തിരുവനന്തപുരം: ശ്രീനാരായണ മതാതീത ആത്മീയ കേന്ദ്രത്തിന്റെ ഗുരുദർശന പുരസ്‌കാരത്തിന് അപേക്ഷിക്കാം. രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക, വ്യവസായ, ഉദ്യോഗസ്ഥ മേഖലയിലെ സമഗ്ര സംഭാവനയ്ക്കാണ് അവാർഡ് നൽകുന്നത്. 10001 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. അപേക്ഷകൾ വാവറ അമ്പലം സുരേന്ദ്രൻ, ജനറൽ സെക്രട്ടറി, വാവറ അമ്പലം, പോത്തൻകോട് എന്ന മേൽവിലാസത്തിൽ 25ന് മുമ്പായി അയയ്ക്കണം. പ്രമുഖർ ഉൾപ്പെടുന്ന ജഡ്ജിംഗ് കമ്മിറ്രി അവാർഡ് ജേതാവിനെ തിരഞ്ഞെടുക്കും. ജൂലായ് ഒന്നിന് സ്വാമി ശാശ്വതീകാനന്ദയുടെ സമാധി ദിനത്തിൽ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ ഗുരുദർശന പുരസ്കാരവും മതാതീത അവാർഡും ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികൾക്ക് ക്യാഷ് അവാർഡും വിതരണം ചെയ്യാൻ കൊല്ലം ബാലഭവനിൽ ചേർന്ന ശ്രീനാരായണ മതാതീത ആത്മീയ കേന്ദ്രം സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു.
ഇതിനോടനുബന്ധിച്ച് ബഹ്റിൻ, ഖത്തർ, യു.എ.ഇ, മസ്കറ്റ് എന്നിവിടങ്ങളിൽ പ്രവാസി മതാതീതസംഘത്തിന്റെ നേതൃത്വത്തിൽ മതാതീത ആത്മീയ ദിനമായി ആചരിക്കും. കേരളത്തിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ അതത് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും ചികിത്സാസഹായവും നൽകാനും തീരുമാനിച്ചു. 13ന് തിരുവനന്തപുരം ജില്ലാ സ്വാഗതസംഘം രൂപീകരിക്കുമെന്ന് വാവറഅമ്പലം സുരേന്ദ്രൻ അറിയിച്ചു. ചെയർമാൻ കെ.എസ്.ജ്യോതി അദ്ധ്യക്ഷനായി. വർക്കിംഗ് ചെയർമാൻ വി.സുദർശനൻ, കരിക്കകം ബാലചന്ദ്രൻ, കൊല്ലം ജില്ലാ സെക്രട്ടറി അനിൽകുമാർ, വലിയമല സുകു, ഉദയഭാനു, ശിവകുമാർ രാമപുരം, സുനിൽ തനിമ, ശിവജിത്ത്, രാജീവ് പറമ്പിൽ, പ്രസന്നൻ വൈഷ്ണവ്, ഹിരാലാൽ, എൽ.ബാബു തുടങ്ങിയവർ സംസാരിച്ചു.