അമേരിക്കയിൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിന്റെ വിജയം അവിടത്തെ കൊലകൊമ്പൻ മാദ്ധ്യമങ്ങളൊന്നും പ്രവചിച്ചിരുന്നില്ല. ഹിലരി ക്ളിന്റൺ വരുമെന്നാണ് അവർ പൊതുവെ പറയാതെ പറഞ്ഞത്. നാമമാത്രമായ ചില മാദ്ധ്യമങ്ങളും രാഷ്ട്രീയ പണ്ഡിതന്മാരും മാത്രമാണ് ട്രംപിന്റെ വരവിന്റെ നേർത്ത മൂളൽ തിരിച്ചറിഞ്ഞത്.
ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പൊതുവെ ഇന്ത്യയിലെ രാഷ്ട്രീയ നിരീക്ഷകർക്കും പൊതുധാരാ മാദ്ധ്യമങ്ങൾക്കും മോദിയുടെ വരവ് മുൻകൂട്ടി കാണുന്നതിൽ വലിയ വീഴ്ച സംഭവിച്ചു. പ്രത്യേകിച്ചും ഇംഗ്ളീഷ് മാദ്ധ്യമങ്ങൾക്ക്.
മോദി തരംഗം ഇത്തവണ ഇല്ല എന്ന നിഗമനത്തിൽ ബി.ജെ.പിയോട് മൃദു സമീപനം പുലർത്തുന്ന മാദ്ധ്യമങ്ങളും ഇലക്ഷൻ പ്രവചന പണ്ഡിതരും യോജിച്ചിരുന്നു. ഇന്ത്യൻ ജനതതിയുടെ അടിത്തട്ടിൽ അപ്പോൾ മോദി സുനാമിയുടെ വലിഞ്ഞു മുറുകൽ ഉരുണ്ടുകൂടുകയായിരുന്നു എന്നത് ഒാർക്കണം.
1971 ലെ പൊതുതിരഞ്ഞെടുപ്പിൽ വ്യക്തിപ്രഭാവത്തിലൂടെ ഇന്ദിരാഗാന്ധി കൈവരിച്ച വിജയത്തെ മറികടക്കുന്നതായി ഇത്തവണ മോദി നേടിയ വിജയം. ഇന്ദിരാഗാന്ധി ആ വിജയം ഭരണഘടനയ്ക്ക് മുകളിൽ തന്റെ അധികാരക്കൊടി പാറിക്കാനുള്ള അവസരമായെടുത്തു എന്നത് ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ വീണ്ടും വീണ്ടും ഒാർമ്മിക്കപ്പെടേണ്ട ഖേദകരമായ വസ്തുതയാണ്. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധി തന്റെ പാർട്ടിയുടെ ലോക്സഭയിലെ വമ്പിച്ച ഭൂരിപക്ഷം ഉപയോഗിച്ച് ഭരണഘടനയ്ക്ക് ഒരു ഭേദഗതി കൊണ്ടുവന്നു. ഇന്ത്യൻ പാർലമെന്റ് പാസാക്കുന്ന നിയമങ്ങൾ ഒരു കോടതിയിലും ചോദ്യം ചെയ്യപ്പെടാൻ പാടില്ല എന്ന ഇന്ത്യൻ ഭരണഘടനയുടെ ആത്മാവ് കവരുന്ന ഭേദഗതി ആയിരുന്നു അത്. ഭരണഘടനയ്ക്കും മുകളിൽ പ്രധാനമന്ത്രിയുടെ ഒാഫീസിനെ പ്രതിഷ്ഠിക്കാനുള്ള ശ്രമം. അടിയന്തരാവസ്ഥയ്ക്ക് ശേഷം സുപ്രീംകോടതി അത് അസ്ഥിരപ്പെടുത്തിയത് ചരിത്രം.
ചരിത്രത്തിൽ നിന്ന് ഇൗ പാഠം പഠിച്ചതുകൊണ്ടാണ് ഇത്തവണ മോദി പാർലമെന്റിലെ സെൻട്രൽ ഹാളിൽ ഭരണഘടനയെ നമഃസ്കരിച്ചുകൊണ്ട് രണ്ടാം വരവിന്റെ തുടക്കം കുറിച്ചത്.
രണ്ടാം വരവിൽ മോദി ഇന്ത്യൻ ഭരണഘടന അട്ടിമറിക്കും എന്ന ആശങ്ക ആദ്യം പ്രകടിപ്പിച്ചത് കോൺഗ്രസിലെ ചില നേതാക്കളാണ്. അപ്പോൾ അവർ സൗകര്യപൂർവം ഇന്ദിരാഗാന്ധിയുടെ മുഖം മറക്കുകയോ മറയ്ക്കുകയോ ആയിരുന്നു. ഇന്ദിരാഗാന്ധിക്കും മോദിക്കുമൊന്നും അട്ടിമറിക്കാൻ പറ്റുന്നതല്ല ഇന്ത്യൻ ഭരണഘടനയുടെ അന്തഃസത്ത. അതിന് ആര് ശ്രമിച്ചാലും ഇന്ത്യയിലെ പണ്ഡിതന്മാരല്ല, നിരക്ഷരരായ സാധാരണ ജനങ്ങളാവും അറിഞ്ഞോ അറിയാതെയോ ചുട്ട മറുപടി കൊടുക്കുക. അത് നടക്കില്ല, ഇത് ഇന്ത്യയാണ് സർ എന്നവർ വിനീതമായി പറയും. അതെങ്ങനെ എന്ന് ചോദിച്ചാൽ ഇങ്ങനെ എന്ന് കൃത്യമായി പറയാനാവില്ല. ഇന്ദിരാഗാന്ധി റായ്ബറേലിയിൽ തോറ്റത് മറക്കരുത് എന്ന് മാത്രമേ പറയാനാവൂ.
