ലണ്ടൻ : ലോകകപ്പിൽ ആസ്ട്രേലിയയ്ക്കെതിരായ നിർണായക മത്സരത്തിൽ ഇന്ത്യയ്ക്ക് 36 റൺസിന്റെ തകർപ്പൻ വിജയം. നിശ്ചിത 50 ഒാവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 352 റൺസടിച്ച ഇന്ത്യ ഒാസീസിനെ 50 ഒാവറിൽ 316ൽ ആൾഒൗട്ടാക്കുകയായിരുന്നു . ഒാപ്പണർ ശിഖർ ധവാന്റെ സെഞ്ച്വറിയും (117), രോഹിത് ശർമ്മ (57), ക്യാപ്ടൻ വിരാട്കൊഹ്‌ലി (82) എന്നിവരുടെ അർദ്ധ സെഞ്ച്വറികളുമാണ് ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ നൽകിയത്. ഹാർദിക് പാണ്ഡ്യ (27 പന്തിൽ 48), ധോണി (14 പന്തിൽ 27) എന്നിവരുടെ അതിവേഗ ബാറ്റിംഗും തുണയായി.
മറുപടിക്കിറങ്ങിയ ഒാസീസിനായി ഡേവിഡ് വാർണർ (56), ഫിഞ്ച് (36),സ്മിത്ത്(69), ഖ്വാജ(42),മാക്സ്‌വെൽ(28), കാരേയ് (55*)എന്നിവർ പൊരുതി നോക്കിയെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ ബൗളർമാർ വിജയം പിടിച്ചുവാങ്ങുകയായിരുന്നു.ബുംറയും ഭുവനേശ്വറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ചഹലിന് രണ്ട് വിക്കറ്റ് ലഭിച്ചു.
ഒാവൽ ക്രിക്കറ്റ് മൈതാനത്ത് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത നായകൻ വിരാട് കൊഹ്‌ലിയുടെ കൃത്യം പ്ളാൻ അനുസരിച്ചായിരുന്നു ഇന്നലെ ഇന്ത്യൻ ബാറ്റിംഗിന്റെ പോക്ക്. ഒാസീസ് പേസർമാരെ അതീവ ജാഗ്രതയോടെ നേരിട്ട ഒാപ്പണിംഗ്, ബൗളിംഗ് ചേയ്ഞ്ചുകളെ ബൗണ്ടറികൾകൊണ്ട് നേരിട്ട് റൺറേറ്റ് ഉയർത്തൽ, ആദ്യ രണ്ട് വിക്കറ്റുകളിലും സെഞ്ച്വറികൂട്ടുകെട്ടുകൾ, നാലാം നമ്പരിലെ അപ്രതീക്ഷിത അതിഥിയായെത്തിയ ഹാർദിക് പാണ്ഡ്യയുടെ അതിവേഗ ഇന്നിംഗ്സ്, ധോണിയുടെയും രാഹുലിന്റെയും ഫിനിഷിംഗ് എന്നിങ്ങനെ ആസ്ട്രേലിയയെ വെള്ളം കുടിപ്പിച്ച ഇന്നിംഗ്സായിരുന്നു ഇന്ത്യയുടേത്.
സോളിഡ് സ്റ്റാർട്ട്
അമിതാവേശം ഒട്ടുമുണ്ടായിരുന്നില്ല ഇന്ത്യയുടെ ഒാപ്പണിംഗിൽ. ഫോം കണ്ടെത്താനാകാതെ വിഷമിക്കുകയായിരുന്ന ധവാനും കഴിഞ്ഞകളിയിൽ സെഞ്ച്വറിയടിച്ച രോഹിതും അതീവ ശ്രദ്ധയോടെയാണ് കമ്മിൻസിനെയും സ്റ്റാർക്കിനെയും നേരിട്ടത്. രണ്ടാം ഒാവറിൽത്തന്നെ ഷോർട്ട് മിഡ് വിക്കറ്റിൽ ഫുൾ ലെംഗ്ത് ഡൈവ് നടത്തിയിട്ടും രോഹിതിനെ വിട്ടുകളഞ്ഞ കൗട്ടർ നെയ്ൽ ഇന്ത്യയ്ക്ക് ആശ്വാസമായി. അഞ്ചാം ഒാവറിൽ ധവാനാണ് ഇന്നിംഗ്സിലെ ആദ്യ ബൗണ്ടറി പായിച്ചത്. ആദ്യ അഞ്ചോവർ പിന്നിടുമ്പോൾ 18 റൺസായിരുന്നു ഇന്ത്യയുടെ സമ്പാദ്യം.
