തിരുവനന്തപുരം: കാറോടിച്ചത് ആരാണെന്ന ചോദ്യത്തിന് 'അപ്പു, അപ്പു' എന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് ബാലഭാസ്കർ പറഞ്ഞതായി പിതാവ് സി.കെ.ഉണ്ണി ക്രൈംബ്രാഞ്ചിന് മൊഴിനൽകി. ഡ്രൈവർ അർജുന്റെ വിളിപ്പേരാണ് അപ്പു. ലക്ഷ്‌മിയുടെ അമ്മയും മറ്റ് ബന്ധുക്കളും ചോദിച്ചപ്പോഴും ഇതായിരുന്നു മറുപടി.
അപകടത്തിൽ തലയ്ക്ക് ക്ഷതമേറ്റതിനാൽ ബാലുവിന്റെ ഓർമ്മശക്തി പരിശോധിക്കാൻ ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരമാണ് കാറോടിച്ചത് ആരാണെന്ന് ബന്ധുക്കൾ ചോദിച്ചത്. അപകടസമയത്ത് കാറോടിച്ചത് അർജുനായിരുന്നെന്ന് ലക്ഷ്‌മിയും ബാലുവായിരുന്നെന്ന് അർജുനും പറഞ്ഞതിൽ വ്യക്തത വരുത്താൻ ഉണ്ണിയുടെ മൊഴി ക്രൈംബ്രാഞ്ചിന് സഹായകമാകും. കാറോടിച്ചതാരെന്ന് സംശയാതീതമായി തെളിയിക്കാൻ ഫോറൻസിക് പരിശോധനാ ഫലം ഉടൻ ലഭ്യമാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു കൂടി ലഭ്യമായ ശേഷമാകും അർജുനെ ചോദ്യം ചെയ്യുക. വ്യക്തമായ തെളിവില്ലാതെ ചോദ്യം ചെയ്താൽ അർജുന്റെ മൊഴി വിശ്വസിക്കാനേ അന്വേഷണ സംഘത്തിന് കഴിയൂ.
അതിനിടെ, താൻ ഒളിവിലല്ലെന്നും കോളേജ് സുഹൃത്തിനൊപ്പം ഹിമാലയ യാത്രയിലാണെന്നും ബാലഭാസ്കറിന്റെ കുടുംബ സുഹൃത്തായ പാലക്കാട്ടെ ഡോക്ടറുടെ മകൻ ജിഷ്ണു ഇന്നലെ അന്വേഷണ സംഘത്തെ അറിയിച്ചു. ക്രൈംബ്രാഞ്ച് സംഘത്തെ ഫോണിൽ ബന്ധപ്പെട്ട ജിഷ്ണു ഏത് സമയം വിളിച്ചാലും വരാൻ തയ്യാറാണെന്നും പറഞ്ഞു. എന്നാൽ എപ്പോൾ വരണമെന്ന് ഇയാൾക്ക് നിർദേശം നൽകിയിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. മുഴുവൻ തെളിവുകളും ശേഖരിച്ച ശേഷം ഇയാളെയും ചോദ്യം ചെയ്യാനാണ് ഉദ്ദ്യേശിക്കുന്നത്.
അന്വേഷണത്തലവൻ
എസ്.പിക്ക് സ്ഥലംമാറ്രം
അതിനിടെ, അന്വേഷണത്തിന് നേതൃത്വം നൽകുന്ന തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്.പി കെ.എം. ആന്റണിയെ തൃശൂരിലെ സ്പെഷ്യൽ ബ്രാഞ്ച് എസ്.പിയായി സ്ഥലം മാറ്റി. പൊലീസിലെ വൻ അഴിച്ചുപണിയുടെ ഭാഗമായാണ് സ്ഥലംമാറ്റമെന്നാണ് ഔദ്യോഗിക വിശദീകരണം.