തിരുവനന്തപുരം: ദുബായിൽ വാഹനാപകടത്തിൽ മരിച്ച വേളി മാധവപുരം ജയഭവനിൽ പി.എം. ദീപകുമാറിന് (40)​ നാടിന്റെ അന്ത്യാഞ്ജലി. വിമാനമാർഗം ഇന്നലെ രാവിലെ 5ന് തിരുവനന്തപുരത്തെത്തിച്ച മൃതദേഹം ആറു മണിയോടെയാണ് വീട്ടിലെത്തിച്ചത്. ദീപകുമാറിന്റെ ഭാര്യ ആതിരയും മകൾ അമൂല്യയും കഴിഞ്ഞ ദിവസം വീട്ടിലെത്തിയിരുന്നു. ദീപകുമാറിനെ അവസാനമായി ഒരുനോക്കു കാണാൻ ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നിരവധിപേരാണ് മാധവപുരത്തെ വീട്ടിലെത്തിയത്. അപകടത്തിൽ ദീപകുമാറിന്റെ നെറ്റിയിൽ ചെറിയ പരിക്ക് മാത്രം പറ്റിയതിനാൽ രക്ഷപ്പെടുമെന്ന പ്രതീക്ഷയുണ്ടായിരുന്ന ഭാര്യ ആതിരയ്ക്ക് മൃതദേഹം കണ്ടപ്പോൾ കരച്ചിലടക്കാനായില്ല. പ്രിയതമന്റെ മൃതദേഹത്തിനരികെ പൊട്ടിക്കരഞ്ഞ ആതിരയെ ബന്ധുക്കൾ ഏറെ പണിപ്പെട്ടാണ് ആശ്വസിപ്പിച്ചത്. വീടിന് മുന്നിൽ താത്കാലികമായി ഒരുക്കിയ പന്തലിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ മേയർ വി.കെ. പ്രശാന്ത്, ബി.ജെ.പി നേതാവ് പി.കെ. കൃഷ്ണദാസ്, മുൻ എം.എൽ.എ ആന്റണി രാജു, ബി.ജെ.പി ജില്ലാപ്രസിഡന്റ് എസ്. സുരേഷ്, വി.എസ്. ശിവകുമാർ എം.എൽ.എ, വെട്ടുകാട് വാർഡ് കൗൺസിലർ മേരി ലില്ലി രാജാസ്, ധീവരസഭ നേതാക്കളായ നീറമൺകര ജോയ്, പൂന്തുറ ശ്രീകുമാർ, കാലടി സുഗതൻ, പനത്തുറ ബൈജു തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു. വൈകിട്ട് മൂന്ന് മണിയോടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ദീപകുമാറിന്റെ സഹോദരൻ ജയകുമാറിന്റെ മക്കളാണ് ചിതയ്ക്ക് തീ കൊളുത്തിയത്. സഞ്ചയനം 13ന് രാവിലെ 8ന്. ദുബായിലെ ഒരു കമ്പനിയിൽ അക്കൗണ്ടന്റായിരുന്ന ദീപകുമാർ വ്യാഴാഴ്ച രാവിലെ ഭാര്യയ്ക്കും മകൾക്കുമൊപ്പം ഒമാനിൽ പോയി തിരിച്ച് വരുമ്പോഴുണ്ടായ അപകടത്തിലായിരുന്നു മരിച്ചത്. ദീപകുമാറിന്റെ ആന്തരികാവയവങ്ങൾക്കേറ്റ ക്ഷതമാണ് മരണ കാരണം. അപകടത്തിൽ എട്ട് മലയാളികളടക്കം 17 പേരാണ് മരിച്ചത്. വലിയ വാഹനങ്ങൾ പ്രവേശിക്കാതിരിക്കാൻ റോഡിനു കുറുകെയിട്ട ഇരുമ്പു പൈപ്പിൽ ബസ് ഇടിച്ചു കയറുകയായിരുന്നു. സംഭവസ്ഥലത്തിന് തൊട്ടുമുൻപുള്ള സ്റ്റോപ്പിൽ ഇറങ്ങേണ്ടതായിരുന്നു ദീപകുമാറും കുടുംബവും. എന്നാൽ ഉറങ്ങിപ്പോയതിനാൽ അടുത്ത സ്റ്റോപ്പിൽ ഇറങ്ങാനിരിക്കെയായിരുന്നു അപകടം സംഭവിച്ചത്. അപകടത്തിൽ ഭാര്യ ആതിരയ്ക്കും മകൾ അമൂല്യയ്ക്കും നിസാരമായി പരിക്കേറ്റിരുന്നു. 14 വർഷമായി ദുബായിലുള്ള ദീപകുമാർ കഴിഞ്ഞ ഓണത്തിനായിരുന്നു അവസാനമായി നാട്ടിലെത്തിയത്.