മോദി മാദ്ധ്യമങ്ങളുടെ സഹായത്താലല്ല, വിരോധത്താൽ പ്രതിഷ്ഠിതനായ നേതാവാണ്. ഉന്നതകുലജാതനല്ല. ദരിദ്ര കുടുംബത്തിൽ ജനിച്ച് മുകളിലേക്ക് വളർന്ന നേതാവാണ്. ഉന്നത കുടുംബത്തിൽ ജനിച്ച മോദിയുടെ എതിരാളികളായ പല നേതാക്കളും പാരാട്രൂപ്പേഴ്സിനെ പോലെ താഴോട്ട് വരുന്ന തിരഞ്ഞെടുപ്പ് ചിത്രംകൂടി സമ്മാനിച്ചതാണ് ഇക്കഴിഞ്ഞ ഇലക്ഷൻ.
വാഗ്ദാനങ്ങൾ നൽകുക മാത്രമല്ല കഴിഞ്ഞ മോദി സർക്കാർ ചെയ്തത്. പാവപ്പെട്ടവന് നേരിട്ട് ഗുണം ചെയ്ത പ്രധാനമന്ത്രി ആവാസ് യോജന (വീടുകൾ) ഉജ്ജ്വല യോജന (എൽ.പി.ജി) ഉജാല പദ്ധതി (വൈദ്യുതി) സ്വച്ഛ് ഭാരത് അഭിയാൻ (ശൗചാലയങ്ങൾ) ആയുഷ്മാൻ ഭാരത് (ആരോഗ്യ ഇൻഷ്വറൻസ്) കിസാൻ സമ്മാൻ നിധി (6000 രൂപ നൽകുന്ന പദ്ധതി) തുടങ്ങിയവ വിജയകരമായി നടപ്പാക്കി. ഇത് സാധാരണ ജനങ്ങളിൽ സൃഷ്ടിച്ച സ്വാധീനം വിലയിരുത്തുന്നതിൽ പരാജയപ്പെട്ടതാണ് ഇംഗ്ളീഷ് മാദ്ധ്യമങ്ങളെ വഴിതെറ്റിച്ചത്. ഇന്ത്യയിലെ എട്ടുകോടിയോളം വരുന്ന പുതിയ വോട്ടർമാരിൽ ഭൂരിപക്ഷവും വോട്ട് ചെയ്തത് ബി.ജെ.പിക്കല്ല, മോദിക്കായിരുന്നു.
തനിക്കെതിരെയുള്ള എല്ലാ അധിക്ഷേപങ്ങളും ആരോപണങ്ങളും തന്റെ ശക്തി വർദ്ധിപ്പിക്കുന്നതിന് അനുകൂലമായി മാറ്റാൻ മോദിക്ക് കഴിഞ്ഞു. രാഹുൽഗാന്ധി എന്ന നാമം ഒരു പ്രസംഗത്തിൽ പോലും മോദി പറഞ്ഞിട്ടില്ല. പക്ഷേ രാഹുൽഗാന്ധിയുടെ പ്രസംഗത്തിൽ ഒരു പത്തുപതിനഞ്ച് മോദി കുറഞ്ഞത് കാണും.
വാരാണസിയിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞുകൊണ്ട് മേയ് 27ന് നടത്തിയ പ്രസംഗത്തിൽ മോദി ഒരു വാചകം പറഞ്ഞിരുന്നു. 'ഇന്ത്യയിലെ രാഷ്ട്രീയ പണ്ഡിതന്മാർ ഇപ്പോഴും ഇരുപതാംനൂറ്റാണ്ടിലാണ് ജീവിക്കുന്നത്. 21-ാം നൂറ്റാണ്ടിലെ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ യാഥാർത്ഥ്യങ്ങൾ അടിമുടി മനസിലാക്കുന്ന തലത്തിലേക്ക് അവർ സ്വയം മാറിയിട്ടില്ല."
ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ലെങ്കിലും ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്ന് ഇംഗ്ളീഷിലും മലയാളത്തിലുമുള്ള ചർച്ചകളിൽ എല്ലാവരും പറഞ്ഞിരുന്നു. ഒരു സൗജന്യം പോലെയാണ് പലരും ഇത് പറഞ്ഞത്. കേൾക്കുമ്പോൾ ശരിയെന്ന് തോന്നുന്ന ഇൗ അനുമാനങ്ങൾ യാഥാർത്ഥ്യത്തിൽ നിന്നും എത്രയോ അകലെയാണെന്നത് റിസൾട്ട് വന്നപ്പോൾ സാധാരണക്കാർക്ക് മനസിലായി. മോദിയുടെ ഇത്രയും വലിയ വിജയത്തിന്റെ രഹസ്യം ഇനിയും ഉൾക്കൊള്ളാൻ കഴിയാതെ ചർച്ച തുടരുകയാണ് രാഷ്ട്രീയ പണ്ഡിതർ. അങ്ങനെയുള്ള ചർച്ചകളുമായി അവർ ഇരുപതാം നൂറ്റാണ്ടിൽ തന്നെ തുടരുന്നതാണ് രാജ്യത്തിന് നല്ലത്.