തിരുവനന്തപുരം : കൊങ്കൺ റെയിൽവേയിൽ മൺസൂൺ ടൈംടേബിൾ ഇന്ന് നിലവിൽ വരും. ഒക്ടോബർ 31 വരെയാണ് പ്രാബല്യം.
കേരളത്തിലേക്കുള്ള ട്രെയിനുകളിൽ ഉച്ചയ്ക്ക് 1.15ന് എറണാകുളത്തു നിന്ന് പുറപ്പെടേണ്ട നിസാമുദ്ദീനിലേക്കുള്ള മംഗള എക്സ് പ്രസ് 2.25 മണിക്കൂർ നേരത്തെ രാവിലെ 10.50ന് പുറപ്പെടും. രാത്രി 9.30ന് എറണാകുളത്തുനിന്ന് പുറപ്പെടേണ്ട മഡ്ഗാവ് എക്സ് പ്രസ് അരമണിക്കൂർ നേരത്തെ 9 നായിരിക്കും പുറപ്പെടുക.
തിരുനെൽവേലി - ഗാന്ധിധാം ഹംസഫർ, തിരുനെൽവേലി - ജാംനഗർ ദ്വൈവാര എക്സ്പ്രസ്, തിരുവനന്തപുരം - നിസാമുദ്ദീൻ രാജധാനി, ഗാന്ധിധാം - നാഗർകോവിൽ പ്രതിവാര എക്സ് പ്രസ് എന്നിവയുടെ സമയത്തിൽ ചെറിയ മാറ്റം ഉണ്ടാകും.
മഴ കൂടുതൽ ലഭിക്കുന്ന കൊങ്കൺമേഖലയിൽ നിരവധി തുരങ്കപാതകളും മണ്ണിടിച്ചിൽ സാധ്യതകളും ഉള്ളത് കണക്കിലെടുത്താണ് പ്രത്യേക ടൈം ടേബിൾ ഏർപ്പെടുത്തിയത്. ഇൗ കാലയളവിൽ മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിലായിരിക്കും സർവീസ്.
60 മുതൽ 90 കിലോമീറ്ററാണ് മറ്റ്സമയങ്ങളിലെ വേഗത. മൺസൂൺ കാലത്ത് ട്രെയിനുകളിൽ അപകടമുണ്ടായാൽ നേരിടാൻ വിപുലമായ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഒാരോ ട്രെയിനിലും ആക്സിഡന്റ് റിലീഫ് വാൻ ഉണ്ടായിരിക്കും. രത്നഗിരിയിലും വർണ്ണയിലും ആക്സിഡന്റുണ്ടായാൽ ഒാടിയെത്താൻ ആക്സിഡന്റ് റിലീഫ് ട്രെയിൻ ഒരുക്കി നിറുത്തും. ട്രെയിനിലെ സ്റ്റാഫുകൾക്ക് മൊബൈൽ ഫോൺ നൽകും. ഇത് കൺട്രോൾ റൂമുമായി ബന്ധിപ്പിച്ചിട്ടുണ്ട്. വാക്കിടോക്കിയും ഗാർഡുകൾക്ക് നൽകും. വാക്കിടോക്കി പ്രവർത്തിച്ചില്ലെങ്കിൽ കൺട്രോൾ റൂമുമായി ബന്ധപ്പെടാൻ ഒാരോ കിലോമീറ്ററിലും കമ്മ്യൂണിക്കേഷൻ സോക്കറ്റ് സ്ഥാപിക്കും. സിഗ്നലുകളെല്ലാം ഏത് കാലാവസ്ഥയിലും കാണത്തക്ക തരത്തിൽ എൽ.ഇ.ഡി.ആക്കി. ബലേപൂർ, രത്നഗിരി, മഡ്ഗാവ് എന്നിവിടങ്ങളിൽ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.