തിരുവനന്തപുരം: സർക്കാരിന്റെ സേവനങ്ങൾ ജീവനക്കാരിലൂടെയാണ് പ്രതിഫലിക്കുന്നതെന്ന് മന്ത്രി ടി.പി.രാമകൃഷ്ണൻ പറഞ്ഞു. എണ്ണമറ്റ ജനക്ഷേമ പദ്ധതികൾ ഈ സർക്കാർ ആവിഷ്കരിച്ചിട്ടുണ്ട്. അത് എത്രമാത്രം ജനങ്ങളിലെത്തിച്ചുവെന്നും ജീവനക്കാർ ആത്മപരിശോധന നടത്തണമെന്നും എൻ.ജി.ഒ യൂണിയന്റെ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
ജീവനക്കാരുടെ കൈക്കൂലി ഒഴിവാക്കാൻ കഴിഞ്ഞോയെന്ന് സംഘടന പരിശോധിക്കണം. അഴിമതി രഹിത സിവിൽ സർവീസിന് സംഘടനാ പ്രവർത്തനം ശക്തിപ്പെടുത്തണം. ഒാരോ ഫയലും ഒരു ജീവിതമാണെന്ന് മുഖ്യമന്ത്രി പറഞ്ഞത് ഒരു വലിയ സന്ദേശമാണ്.ശബരിമല വിഷയത്തിൽ സർക്കാർ നിലപാട് ശരിയായിരുന്നു. എന്നാൽ യു.ഡി.എഫും ബി.ജെ.പിയും ശബരിമല വിഷയത്തിൽ തീവ്രപ്രചാരണം അഴിച്ചുവിട്ട് ഒരു വിഭാഗം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു.
എൻ.ജി.ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഇ. പ്രേംകുമാർ അദ്ധ്യക്ഷനായിരുന്നു. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, എ.ഐ.എസ്.ജി.ഇ.എഫ് ജനറൽ സെക്രട്ടറി എ. ശ്രീകുമാർ, കോൺഫെഡറേഷൻ ഒഫ് സെൻട്രൽ ഗവൺമെന്റ് എംപ്ലോയിസ് ജനറൽ സെക്രട്ടറി പി.വി. രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. സ്വാഗതസംഘം ചെയർമാൻ മേയർ വി.കെ. പ്രശാന്ത് സ്വാഗതവും എൻ.ജി.ഒ യൂണിയൻ ജനറൽ സെക്രട്ടറി ടി.സി. മാത്തുക്കുട്ടി നന്ദിയും പറഞ്ഞു.
രാവിലെ 9ന് സംസ്ഥാന പ്രസിഡന്റ് ഇ.പ്രേംകുമാർ പതാക ഉയർത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. തുടർന്ന് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു. തുടർന്ന് നടന്ന സംസ്ഥാന കൗൺസിലിൽ സെക്രട്ടറി എൻ.കൃഷ്ണപ്രസാദ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
പ്രതിനിധി സമ്മേളനം ഇന്നും നാളെയും തുടരും. ചൊവ്വാഴ്ച വൈകിട്ട് കാൽലക്ഷം പേർ പങ്കെടുക്കുന്ന പ്രകടനം നടക്കും. പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.