ശ്രീനാരായണ സമ്മേളനം ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: ശിവഗിരിയിൽ ഒക്ടോബറിൽ നടക്കുന്ന മൂന്നാമത് ശ്രീനാരായണ അന്താരാഷ്ട്ര സമ്മേളനം പ്രധാനമന്തി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഇത് സംബന്ധിച്ച ശിവഗിരി മഠത്തിന്റെ ക്ഷണം അദ്ദേഹം സന്തോഷപൂർവം സ്വീകരിച്ചു.
പ്രധാനമന്ത്രി പദം രണ്ടാമതും ഏറ്റെടുത്ത ശേഷം ആദ്യമായി കേരളത്തിലെത്തിയ നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണപ്രകാരം ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ എന്നിവർ ഇന്നലെ ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിലെത്തി കണ്ടപ്പോഴാണ് ശിവഗിരിയിലേക്ക് ക്ഷണിച്ചത്.
കഴിഞ്ഞ 30ന് ഡൽഹിയിൽ നടന്ന രണ്ടാം മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രധാനമന്ത്രിയുടെ ക്ഷണമുണ്ടായിരുന്നെങ്കിലും അന്ന് ശിവഗിരി മഠത്തിലെ സ്വാമിമാർക്ക് പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്നാണ്, കേരളത്തിലെ ആദ്യ സന്ദർശന വേളയിൽ സ്വാമിമാരുമായി സൗഹൃദ കൂടിക്കാഴ്ചയ്ക്ക് പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണം ലഭിച്ചത്. ഇന്നലെ ഗുരുവായൂർ ക്ഷേത്ര ദർശന ശേഷം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ അഭിനന്ദൻ സഭയിൽ പങ്കെടുക്കാനെത്തിയ മോദിയെ സ്കൂളിൽ ഒരുക്കിയ ഗ്രീൻ റൂമിലാണ് സ്വാമിമാർ കണ്ടത്. വീണ്ടും പ്രധാനമന്ത്രിയായതിൽ മോദിയെ അവർ അഭിനന്ദിച്ചു.
ശിവഗിരി മഠത്തിന്റെ ഉപഹാരമായി മെമന്റോ സ്വാമി വിശുദ്ധാനന്ദ സമ്മാനിച്ചു. സ്വാമി സാന്ദ്രാനന്ദ ഷാൾ അണിയിച്ചു. സ്വാമി ശിവസ്വരൂപാനന്ദ ശിവഗിരി മാസികയുടെ ഇംഗ്ളീഷ് പതിപ്പും ഗുരുദേവ കൃതികളും സമ്മാനിച്ചു. ഈ സന്ദർശന വേളയിൽ ശിവഗിരിയും സന്ദർശിക്കണമെന്ന തന്റെ ആഗ്രഹം സാദ്ധ്യമാകാതെ പോയതിൽ ഖേദം പ്രകടിപ്പിച്ച മോദി,
ശ്രീനാരായണ അന്താരാഷ്ട്ര സമ്മേളനം ഉദ്ഘാടനം ചെയ്യാനുള്ള ക്ഷണം സന്തോഷപൂർവം സ്വീകരിക്കുന്നതായി പറഞ്ഞു. കേന്ദ്ര വിദേശകാര്യ, പാർലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള, ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ എന്നിവരും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
ഗുരുദേവ സന്ദേശങ്ങളുടെ ആഗോള പ്രചാരണവും അന്താരാഷ്ട്ര ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ഏകോപനവും ലക്ഷ്യമാക്കിയാണ് ശിവഗിരി മഠം കഴിഞ്ഞ മൂന്ന് വർഷമായി ശ്രീനാരായണ അന്താരാഷ്ട്ര സമ്മേളനം സംഘടിപിക്കുന്നത്. ആദ്യ സമ്മേളനം 2017 ഒക്ടോബറിൽ ശിവഗിരിയിലും രണ്ടാമത്തേത് 2018 നവംബറിൽ
ശ്രീലങ്കയിലെ കൊളംബോയിലുമാണ് നടന്നത്.