ഫ്രാൻസിനെ അട്ടിമറിച്ച്
തുർക്കിയുടെ തേരോട്ടം
മത്സരഫലങ്ങൾ
തുർക്കി 2-ഫ്രാൻസ് 0
ജർമ്മനി 2- ബെലറുസ് 0
ബെൽജിയം 3-കസാഖ് 0
ഇറ്റലി 3-ഗ്രീസ് 0
സ്കോട്ട്‌ലൻഡ് 2-സൈപ്രസ് 1
ഇസ്‌താംബുൾ : യൂറോകപ്പ് ഫുട്ബാൾ യോഗ്യതാ റൗണ്ട് മത്സരത്തിൽ നിലവിലെ ലോക ചാമ്പ്യൻമാരായ ഫ്രാൻസിനെ എതിരില്ലാത്ത രണ്ടുഗോളുകൾക്ക് തുർക്കി അട്ടിമറിച്ചു. ഇതോടെ ഗ്രൂപ്പ് എച്ചിൽ ഫ്രാൻസിനെക്കാളും മൂന്ന് പോയിന്റ് വ്യത്യാസത്തിൽ തുർക്കി ഒന്നാമതെത്തുകയും ചെയ്തു.
സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിന്റെ ആദ്യപകുതിയിൽത്തന്നെയാണ് തുർക്കി രണ്ട് ഗോളുകളും നേടിയത്. 30-ാം മിനിട്ടിൽ അയ്‌ഹാനും 40-ാം മിനിട്ടിൽ അൻഡാറുമാണ് സ്കോർ ചെയ്തത്.
മറ്റ് മത്സരങ്ങളിൽ ജർമ്മനി, ഇറ്റലി, ബെൽജിയം എന്നീ മുൻനിര ടീമുകൾ വിജയം കണ്ടു. ജർമ്മനി എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ബെലാറൂസിനെയാണ് കീഴടക്കിയത്. ലെറോയ് സാനേ, മാർക്കോ റിയൂസ് എന്നിവരാണ് സ്കോർ ചെയ്തത്. ഇറ്റലി 3-0 ത്തിന് ഗ്രീസിനെയും ബെൽജിയം ഇതേ സ്കോറിന് കസാഖിസ്ഥാനെയും കീഴടക്കി. ഇറ്റലിക്ക് വേണ്ടി ബറേല, ഇൻസൈൻ, ബൊന്തുച്ചി എന്നിവർ സ്കോർ ചെയ്തു. ബെൽജിയത്തിനായി മെർട്ടൻസ്, കസാനെ, ലുക്കാക്കു എന്നിവരാണ് സ്കോർ ചെയ്തത്.
മക്കാവു ശ്രീലങ്കയിൽ
കളിക്കാനില്ല
കൊളംബോ : ഇൗസ്റ്റർ ദിനത്തിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ശ്രീലങ്കയ്ക്കെതിരൊയി കൊളംബോയിൽ ഇൗയാഴ്ച നടക്കേണ്ട ഫിഫ ലോകകപ്പ് ഫുട്ബാൾ യോഗ്യതാ റൗണ്ട് മത്സരത്തിന് ടീമിനെ അയയ്ക്കില്ലെന്ന് മക്കാവു അറിയിച്ചു.
പൂജാമോൾ കേരളത്തെ നയിക്കും
തിരുവനന്തപുരം : ബുധനാഴ്ച ഗ്രേറ്റർ നോയ്ഡയിൽ തുടങ്ങുന്ന ഫെഡറേഷൻ കപ്പ് ബാസ്കറ്റ് ബാൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ കെ.എസ്. പൂജാമോൾ നയിക്കും. നീതുമോൾ പി.എസ്, ചിപ്പി മാത്യു, സ്റ്റെഫി നിക്‌സൺ, അഞ്ജന റോജാമോൾ, കവിതാ ജോസ്, നിമ്മി ജോർജ്, അനീഷ ക്ളീറ്റസ്, ശ്രീകല, ആതിര, അതുല്യ എന്നിവരാണ് മറ്റു ടീമംഗങ്ങൾ. പരിശീലകൻ : ഡോ. പ്രിൻസ് കെ. മറ്റം.