തിരുവനന്തപുരം: ഹയർസെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന് സ്‌കൂൾ കോമ്പിനേഷൻ മാറ്റത്തിനുള്ള അന്തിമ ലിസ്റ്റിൽപ്പെട്ട വിദ്യാർത്ഥികൾക്കും സ്‌പോർട്സ് സപ്ലിമെന്ററി അലോട്ട്‌മെന്റിൽ ഇടംപിടിച്ചവർക്കും ഇന്ന് രാവിലെ പത്തു മുതൽ പ്രവേശനം നേടാം. നാളെ വൈകിട്ട് നാലു വരെയാണ് പ്രവേശനത്തിനുള്ള സമയപരിധി. പ്രവേശന സമയത്ത് www.hscap.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമായ അലോട്ട്‌മെന്റ് സ്ലിപ്പ് ഹാജരാക്കണം. സ്‌പോർട്സ് ക്വോട്ടയിൽ സപ്ലിമെന്ററി അലോട്ട്‌മെന്റ് ലഭിച്ചവർ സ്‌പോർട്സ് കൗൺസിലിൽനിന്ന് ലഭിച്ച സ്‌കോർ കാർഡ്, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ ഹാജരാക്കണം.
വർദ്ധിപ്പിച്ച 20 ശതമാനം സീറ്റ് ഉൾപ്പെടെ 80471 സീറ്റുകളിലേക്കാണ് അലോട്ട്‌മെന്റ്. മുഖ്യഘട്ടത്തിൽ സ്‌കൂളിൽ അപേക്ഷ സമർപ്പിച്ച് ലഭിക്കാത്തവർ നേരത്തേ അപേക്ഷിച്ച സ്‌കൂളിൽ റിന്യൂവൽ ഫോം സമർപ്പിക്കണം.
മുഖ്യ അലോട്ട്‌മെന്റിന് അപേക്ഷിച്ച് ലഭിക്കാതിരുന്നവരും ഇതുവരെ അപേക്ഷ നൽകാത്തവരുമായ വിദ്യാർത്ഥികൾക്ക് നാളെ വൈകിട്ട് നാലുവരെ സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാൻ അവസരമുണ്ട്. ഇതുവരെ അപേക്ഷിക്കാത്തവർ വെബ്‌സൈറ്റിലെ 'അപ്ലൈ ഓൺലൈൻ' ലിങ്കിലൂടെ അപേക്ഷിച്ച് അതിന്റെ പ്രിന്റൗട്ട് അനുബന്ധ രേഖകൾ സഹിതം സമീപത്തുള്ള ഏതെങ്കിലും സർക്കാർ/ എയ്ഡഡ് ഹയർസെക്കൻഡറി സ്‌കൂളിൽ സമർപ്പിക്കണം.
മുഖ്യ ഘട്ടത്തിൽ അപേക്ഷിച്ച് വെരിഫിക്കേഷനായി സമർപ്പിക്കാത്തവർ പ്രിന്റൗട്ടിൽ പുതിയ ഓപ്ഷനുകൾ എഴുതിച്ചേർത്ത് ഏറ്റവുമടുത്ത സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറി സ്‌കൂളിൽ വെരിഫിക്കേഷനായി സമർപ്പിക്കണം. സപ്ലിമെന്ററി അലോട്ട്‌മെന്റ് 13ന് പ്രസിദ്ധീകരിക്കും.
സീറ്റുകൾ ജില്ല തിരിച്ച്
തിരുവനന്തപുരം- 5852, കൊല്ലം- 5619, പത്തനംതിട്ട- 4103, ആലപ്പുഴ- 5258, കോട്ടയം- 5341, ഇടുക്കി- 3336, എറണാകുളം- 7372, തൃശൂർ- 7430, പാലക്കാട്- 6055, കോഴിക്കോട്- 7537, മലപ്പുറം- 10377, വയനാട്- 2237, കണ്ണൂർ- 6549, കാസർകോട്- 3405.