രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവരുടെ കാൾലിസ്റ്റുകൾ ശേഖരിച്ചു
തിരുവനന്തപുരം : ബാലഭാസ്കറും കുടുംബവും അപകടത്തിൽപ്പെടുമ്പോൾ കാർ ഓടിച്ചിരുന്നത് അർജുനാണെന്ന നിഗമനത്തിൽ ക്രൈംബ്രാഞ്ച് എത്തിയെങ്കിലും മരണത്തിന് പിന്നിലെ ദുരൂഹതകളുടെ കുരുക്ക് അഴിക്കാൻ ഫോറൻസിക് പരിശോധന ഫലംകൂടി ലഭിക്കേണ്ടതുണ്ട്. ഫലം ഉടൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേസ് അന്വേഷിക്കുന്ന ഡി.വൈ.എസ്.പി ഹരികൃഷ്ണൻ ഫോറൻസിക് വിഭാഗത്തിന് കത്ത് നൽകി. ദൃക്സാക്ഷികളുടെ പരസ്പര വിരുദ്ധമായ മൊഴികളിൽ വ്യക്തത വരുത്താൻ അവരുടെ ഫോൺ കാളുകളുടെ വിവരങ്ങളും ക്രൈംബ്രാഞ്ച് പരിശോധിക്കുകയാണ്. ബാലഭാസ്കറിന്റെ സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ, രക്ഷാപ്രവർത്തനം നടത്തിയവർ തുടങ്ങിയവരുടെ കാൾ ലിസ്റ്റ് ക്രൈെബ്രാഞ്ച് ശേഖരിച്ചു. രണ്ട് ദിവസത്തിനുള്ളിൽ ഇതിന്റെ അടിസ്ഥാനത്തിലുള്ള പരിശോധനകൾ പൂർത്തിയാക്കും.
ഫോറൻസിക് പരിശോധനയിൽ അർജുനാണ് ഡ്രൈവർ സീറ്റിൽ ഇരുന്നതെന്നായിരുന്നു പ്രാഥമിക നിഗമനം.അപകടത്തിൽപ്പെട്ടപ്പോൾ താനാണ് വാഹനമോടിച്ചതെന്ന് അർജുൻ പറഞ്ഞതായി സ്വർണക്കടത്ത് കേസിലെ പ്രതി പ്രകാശൻ തമ്പിയും കഴിഞ്ഞദിവസം ക്രൈംബ്രാഞ്ചിനോട് പറഞ്ഞിരുന്നു.എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കണമെങ്കിൽ അന്തിമ റിപ്പോർട്ട് കൂടി വരണം. അപകടത്തിന് മുമ്പ് ഇവർ ജ്യൂസ് കുടിക്കാനിറങ്ങിയ കൊല്ലം പള്ളിമുക്കിലെ കടയിൽ നിന്നെടുത്ത കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌കിലെ ദൃശ്യങ്ങളും തിരിച്ചെടുക്കണം. ഈ ഫലങ്ങൾ വേഗത്തിൽ ലഭ്യമാക്കണമെന്നും പരിശോധന ഏജൻസികളോട് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കൂടി ലഭിച്ചാലുടൻ അർജുനെ ചോദ്യം ചെയ്യും.
ബാലുവിന്റെ മൊബൈൽ സിഡാക്കിൽ
ബാലഭാസ്‌കറിന്റേതെന്ന് സംശയിക്കുന്ന മൊബൈൽ സിഡാക്കിൽ
പരിശോധനയ്ക്കയച്ചിരിക്കുകയാണെന്ന് റവന്യൂ ഇന്റലിജൻസ് സംഘം അറിയിച്ചു. പ്രകാശൻ തമ്പിയുടെ വീട്ടിൽ നിന്നും മൂന്ന് മൊബൈലുകൾ റവന്യൂ ഇന്റലിജൻസ് സംഘംപിടിച്ചെടുത്തിരുന്നു. ഇതിൽ ഒന്ന് അപകട സമയത്ത് ബാലഭാസ്‌കർ ഉപയോഗിച്ചിരുന്ന മൊബൈലാണെന്ന് പ്രകാശൻ തമ്പി കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയിരുന്നു.
അജിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും
ബാലഭാസ്കറിന്റെ വാഹനത്തിന് തൊട്ട് പുറകിലുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി ഡ്രൈവർ അജിയുടെ മൊഴി ക്രൈംബ്രാഞ്ച് വീണ്ടും രേഖപ്പെടുത്തും. ബാലഭാസ്‌കറിന്റെ കാറിനൊപ്പം മറ്റൊരു കാർ കൂടിയുണ്ടായിരുന്നുവെന്നാണ് ഇയാൾ കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളോട് പറഞ്ഞത്. അപകടത്തിന് മുമ്പ് വരെ ഈ രണ്ടുകാറുകളും ബസിന് മുന്നിലുണ്ടായിരുന്നു. എന്നാൽ അപകടത്തിന് ശേഷം ഈ കാർ കണ്ടില്ലെന്നാണ് അജി പറയുന്നത്. എന്നാൽ നേരെത്ത അജി ഇക്കാര്യങ്ങൾ പറഞ്ഞിരുന്നില്ല. ഇതിൽ അന്വേഷണ സംഘത്തിന് സംശയമുണ്ട്.