ഗിയർ ചേഞ്ച്
എട്ടാം ഒാവറിൽ കൗട്ടർ നൈൽ ബൗളിംഗ് ഏറ്റെടുത്തതോടെയാണ് ധവാൻ ഗിയർ മാറ്റിയത്. ഇടയ്ക്കൊരു വൈഡ് ഉൾപ്പെടെ തുടർച്ചയായി മൂന്ന് ബൗണ്ടറികളാണ് ആദ്യ ഒാവറിൽ കൗട്ടർ നെയ്ൽ വഴങ്ങിയത്. ആദ്യ പത്തോവറിൽ 41/0 എന്നനിലയിലായിരുന്ന ഇന്ത്യ പിന്നീട് ഒരോവറിൽ ഒരു ബൗണ്ടറിയെങ്കിലും ലക്ഷ്യം വയ്ക്കുകയും സുന്ദരമായി സ്ട്രൈക്ക് കൈമാറുകയും ചെയ്തതോടെ 12-ാം ഒാവറിൽ 50 കടന്നു. സ്പിന്നർമാരായ മാക്‌സ്‌വെല്ലും സാംപയും എത്തിയതോടെ സ്കോറിംഗ് അനായാസമായി. എങ്കിലും അനാവശ്യ ഷോട്ടുകൾക്ക് ഇന്ത്യൻ ഒാപ്പണർമാർ മുതിർന്നില്ല. 17-ാം ഒാവറിൽ കൗട്ടർ നൈലിനെതിരെ രോഹിത് മത്സരത്തിലെ ആദ്യ സിക്സ് പായിച്ചു. അടുത്ത ഒാവറിൽ ധവാൻ അർദ്ധസെഞ്ച്വറി തികയ്ക്കുകയും 19-ാം ഒാവറിൽ ഇന്ത്യ 100 ലെത്തുകയും ചെയ്തു.
രോഹിത് റിട്ടേൺസ്
21-ാം ഒാവറിൽ അർദ്ധസെഞ്ച്വറിയിലെത്തിയിരുന്ന രോഹിത് ശർമ്മ 23-ാം ഒാവറിൽ ടീം സ്കോർ 127 ൽ നിൽക്കെ കൗട്ടർ നെയ്ലിന്റെ പന്തിൽ കീപ്പർക്ക് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. 70 പന്തുകൾ നേരിട്ട രോഹിത് മൂന്ന് ബൗണ്ടറികളും ഒരു സിക്സുമാണ് പായിച്ചത്. തുടർന്ന് ക്രീസിലെത്തിയ നായകൻ കൊഹ്‌ലിയെകൂട്ടി ധവാൻ സെഞ്ച്വറിയിലേക്ക് കുതിച്ചു. 25 ഒാവറുകൾ പിന്നിടുമ്പോൾ ഇന്ത്യ 136/1 എന്ന നിലയിലായിരുന്നു. കൊഹ്‌ലിയും ധവാനും താളത്തിൽ കളിച്ചതോടെ സ്കോർ ബോർഡും നിരന്തരം ചലിച്ചു. 33-ാം ഒാവറിൽ ധവാൻ സെഞ്ച്വറിയിലേക്കെത്തി.
94 പന്തുകളാണ് ധവാന് ഇതിനായി വേണ്ടിവന്നത്. 34-ാം ഒാവറിൽ ഇന്ത്യ 200 കടന്നു. സെഞ്ച്വറിക്ക് ശേഷം ഉയർത്തിയടിച്ച ധവാൻ 37-ാം ഒാവറിലാണ് മടങ്ങിയത്. സബ് സ്റ്റിറ്റ്യൂട്ട് ഫീൽഡർ ലിയോണാണ് സ്റ്റാർക്കിന്റെ പന്തിൽ ക്യാച്ചെടുത്തത്. 109 പന്തുകൾ നേരിട്ട ധവാൻ 16 ബൗണ്ടറികൾ പായിച്ചിരുന്നു.
