കിളിമാനൂർ: പരമ്പരാഗത ജലസ്രോതസുകൾ നശിക്കുമ്പോഴും കാഴ്ചക്കാരാവുകയാണ് സംരക്ഷകർ. ഓരോ വേനൽ കാലം വരുന്നതിന് മുൻപായി തകർന്ന് കിടക്കുന്ന കുളങ്ങളും, പുഴകളും നവീകരിക്കാൻ ചാടിയിറങ്ങുന്ന അധികൃതർ വേനൽ കാലം കഴിയുന്നതോടെ ഇത് മറക്കും. അങ്ങനെ കഴിഞ്ഞ ഒരു വ്യാഴവട്ടകാലമായി നശിച്ചു കിടക്കുന്ന ചരിത്രപരമായ ഒരു കുളമാണ് അയ്യപ്പൻകാവ് കുളം. കിളിമാനൂർ പഞ്ചായത്തിൽ കിളിമാനൂർ കൊട്ടാരത്തിന് സമീപത്തായാണ് ഈ കുളം സ്ഥിതി ചെയ്യുന്നത്.
കിളിമാനൂർ കൊട്ടാരത്തിന്റെ പരദേവതയായ അയ്യപ്പൻകാവ് ക്ഷേത്രത്തിലെ ആറാട്ടിനും ആചാരാനുഷ്ഠാനങ്ങൾക്കുംഈ കുളം ഉപയോഗിച്ചിരുന്നു. എന്നാൽ ഒരു വ്യാഴവട്ടകാലത്തിന് മുൻപ് കുളത്തിന് ശനിദശ ബാധിച്ചു തുടങ്ങി. കുളിക്കും തേവാരത്തിനുമൊക്കെ കെട്ടിയിരുന്ന കുളിക്കടവും പടിക്കെട്ടുമൊക്കെ തകർന്നടിഞ്ഞു. മഴക്കാലത്ത് ഒലിച്ചു വന്ന ചെളിയും മണ്ണും ഒക്കെയായി കുളം മൂടി. കുളത്തിൽ മരങ്ങളും കാട്ടുചെടികളും വളർന്നതോടെ കുളം അപ്രത്യക്ഷമായി. രവിവർമ്മയും രാജകുടുംബാഗങ്ങളും ഒക്കെ സഞ്ചരിച്ചിരുന്ന പാതകളും ഇപ്പോൾ കാട്ടുചെടികൾ വളർന്ന് സഞ്ചാരയോഗ്യമല്ലാതായി.