ktl

കാട്ടാക്കട: കുറ്റിച്ചൽ പഞ്ചായത്തിൽ നിന്നും ജി. കാർത്തികേയൻ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂൾ മാറ്റാനുള്ള നീക്കതിനെതിരേ പ്രതിഷേധം ശക്തം. സ്കൂൾ നന്ദിയോട്ടേക്ക് മാറ്റാനുള്ള ഐ.ടി.ഡി.പി നീക്കത്തിനെരെയാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്.

2012ലാണ് ആദിവാസി മേഖലയിലെ വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി ജി.കാർത്തികേയൻ കുറ്റിച്ചലിൽ മോഡൽ റസിഡൻഷ്യൽ സ്കൂൾ തുടങ്ങുന്നതിനുള്ള ഫണ്ട് അനുവദിച്ചത്. സ്കൂൾ ഒരു വർഷം ആദിവാസി മേഖലയായ ചോനം പാറയിൽ പ്രവർത്തിച്ചു.

സ്കൂൾ നിർമ്മാണത്തിനായി അന്ന് ഒരു കോടി രൂപയാണ് അനുവദിച്ചത്. തുടർന്ന് സ്കൂൾ കുറ്റിച്ചൽ പഞ്ചായത്തിൽ തന്നെ നിലനിറുത്തുന്നതിനായി വാലിപ്പാറയിൽ വനം വകുപ്പ് സ്ഥലം നൽകി. ഒരു വർഷത്തിനുള്ളിൽ പണി പൂർത്തിയാക്കണമെന്നായിരുന്നു വനം വകുപ്പ് നിർദ്ദേശം നൽകിയെങ്കിലും കാലാവധി കഴിഞ്ഞതോടെ നടക്കാതായി. ഇതിനിടയിൽ 2016ൽ വാലിപ്പാറയിൽ നിന്നും കുറ്രിച്ചലിലെ സ്വകാര്യ കെട്ടിടത്തിലേയ്ക്ക് സ്കൂൾ പ്രവർത്തനം മാറ്രി. ഇപ്പോൾ ജീവനക്കാർ ഉൾപ്പെടെ സ്കൂൾ മാറ്റത്തിന്റെ പിന്നാലെയാണ്.

2012 ൽ അരുവിക്കര മണ്ഡലത്തിൽ അനുവദിച്ച സ്കൂൾ 20l9 ൽ സമീപത്തെ മറ്റൊരു മണ്ഡലത്തിലേക്ക് കൊണ്ടുപോകാനുള്ള നീക്കത്തിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. സ്കൂൾ മാറ്രത്തിനെതിരേ ഐ.ടി.ഡി.പി ഓഫീസ് കഴിഞ്ഞ ദിവസം കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചിരുന്നു. ഇതിനിടയിൽ ഇന്നലെ രഹസ്യമായി സ്കൂളിലെ സാധനങ്ങൾ മാറ്റാന്നുള്ള നീക്കവും തടഞ്ഞു.

ഇന്നലെ കുറ്റിച്ചലിൽ രാഷ്ടീയഭേദമില്ലാതെയാണ് സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയത്.