01

കുളത്തൂർ:രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർ സഞ്ചരിച്ച സ്‌കൂട്ടർ നിർത്തിയിട്ടിരുന്ന കെ.എസ്.ആർ.ടി.സി. ബസിന് പിന്നിൽ ഇടിച്ചു കയറി 9 വയസുകാരി മരണമടഞ്ഞു. രണ്ടര വയസുകാരൻ ഉൾപ്പെടെ മറ്റ് മൂന്ന് പേർ ഗുരുതരമായ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്.

വിഴിഞ്ഞം പുല്ലൂർക്കോണം ടൗൺഷിപ്പ് കോളനിയിൽ വടുവച്ചാൽ ഹൗസ് നമ്പർ 500 ൽ സജീർഖാൻ - നസിഖ ബീവി ദമ്പതികളുടെ മകൾ അസിയ ആണ് മരിച്ചത്. അസിയയുടെ മുത്തച്ഛൻ അബ്ദുൾ വാഹീദ് ( 50 ) സ്‌കൂട്ടർ ഓടിച്ചിരുന്ന അബ്ദുൾ വാഹീദിന്റെ മകൻ മുഹമ്മദ് നാഫി ( 21 ) അസിയയുടെ അനുജൻ അഹ്‌ഫാൻ (രണ്ടര ) എന്നിവർക്കാണ് പരിക്കേറ്റത്. അബ്ദുൾ വാഹീദും അഹ്‌ഫാനും തീവ്രപരിചരണ വിഭാഗത്തിലാണ്.

വിഴിഞ്ഞം ക്രസന്റ് ഇസ്ലാമിക് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ് അസിയ. പിതാവ് സജീർഖാൻ ഗൾഫിലാണ്.

ഇന്നലെ രാവിലെ 10 .45 ന് കുളത്തൂർ എസ്.എൻ.നഗറിലെ റ്റി.എസ്.സി. ആശുപത്രിക്ക് സമീപത്തെ ബസ് സ്റ്റോപ്പിലായിരുന്നു അപകടം. കിഴക്കേകോട്ടയിൽ നിന്ന് ആറ്റിങ്ങലേക്ക് പോയ രാജധാനി ബസ്, സ്റ്റോപ്പിൽ ആളെയിറക്കി പുറപ്പെടാൻ തുടങ്ങുമ്പോൾ അമിത വേഗതയിൽ വന്ന സ്‌കൂട്ടർ പിന്നിൽ ഇടിക്കുകയായിരുന്നു. ബസിന്റെ പിറകുവശം തകർത്ത് സ്‌കൂട്ടർ ബസിന്റെ അടിയിലേക്ക് ഇടിച്ചുകയറി. റോഡിൽ തെറിച്ച് വീണ് തലയ്‌ക്കും മറ്റും ഗുരുതരമായി പരിക്കേറ്റവരെ ഓടിക്കൂടിയ നാട്ടുകാരും യാത്രക്കാരും തുമ്പപൊലീസും റ്റി.എസ്.സി. ആശുപത്രിയിൽ എത്തിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കിയ ശേഷം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അസിയയുടെ ജീവൻ രക്ഷിക്കാനായില്ല. തുടർന്ന്

മറ്റുള്ളവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. വിഴിഞ്ഞത്തെ വീട്ടിൽ നിന്ന് ആക്ടിവ സ്‌കൂട്ടറിൽ നാലുപേരും പെരുമാതുറയിലെ ബന്ധുവീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. അസിയയുടെ ഖബറടക്കം തിങ്കളാഴ്ച വിഴിഞ്ഞം ടൗൺ ഷിപ്പ് ജുമാ മസ്ജിദിൽ നടക്കും.