 കാറിലുണ്ടായിരുന്നത് 44 പവനും 2 ലക്ഷം രൂപയും

തിരുവനന്തപുരം: ബാലഭാസ്കറും കുടുംബവും അപകടത്തിൽപ്പെട്ട കാറിലുണ്ടായിരുന്ന സ്വർണം തേടിയും പ്രകാശൻ തമ്പി എത്തിയിരുന്നതായി ക്രൈംബ്രാഞ്ച് വെളിപ്പെടുത്തി. കാറിൽ നിന്നു കണ്ടെത്തിയ സ്വർണത്തെക്കുറിച്ച് ലോക്കൽ പൊലീസിനോട് ആദ്യം അന്വേഷിച്ചത് പ്രകാശനാണ്. 44 പവന്റെ ആഭരണങ്ങളും രണ്ട് ലക്ഷം രൂപയും കാറിലുണ്ടായിരുന്നു.

കഴിഞ്ഞ സെപ്തംബർ 25ന് പുലർച്ചെയാണ് വാഹനം പള്ളിപ്പുറത്ത് അപകടത്തിൽപ്പെട്ടത്. അപകട സ്ഥലത്ത് ആദ്യമെത്തിയത് ഹൈവേ പട്രോളിംഗ് സംഘമാണ്. പിന്നീട് മംഗലപുരം പൊലീസ് വാഹനം പരിശോധിച്ച് കാറിലുണ്ടായിരുന്ന സാധനങ്ങൾ സ്​റ്റേഷനിലേക്ക് മാ​റ്റി. രണ്ടു ബാഗുകളിൽ നിന്നാണ് സ്വർണവും പണവും കണ്ടെടുത്തത്.

ലോക്ക​റ്റ്, മാല, വള, സ്വർണനാണയം, മോതിരം എന്നിവയ്ക്കു പുറമേ താക്കോലുകളും ബാഗുകളിലുണ്ടായിരുന്നു. 10, 20, 50, 100, 500, 2000 നോട്ടുകളുടെ കെട്ടുകളായിട്ടാണു പണം സൂക്ഷിച്ചിരുന്നത്. 2 ലക്ഷം രൂപയും 44 പവൻ സ്വർണവും എണ്ണി തിട്ടപ്പെടുത്തി പൊലീസ് രജിസ്​റ്ററിൽ രേഖപ്പെടുത്തി. പ്രകാശൻ തമ്പി പിറ്റേന്ന് രാവിലെ തന്നെ സ്​റ്റേഷനിലെത്തി മാനേജരാണെന്നു പരിചയപ്പെടുത്തി സ്വർണത്തിന്റെ വിവരങ്ങൾ ആരാഞ്ഞു. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്‌മിയുടെ ബന്ധുക്കളും കൂടെയുണ്ടായിരുന്നു. ബാലഭാസ്‌കറും ലക്ഷ്മിയും അപ്പോൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായിരുന്നു. കുട്ടിയുടെ മരണം സ്ഥിരീകരിച്ചിരുന്നു.

ബന്ധുക്കളാണെന്ന് ബോദ്ധ്യമായതോടെ പൊലീസ് ബാഗുകളും ആഭരണങ്ങളും പണവും ഇവർക്ക് കൈമാറി. ഇതിന്റെ രേഖകൾ പിന്നീട് കേസ് അന്വേഷിച്ച ആ​റ്റിങ്ങൽ ഡിവൈ.എസ്.പി അനിൽകുമാറിന് കൈമാറി. ആഭരണം സംബന്ധിച്ച രേഖകൾ ഇപ്പോൾ ക്രൈംബ്രാഞ്ചിന്റെ പക്കലാണ്.