വർക്കല: കൊലപാതകശ്രമം, കവർച്ച കേസുകളിൽ പിടികിട്ടാപുള്ളികളായ രണ്ടുപേരെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. വർക്കല, കല്ലമ്പലം, നെടുമങ്ങാട്, പരവൂർ, പാരിപ്പളളി പൊലീസ് സ്റ്റേഷൻ പരിധികളിൽ പത്തോളം കവർച്ച - പിടിച്ചുപറി കേസുകളിലുൾപ്പെട്ട വെട്ടൂർ ആശാൻമുക്കിനു സമീപം വാഴവിളവീട്ടിൽ സാലി എന്ന സാലിഫ് (32) വർക്കല പൊലീസ് സ്റ്റേഷൻ പരിധിയിൽ ബോംബെറിഞ്ഞതുൾപ്പെടെ കൊലപാതകശ്രമം, വിദേശിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്, വിസ തട്ടിപ്പ്, കവർച്ച എന്നിങ്ങനെ പതിനഞ്ചോളം കേസുകളിലെ പ്രതിയും വിവിധ ജില്ലകളിൽ വാറണ്ടുകൾ നിലവിലുളളതുമായ മേൽവെട്ടൂർ സൽമ മൻസിലിൽ ജാനി (47) എന്നിവരാണ് അറസ്റ്റിലായത്.
എറണാകുളത്ത് ഒളിവിൽ കഴിഞ്ഞിരുന്ന സാലിഫ് അടുത്തിടെ വീട്ടിൽ വന്നുപോകാറുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ തന്ത്റപരമായി പിടികൂടിയത്. വിദേശത്ത് കടന്നിരുന്ന ജാനി രണ്ട് ദിവസം മുമ്പ് നാട്ടിലെത്തിയ വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു ജാനിയെ അറസ്റ്റ് ചെയ്തത്. വർക്കല സർക്കിൾ ഇൻസ്പെക്ടർ ജി. ഗോപകുമാർ, എസ്.ഐ ശ്യാംജി, സി.പി.ഒ മാരായ ജയ് മുരുകൻ, ഹരീഷ്, അബിനു എന്നിവർ ഉൾപെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.