തിരുവന്തപുരം: കാലവർഷം ആരംഭിച്ചതോടെ ജില്ലയിലെ തീരപ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമായി. വലിയതുറമേഖലയിൽ ഇന്നലെയുണ്ടായ വ്യാപക കടൽക്ഷോഭത്തിൽ നിരവധി വീടുകൾ തകർ‌ന്നു. കഴിഞ്ഞ കടൽക്ഷോഭത്തിൽ ഭാഗികമായി തകർന്നതും തീരപ്രദേശത്തോട് ചേർന്നതുമായ ആറോളം വീടുകളാണ് രണ്ട് ദിവസമായി തുടരുന്ന കടൽ ക്ഷോഭത്തിൽ തകർന്നത്. ആർക്കും പരിക്കില്ല. വലിയതുറ മുതൽ ശംഖുംമുഖം വരെയുള്ള പ്രദേശത്താണ് കടലാക്രമണം രൂക്ഷമായത്. പ്രദേശത്തെ നൂറോളം വീടുകളിൽ വെള്ളം കയറുകയും ചെയ്തു. പ്രദേശത്ത് രാത്രി വൈകിയും കടൽക്ഷോഭം രൂക്ഷമാണ്.

വലിയതുറ സെന്റ് ആന്റണീസ് ഫുട്ബാൾ ഗ്രൗണ്ടിന്റെ സമീപത്ത് പകുതി തകർന്ന നിലിലായിരുന്ന സിംസൺ എന്നയാളുടെ ഇരുനില വീട് ശനിയാഴ്ച പൂർണമായും തകർന്നു. കൊച്ചുതോപ്പ് റോഡിൽ അലോഷ്യസ്, വലിയതുറയിലെ സോളമൻ,​ ത്രേസ്യാമ്മ, കറുപ്പായി റോഡിൽ റീത്ത. തുടങ്ങിയവരുടെ വീടുകളും തകർന്നു. കടൽ ക്ഷോഭം രൂക്ഷമായതിനെ തുടർന്ന് പലരും ബന്ധുവീടുകളിലേക്ക് മാറി. വലിയതുറ മുതൽ ശംഖുംമുഖം വരെയുള്ള പ്രദേശങ്ങളിലെ നിരവധി വീടുകൾ കടൽക്ഷോഭത്തെ തുടർന്ന് അപകടഭീഷണിയിലാണെന്ന് നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ കടലാക്രമണത്തിൽ വീടുകൾ തകരുകയും വെള്ളം കയറുകയും ചെയ്ത 50ഓളം കുടുംബങ്ങൾ നിലവിൽ വലിയതുറ ബഡ്സ് സ്‌കൂൾ, ഗവ. യു.പി.എസ്, തുറമുഖ വളപ്പിലെ ഗോഡൗൺ എന്നിവിടങ്ങളിലാണ് താമസിക്കുന്നത്.

കടൽക്ഷോഭവുമായി ബന്ധപ്പെട്ട് പുതുതായി വീടുകൾ തകർന്നത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കടൽ ക്ഷോഭം രൂക്ഷമായാൽ സ്വീകരിക്കേണ്ട മാർഗനിർദ്ദേശങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്.

ജോൺ സാമുവൽ

ഡെപ്യൂട്ടി കളക്ടർ