പാലോട് : ആദിവാസി പിന്നാക്ക വിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടിഞ്ഞാറിലും മങ്കയത്തുമുള്ള കോളേജ് വിദ്യാർത്ഥികളെ കൃത്യസമയത്ത് ക്ലാസിൽ കയറ്റില്ലെന്ന വാശിയിലാണ് കെ.എസ്.ആർ.ടി.സി. പാലോട് ഡിപ്പോയിലെ ജീവനക്കാരാണ് ഈ നിർബന്ധബുദ്ധിയോടെ സർവീസ് നടത്തുന്നത്. മേഖലയിലെ കുട്ടികളെ പെരിങ്ങമ്മല ഇക്‌ബാൽ കോളേജിലെത്തിക്കാനും വൈകിട്ട് തിരികെ എത്തിക്കാനും വേണ്ടി മൂന്ന് പതിറ്റാണ്ടിലേറെയായി പാലോട് ഡിപ്പോയിൽ നിന്ന് സർവീസ് നടത്തുന്ന മങ്കയം-ഇക്‌ബാൽ കോളേജ് ബസ് കഴിഞ്ഞ അദ്ധ്യയന വർഷം മുതൽ രാവിലെയും വൈകിട്ടും രണ്ടു മണിക്കൂർ വൈകിയാണ് സർവീസ് നടത്തുന്നത്.ഇക്കൊല്ലമെങ്കിലും സമയക്രമം പാലിക്കുമെന്ന് കരുതിയ നാട്ടുകാർക്കും കുട്ടികൾക്കും തെറ്റി.ഈ അദ്ധ്യയന വർഷത്തെ ആദ്യ ദിനത്തിലും കോളേജ് ബസ് എത്തിയത് വൈകിയായിരുന്നു. മങ്കയത്തും ഇടിഞ്ഞാറിലും ബസിറങ്ങി രണ്ടും മൂന്നും കിലോമീറ്റർ കാട്ടിലൂടെ നടന്ന് വീട്ടിൽ എത്തേണ്ട കുട്ടികളാണ് കൂടുതൽ പേരും. വൈകുന്നേരങ്ങളിൽ കാട്ടാനയും കാട്ടുപോത്തും കാട്ടുവഴികളിൽ നിലയുറപ്പിക്കുന്നത് പതിവാണ്.വന്യ ജീവിശല്യം രൂക്ഷമായ ഈ മേഖലയിൽ വൈകുന്നേരത്തെ ബസ് വൈകി എത്തുന്നത് കുട്ടികളുടെ ജീവന് പോലും ഭീഷണിയാണെന്നിരിക്കെ തങ്ങളുടെ പതിവ് ശൈലിമാറ്റാൻ
കെ.എസ്.ആർ.ടി.സിക്ക് യാതൊരു ഭാവവുമില്ല.
കുട്ടികൾ വൈകുമ്പോൾ രക്ഷകർത്താക്കളുടെ മനസിൽ തീയാണ്.
32 വർഷമായി മുടങ്ങാതെ സർവീസ് നടത്തുന്ന ബസാണ് കഴിഞ്ഞ വർഷം മുതൽ ജീവനക്കാരുടെ തന്നിഷ്ടം കണക്ക് ഓടിക്കുന്നത്.മങ്കയം-ഇക്‌ബാൽ കോളേജ് ബസ് സർവീസ് സമയനിഷ്ഠ പാലിക്കണമെന്നും മുടങ്ങരുതെന്നും ആവശ്യപ്പെട്ട് കുട്ടികളുടെ നേതൃത്വത്തിൽ നാട്ടുകാർ ഒപ്പുശേഖരണം നടത്തി കെ.എസ്.ആർ.ടി.സി അധികൃതർക്ക് നൽകിയിട്ടുണ്ടെങ്കിലും അനുകൂല നടപടിയുണ്ടാകുന്നില്ലെന്നാണ് പരാതി.