തിരുവനന്തപുരം: താൻ മരിച്ചു കഴിഞ്ഞാൽ തന്റെ പ്രതിമ ഒരിടത്തും സ്ഥാപിക്കരുതെന്ന് കവിയും ചലച്ചിത്രകാരനുമായ ശ്രീകുമാരൻ തമ്പി പറഞ്ഞു. ഞാൻ എന്നു പറഞ്ഞാൽ ശരീരമല്ല. മരിച്ചു കഴിഞ്ഞാൽ തന്റെ സ്മരണ നിലനിറുത്താൻ തന്റെ കല, തന്റെ പുസ്തകങ്ങൾ, മൂവായിരത്തോളം ഗാനങ്ങൾ തുടങ്ങിയവ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശ്രീകുമാരൻ തമ്പി ഫൗണ്ടേഷന്റെ ഉദ്ഘാടന ചടങ്ങിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഞാനൊരു കർമ്മയോഗിയാണ്,​ കർമ്മം ചെയ്തുകൊണ്ടിരിക്കുമ്പോൾ വീണു മരിക്കണമെന്നാണ് ആഗ്രഹം. മരിച്ചു കഴിഞ്ഞാൽ 'തമ്പി സാർ എവിടെ കിടക്കുന്നു എന്നാരും ചോദിക്കില്ല ബോഡി എവിടെയാണെന്നേ ചോദിക്കൂ'.

നവോത്ഥാനത്തിലൂടെ സാംസ്കാരികമായ മുന്നേറ്റം ഉണ്ടാകണമെങ്കിൽ സ്ത്രീ​പുരുഷ തുല്യത വരണം. നവോത്ഥാനത്തിനു വേണ്ടി നിലകൊള്ളുന്ന മുഖ്യമന്ത്രി പിണറായി വിജയനോട് ബഹുമാനമാണുള്ളത്. എന്നാൽ അദ്ദേഹത്തിന്റെ ഇരുപതംഗ മന്ത്രിസഭയിൽ രണ്ട് വനിതകളെ ഉള്ളൂ. ആ നില മാറണം. എന്റെ 35-ാം വയസിൽ നായകനില്ലാത്ത സിനിമ ഒരുക്കിയിട്ടുണ്ട്. ബലാത്കാരത്തിന് ഇരയായ മൂന്നു സ്ത്രീകളുടെ പോരാട്ടത്തിന്റെ കഥ പറഞ്ഞ 'മോഹിനിയാട്ടം' എന്ന ചിത്രം കേരളത്തിനു പുറത്ത് അംഗീകരിക്കപ്പെട്ടെങ്കിലും ഇവിടത്തെ ബുദ്ധിജീവികൾ അംഗീകരിച്ചില്ല.

50 വയസു പൂർത്തിയാക്കിയ 'ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം...' എന്ന ഗാനത്തിനു പിന്നിലെ കഥയും അദ്ദേഹം വെളിപ്പെടുത്തി. 'ഭാര്യമാർ സൂക്ഷിക്കുക' എന്ന ചിത്രത്തിനു വേണ്ടി എഴുതിയ ഗാനത്തിലേക്ക് എത്തിയ വഴിയും ഗാനം ചിട്ടപ്പെടുത്തിയ ദക്ഷിണാമൂർത്തിയെയും ചിത്രത്തിന്റെ നിർമ്മാതാവ് ടി.ഇ. വാസുദേവനെയും അദ്ദേഹം സ്മരിച്ചു. സ്പീക്കർ ശ്രീരാമകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി.വി. ഗംഗാധരൻ അദ്ധ്യക്ഷനായിരുന്നു. എം.എൽ.എമാരായ ഒ. രാജഗോപാൽ, എം.കെ. മുനീർ, വി.എസ്. ശിവകുമാർ, പ്രെഡ്യൂസേഴ്സ് അസോസിയേഷൻ സെക്രട്ടറി രഞ്ജിത്ത്, ഫൗണ്ടേഷൻ പ്രസിഡന്റ് ജി. ജയശേഖരൻ നായർ, ജനറൽ സെക്രട്ടറി സി. ശിവൻകുട്ടി, സബീർ തിരുമല, മോനികൃഷ്ണ തുടങ്ങിയവർ സംസാരിച്ചു.