നെയ്യാറ്റിൻകര: പ്രകൃതിയിൽ നിരന്തരമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനവും വരൾച്ചയും ഉത്പന്നങ്ങൾക്ക് ആവശ്യമായ ലാഭം കിട്ടാതെയുമൊക്കെ താലൂക്കിൽ കൃഷി അന്യമാകൂകയാണ്. താലൂക്കിലുടനീളം ഹെക്ടർ കണക്കിന് കൃഷിഭൂമിയാണ് ശാസ്ത്രീയമായി കൃഷി ചെയ്യാതെ തരിശായി കിടക്കുന്നത്.

നെൽകൃഷി സമൃദ്ധമാക്കുവാൻ കൃഷി വകുപ്പിന്റെ കീഴിൽ നിരവധി പദ്ധതികൾ ഉണ്ടെങ്കിലും യഥാർത്ഥ കർഷകന് പ്രയോജനപ്പെടുന്നില്ലെന്നാണ് പ്രധാന പരാതി.

മീനമാസം തുടങ്ങിയാൽ സാധാരണ പാടമൊരുക്കി കൃഷിയിറക്കുന്ന പഴയ കാല കൃഷി രീതികളൊക്കെ മാറി. ഇപ്പോഴാകട്ടെ ജൂണിലേയും ഒക്ടോബറിലേയും വെള്ളപ്പൊക്കത്തിൽ നശിക്കാതെയുള്ള കൃഷി രീതിയാണ് മിക്ക കർഷകരും അവലംബിക്കുന്നത്. വാഴയും മരിച്ചീനിയും വീട്ടാവശ്യത്തിനുള്ള പച്ചക്കറിയുമൊക്കെയാണ് ഇപ്പോൾ പാടങ്ങളിൽ വ്യാപകമായി കൃഷി ചെയ്യുന്നത്. ഇവയാകട്ടെ മഴവെള്ളം കയറിയാൽ നശിക്കുന്നവയുമാണ്. അതിനാൽ വളരെ പരിമിതമായ തോതിലാണ് കർഷകർ കൃഷിയിറക്കുന്നത്. അനിയന്ത്രിതമായി പെയ്യന്ന മഴവെള്ളത്തിലും നെയ്യാർ കരവിഞ്ഞൊഴുകിയുമുള്ള വെള്ളപ്പൊക്കത്തിൽ നിന്നും കൃഷിയടങ്ങളെ സംരക്ഷിക്കുവാൻ യാതൊരു നിർദ്ദേശങ്ങളോ പദ്ധതികളോ ഇല്ല.

വെള്ളപ്പൊക്കത്തിൽ നിന്നും കൃഷിയിടങ്ങളെ സംരക്ഷിക്കാൻ കാർഷിക ഗവേഷണശാലകൾക്ക് നിരവധി പ്രായോഗിക നിർദ്ദേശങ്ങൾ നൽകാമെന്നിരിക്കെ ഇവയൊന്നും കൃഷിഭവനുകൾ വഴി കർഷകർക്ക് ലഭ്യാക്കുന്നില്ല. കൃഷി ശാസ്ത്രജ്ഞന്മാരും കർഷകരെ തിരിഞ്ഞുനോക്കുന്നില്ല. മുൻകാലങ്ങളിൽ കുളങ്ങൾക്കും കൃഷിയിടങ്ങൾക്ക് സമീപത്തുകൂടെ ഒഴുകുന്ന ചെറുനദിക്കരയിലും കൂറ്റൻ ബണ്ടുകൾ നിർമ്മിച്ചാണ് വെള്ളപ്പൊക്കത്തിൽ നിന്നും കൃഷിയിടങ്ങൾക്ക് സംരക്ഷണം നൽകുന്നത്. ഈ ബണ്ടുകളിൽ പലതും കഴിഞ്ഞ പേമാരിയിൽ തകർന്നു. ഇതു കാരണം പെരുമ്പഴുതൂർ, മലിയിക്കട, മാരായമുട്ടം, കൊല്ലയിൽ, തിരുപുറം പ്രദേശങ്ങളിലെ പരമ്പരാഗത കൃഷിയിടങ്ങൾ തരിശായി കിടപ്പാണ്.

കഴിഞ്ഞ നിരവധി വർഷങ്ങളിൽ ഒക്ടോബറിലെ വെള്ളപ്പൊക്കത്തിൽ കൃഷി നശിച്ച കർഷകർക്ക് ഇതേ വരെ ധനസാഹയം ലഭിച്ചിട്ടില്ലത്രേ. വാഴ ഒന്നിന് എൺപത് രൂപയാണ് ലഭിക്കുന്നതെങ്കിലും കുലക്കാറായ വാഴക്ക് ഉത്പാദന ചിലവ് ഇതിലുമെത്രയോ ആകുമെന്ന് കർഷകർ പറയുന്നു. വാഴകൾക്ക് അടിക്കടി മാറി മാറി പിടികൂടന്ന രോഗങ്ങൾക്കും കൃഷി ഭവൻ വഴി കൃത്യമായ പരിശോധനയോ കീടബാധാ പ്രയോഗത്തിനെതിരെയുള്ള മരുന്നുകളോ ലഭിക്കുന്നുമില്ല.