘം സന്ദർശിച്ചു. പെരിങ്ങമ്മല മാലിന്യപ്ലാന്റ് അഞ്ചുതെങ്ങ് വരെയുള്ള മുപ്പത്തെട്ടോളം കുടിവെള്ള പദ്ധതികളെ മലിനമാക്കുമെന്ന് കമ്മിഷനോട് ഉദ്യോഗസ്ഥർ വിശദീകരിച്ചു. പദ്ധതി പ്രദേശവുമായി ബന്ധപ്പെട്ട ജൈവ വൈവിദ്ധ്യ മേഖലയുടെ അപൂർവ ഫോട്ടോകൾ പരിസ്ഥിതി ഫോട്ടോഗ്രാഫർ സാലി പാലോട് കമ്മിഷന് മുന്നിൽ പ്രദർശിപ്പിച്ചു. പദ്ധതി പെരിങ്ങമ്മലയിൽ തുടങ്ങുന്നതിനെതിരെ വിവിധ ആദിവാസി സംഘടനകളും പട്ടികജാതി സംഘടനകളും സമരസമിതിയും കമ്മിഷനു നിവേദനം നൽകി. ആദിവാസി മഹാസഭയ്ക്ക് വേണ്ടി മോഹൻ ത്രിവേണി, വി. ഉദയകുമാർ, ശാന്തകുമാർ, ആദിവാസി കാണിക്കാർ സംയുക്ത സംഘത്തിന് വേണ്ടി സംസ്ഥാന പ്രസിഡന്റ് പി. ഭാർഗവൻ, സുധാകരൻ, സഹദേവൻ എന്നിവരും നിവേദനം നൽകി. നൂറു കണക്കിന് ആദിവാസികളും സമരസമിതി പ്രവർത്തകരും നാട്ടുകാരും തെളിവെടുപ്പിൽ പങ്കെടുത്തു. സ്ഥലത്തെ പ്രാധാന്യവും പ്രശ്നങ്ങളും മനസിലാക്കാൻ കഴിഞ്ഞതായും സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുന്നതിന് നടപടി സ്വീകരിക്കുമെന്നും കമ്മിഷൻ അംഗം ആദിവാസികൾക്കും സമരക്കാർക്കും ഉറപ്പ് നൽകി.