തിരുവനന്തപുരം: മൈസൂരിൽ നിന്ന് അരിയുമായി വന്ന ലോറി ഡ്രൈവറെ യൂണിയൻകാർ മർദ്ദിച്ചതായി പരാതി. ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെ ആയിരുന്നു സംഭവം. ചാല കൊത്തുവാൾ തെരുവിലെ ഒരു സ്ഥാപനത്തിലേക്ക് അരിയുമായി എത്തിയ ലോറിയുടെ ഡ്രൈവർ വെള്ളറട സ്വദേശി സാബുവിനെ ചായപ്പൈസ കുറഞ്ഞുപോയെന്ന് പറഞ്ഞ് മർദ്ദിച്ചെന്നാണ് പരാതി. ലോഡ് ഇറക്കുന്നതിന്റെ കൂലി നൽകിയത് കൂടാതെ 350 രൂപ ചായപ്പൈസ വേണമെന്ന് യൂണിയൻകാർ ആവശ്യപ്പെടുകയായിരുന്നു. ഇത് വിസമ്മതിച്ച സാബു അവസാനം 200 രൂപ നൽകി. എന്നാൽ തുക കുറഞ്ഞെന്ന് ആരോപിച്ച് മുഖത്ത് അടിക്കുകയും അസഭ്യം പറയുകയും ചെയ്‌തെന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് ഫോർട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും ലേബർ ഓഫീസിൽ പരാതി നൽകുമെന്നും സാബു പറഞ്ഞു.