തിരുവനന്തപുരം: നഗരത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ നടന്ന കവർച്ചകൾക്ക് പിന്നിലെ പ്രതികളെ കണ്ടെത്താൻ കഴിയാതെ പൊലീസ് വലയുന്നു. മണക്കാടിന് സമീപം കൊഞ്ചിറവിളയിൽ വീട് കുത്തിത്തുറന്ന് 36 ലക്ഷവും അമ്പലത്തറ മിൽമ സ്റ്റാഫ് സഹകരണസംഘത്തിൽ നിന്ന് 5.75 ലക്ഷം രൂപയുമാണ് മോഷണം പോയത്. നാല് കിലോമീറ്റർ ചുറ്റളവിലാണ് രണ്ട് സംഭവങ്ങളും നടന്നത്. കൊഞ്ചിറവിളയിലെ സംഭവത്തിൽ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുന്നുവെന്നും അമ്പലത്തറയിലെ സംഭവത്തിൽ തെളിവുകൾ ശേഖരിക്കുകയാണെന്നും പൊലീസ് പറയുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് അമ്പലത്തറയ്ക്ക് സമീപം കൊഞ്ചിറവിളയിലെ വീട്ടിൽ നിന്നു 36 ലക്ഷത്തിലധികം രൂപയുടെ കവർച്ച നടന്നതായി പൊലീസിൽ പരാതി നൽകിയത്. ഒരാഴ്ചയാകുമ്പോഴേക്കും സംഭവത്തിൽ പ്രതികളെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ലെന്നാണ് ആക്ഷേപം. കൊഞ്ചിറവിള ടി.സി 49/490ൽ അഭിഭാഷകയായ കവിതയുടെ ഇരുനില വീടിന്റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്നാണ് കവർച്ച നടത്തിയത്. രണ്ടാം നിലയിലുള്ള ബെഡ് റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 16ലക്ഷം രൂപ വില വരുന്ന 70 പവൻ സ്വർണം, 20 ലക്ഷം രൂപ വില വരുന്ന ഡയമണ്ട്, 25000 രൂപ എന്നിവയാണ് നഷ്ടമായത്. അവധിക്കാല യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് വീട്ടുകാർ സംഭവം അറിയുന്നത്. സമാനമായ രീതിയിലാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിൽ മിൽമ സഹകരണസംഘത്തിലും കവർച്ച നടന്നത്. വാതിലുകൾ കുത്തിപ്പൊളിച്ച് മേശയ്ക്കുള്ളിൽ നിന്നു 5.75 ലക്ഷം രൂപ മോഷ്ടിക്കുകയായിരുന്നു.