police-commissionarate
police commissionarate


 വിഞ്ജാപനം തിങ്കളാഴ്ച ഇറങ്ങിയേക്കും

തിരുവനന്തപുരം: മജിസ്റ്റീരിയൽ പദവിയിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെങ്കിലും രാജ്യത്തെ മറ്റ് കമ്മിഷണറേറ്റുകൾക്കുള്ള ചില അധികാരങ്ങൾ കേരളത്തിൽ വേണ്ടെന്നുവയ്ക്കാൻ ഐ.പി.എസുകാർ സന്നദ്ധതയറിയിച്ചു. ബഹുനില മന്ദിരങ്ങൾ നിർമിക്കുന്നതിനു പൊലീസ് ലൈസൻസ് നിർബന്ധമാക്കുന്നതും സിനിമാ തിയേ​റ്ററുകളുടെ നിയന്ത്റണമടക്കം നാല് വിഷയങ്ങളിൽ വിട്ടുവീഴ്ചയാകാമെന്നുമാണ് നിലപാട്. അതേസമയം, അടുത്തഘട്ടത്തിൽ ഈ അധികാരങ്ങൾ നൽകാമെന്ന് സർക്കാരിന്റെ ഉറപ്പ് ലഭിക്കണം. സമവായത്തിലെത്തിയാൽ തിങ്കളാഴ്ച വിഞ്ജാപനം ഇറങ്ങിയേക്കും.

കമ്മിഷണറേ​റ്റ് രൂപീകരിച്ചിട്ടുള്ള നഗരങ്ങളിൽ ബഹുനില മന്ദിരങ്ങൾക്ക് അനുമതി നൽകുന്നത് പൊലീസ് സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ്. വാഹന പാർക്കിംഗ് സൗകര്യവും ഫയർഎൻജിൻ ഉൾപ്പെടെ കടന്നുപോവാനുള്ള സൗകര്യവും പരിശോധിച്ചാകും സർട്ടിഫിക്കറ്റ് നൽകുക. രണ്ടു നിലയിലധികമുള്ള കെട്ടിടങ്ങൾക്ക് മതിയായ പാർക്കിംഗ് സൗകര്യമുണ്ടെന്നും പൊലീസ് സാക്ഷ്യപ്പെടുത്തണം.

ആയുധങ്ങൾക്കും സ്ഫോടകവസ്തുക്കൾക്കും ലൈസൻസ് നൽകൽ, കൈമാറ്റം എന്നിവ മറ്റിടങ്ങളിൽ പൊലീസിന്റെ നിയന്ത്രണത്തിലാണ്. ഇവിടെ കളക്ടർമാരും റവന്യൂ ഉദ്യോഗസ്ഥരുമാണ് ഈ അനുമതികൾ നൽകുന്നത്. ഇക്കാര്യത്തിലും വിട്ടുവീഴ്ചയാകാമെന്നാണ് ഐ.പി.എസുകാരുടെ നിലപാട്.

ഡോക്ടർമാർ കുറിക്കാതെ ചില മരുന്നുകൾ മയക്കുമരുന്നായി ഉപയോഗിക്കുന്നതു തടയാൻ ഡ്രഗ്‌സ് കൺട്രോളറുമായി ചേർന്നുള്ള പ്രവർത്തനങ്ങൾക്ക് പൊലീസിന് മറ്റിടങ്ങളിൽ അധികാരമുണ്ട്. ഈ അധികാരങ്ങൾ നൽകിയാൽ അഴിമതിക്കിടയാക്കുമെന്ന് ഐ.എ.എസുകാർ നിലപാടെടുത്തതോടെയാണ് പൊലീസ് ഇവ വേണ്ടെന്നുവച്ചത്. ആയുധങ്ങളുടെയും സ്ഫോടകവസ്തുക്കളുടെയും നിയന്ത്രണ അധികാരം കളക്ടറിൽ നിന്ന് മാറ്റരുതെന്ന് ഐ.എ.എസുകാരും ആവശ്യപ്പെട്ടിട്ടുണ്ട്.