ഹാർദിക് വെടിക്കെട്ട്
നാലാം നമ്പർ പൊസിഷനിൽ രാഹുലിനെയോ ധോണിയോ ഇറക്കാതെ ഹാർദിക് പാണ്ഡ്യയെ പരീക്ഷിച്ച ടീം മാനേജ്മെന്റിന്റെ തന്ത്രമായിരുന്നു ഇന്നലത്തെ ഹൈലൈറ്റ്. വന്നപ്പാടെ ക്യാച്ച് കൈവിട്ട കീപ്പർ കാരേയ് പിന്നീട് പാണ്ഡ്യെ തകർത്താടുന്നതിന് സാക്ഷിയാകേണ്ടിവന്നു. 37 ഒാവറിൽ 220/2 എന്ന സ്കോറിൽ കളത്തിലിറങ്ങിയ പാണ്ഡ്യ 45.5 ഒാവറിൽ കൂടാരം കയറുമ്പോൾ 301/3 എന്ന നിലയിലായിരുന്നു. ഇതിനിടയിൽ 27 പന്തുകൾ മാത്രം നേരിട്ട ഹാർദിക് നാല് ഫോറുകളുടെയും മൂന്ന് സിക്സുകളുടെയും അകമ്പടിയോടെ നേടിയത് 48 റൺസും.
സ്റ്റൈലൻ ഫിനിഷിംഗ്
കൊഹ്‌ലിയും ധോണിയും രാഹുലും ചേർന്നതോടെ അവസാന അഞ്ചോവറിൽ ഇന്ത്യ 52 റൺസ് അടിച്ചെടുത്തു. ധോണി 14 പന്തുകളിൽ മൂന്ന് ഫോറും ഒരു സിക്സുമടിച്ച് സ്റ്റോയ്‌നിസിന് അവസാന ഒാവറിന്റെ ആദ്യപന്തിൽ റിട്ടേൺ ക്യാച്ച് നൽകിയപ്പോൾ കൊഹ്‌ലി അഞ്ചാം പന്തിൽ കമ്മിൻസിന് ക്യാച്ച് നൽകി. 77 പന്തുകൾ നേരിട്ട ഇന്ത്യൻ നായകൻ നാലുഫോറും രണ്ട് സിക്സും പായിച്ചു. രാഹുൽ മൂന്ന് പന്തുകളിൽ 11 റൺസുമായി പുറത്താകാതെനിന്നു.
സ്കോർ ബോർഡ്
ടോസ് : ഇന്ത്യ
ഇന്ത്യ ബാറ്റിംഗ് : രോഹിത് സി കാരേയ് ബി കൗട്ടർ നൈൽ 57, ധവാൻ സി (സബ്) ബി സ്റ്റാർക്ക് 117, കൊഹ്‌ലി സി കമ്മിൻസ് ബി സ്റ്റോയ്‌നിസ് 82, ഹാർദിക് പാണ്ഡ്യ സി ഫിഞ്ച് ബി കമ്മിൻസ് 48, ധോണി സി ആൻഡ് ബി സ്റ്റോയ്‌നിസ് 27, രാഹുൽ നോട്ടൗട്ട് 11, കേദാർ നോട്ടൗട്ട് 0,
എക്സ്ട്രാസ് 10, ആകെ 50 ഒാവറിൽ 352/5.
വിക്കറ്റ് വീഴ്ച : 1-127 (രോഹിത് , 22.3 ഒാവർ)
2-220 (ധവാൻ -37), 3-301 (പാണ്ഡ്യെ, 45.5), 4-338 (ധോണി, 49.1), 5-348 (കൊഹ്‌ലി 49.5)
ബൗളിംഗ്
കമ്മിൻസ് 10-0-55-1, സ്റ്റാർക്ക് 10-0-74-1, കൗട്ടർ നെയ്‌ൽ 10-1-63-1, മാക്സ്‌വെൽ 7-0-45-0, സാംപ 6-0-50-0, സ്റ്റോയ്‌നിസ് 7-0-62-2.