mercykutty-amma

തിരുവനന്തപുരം: കേരളം തനിക്ക് വാരണാസിയെ പോലെയാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന സംഘബോധത്തെ ഇല്ലാതാക്കി മതബോധത്തിലേക്ക് ആളുകളെ നയിക്കാൻ ലക്ഷ്യം വച്ചുള്ളതാണെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ ആരോപിച്ചു. കേരള എൻ.ജി.ഒ യൂണിയൻ 56-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് 'സ്ത്രീ പദവിയും വർത്തമാനകാല സാഹചര്യവും' സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

വിശ്വാസത്തെയും ആചാരത്തെയും ചോദ്യം ചെയ്യാനാകാത്ത തലത്തിലേക്ക് മാറിയിരിക്കുന്നു. ആൾക്കൂട്ട വിശ്വാസം രാജ്യത്തിന്റെ നിയമമായി മാറുന്ന സ്ഥിതിയുണ്ടാകുന്നു. അത്തരം വിശ്വാസ സംരക്ഷണത്തിനാണ് മോദി വില കല്പിക്കുന്നതെന്നും അവർ പറഞ്ഞു. വർഗബോധത്തിൽ ചോർച്ചവരുത്തി മതബോധത്തിലെത്തിക്കാൻ നരേന്ദ്ര മോദി സർക്കാർ തീവ്രമായി പരിശ്രമിക്കുകയാണ്. സ്വതന്ത്രമായി എല്ലാ മതത്തിലും വിശ്വസിക്കാനും ആചാരങ്ങൾ അനുഷ്ഠിക്കാനും അവകാശമുണ്ട്. എന്നാൽ വിശ്വാസത്തെ ദുഷ്ടലാക്കോടെ ഉപയോഗിക്കാൻ ഫാസിസ്റ്റ് ശക്തികളും കോർപറേറ്റുകളും സദാ ശ്രമിക്കുകയാണ്. മതവും വിശ്വാസവും രാഷ്ട്രീയത്തിന് പകരം വയ്‌ക്കുന്ന അവസ്ഥ വന്നതോടെ രാജ്യത്ത് സമത്വം നഷ്ടമായി തുടങ്ങിയെന്നും മന്ത്രി പറഞ്ഞു.

എൻ.ജി.ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഇ. പ്രേംകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വനിതാ കമ്മിഷൻ അംഗം ഷാഹിദാ കമാൽ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സംസ്ഥാന സെക്രട്ടറി വി.കെ. ഷീജ, വൈസ് പ്രസിഡന്റ് ടി.പി. ഉഷ എന്നിവർ സംസാരിച്ചു.