തിരുവനന്തപുരം:''ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
നിൻ ചിരിയിലലിയുന്നെൻ ജീവരാഗം...''
അമ്പതു വയസായ ആ ഗാനം ഉണ്ണിമേനോനും രാജലക്ഷ്മിയും പാടുമ്പോൾ ടാഗോർ തിയേറ്രർ നിറഞ്ഞു കവിഞ്ഞ ആസ്വാദകരങ്ങ് ലയിച്ചിരിക്കുകയായിരുന്നു. ഏറ്റവും മുന്നിൽ അര നൂറ്റാണ്ട് പിന്നിട്ട് ഓർമ്മകളിൽ താളമിട്ട് ശ്രീകുമാരൻ തമ്പിയും.
ഭാര്യമാർ സൂക്ഷിക്കുക എന്ന സിനിമയ്ക്കു വേണ്ടി വി. ദക്ഷിണാമൂർത്തി ഈണമിട്ട് യേശുദാസും പി. ലീലയും അനശ്വരമാക്കിയ പാട്ടിന്റെ അമ്പതാം പിറന്നാൾ മാത്രമായിരുന്നില്ല ആഘോഷത്തിനു കാരണമായത്. മലയാള സിനിമയുടെ പുണ്യം ശ്രീകുമാരൻ തമ്പിയുടെ പേരിൽ ജീവിച്ചിരിക്കെ തന്നെ അദ്ദേഹത്തിന് ആദരവൊരുക്കി ആരംഭിച്ച ശ്രീകുമാരൻതമ്പി ഫൗണ്ടേഷന്റെ ഉദ്ഘാടന ചടങ്ങുകൂടിയായിരുന്നു.
' ആ നിമിഷത്തിന്റെ നിർവൃതിയിൽ...,സ്വർണഗോപുര നർത്തകീ ശില്പം..., ഹൃദയസരസിലെ പ്രണയ പുഷ്പമേ..., എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ..., വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി....' അകത്ത് ഗാനങ്ങളോരോന്നായി പടരുമ്പോൾ പുറത്ത് മഴനീർത്തുള്ളികൾ നൃത്തം ചെയ്യുകയായിരുന്നു. പ്രതികൂല കാലാവസ്ഥയെ മാത്രമല്ല, ലോകകപ്പിൽ ഇന്ത്യ- ആസ്ട്രേലിയ കളിയെന്ന് പ്രലോഭനത്തെ കൂടി അതിജീവിച്ചാണ് തലസ്ഥാന നിവാസികൾ അവരുടെ പ്രിയപ്പെട്ട തമ്പി സാറിന്റെ ഗാനങ്ങളിലലിയാൻ എത്തിയത്. അദ്ദേഹത്തിന് ആദരവ് അർപ്പിച്ച നിമിഷങ്ങളിൽ സദസ് ഒന്നാകെ എണീറ്റു നിന്ന് കരഘോഷം മുഴക്കുകയായിരുന്നു.
'നമ്മുടെ സുകൃതം' എന്നാണ് ശ്രീകുമാരൻ തമ്പിയെ ചടങ്ങ് ഉദ്ഘാടനം ചെയ്ത സ്പീക്കർ ശ്രീരാമകൃഷ്ണൻ വിശേഷിപ്പിച്ചത്.
കാർമേഘം മൂടിയ പൂർണചന്ദ്രനെ പോലെയാണ് ശ്രീകുമാരൻതമ്പിയുടെ കാവ്യജീവിതം. അദ്ദേഹത്തിന്റെ പല പാട്ടുകളും മറ്റുള്ളവരുടെ സൃഷ്ടികളാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. വേണ്ടത്ര അംഗീകാരം ലഭിക്കാതെ പോയ ശ്രീകുമാരൻ തമ്പി സാറിനോടുള്ള പ്രായശ്ചിത്തം കൂടിയാണ് ഈ ചടങ്ങ്. നാടിന്റെ സംസ്കാരത്തിന്റെ പ്രഖ്യാപനമാണ് സംഗീതം. - സ്പീക്കർ പറഞ്ഞു.
ശ്രീകുമാരൻ തമ്പിയെ ആസ്ഥാനകവിയായി സർക്കാർ പ്രഖ്യാപിക്കണമെന്നായിരുന്നു അദ്ധ്യക്ഷനായിരുന്നു ഫൗണ്ടേഷൻ ചെയർമാനും നിർമ്മാതാവുമായ പി.വി. ഗംഗാധരന്റെ ആവശ്യം. മലയാള സിനിമയുടെ ചരിത്രവും ശ്രീകുമാരൻ തമ്പിയുടെ ജീവിതവും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നുവെന്ന് 'ശ്രീകുമാരൻ തമ്പിയും മലയാളസിനിമയും' എന്ന വിഷയത്തിൽ സംസാരിച്ച എം.കെ. മുനീർ എം.എൽ.എ പറഞ്ഞു.
ഉയരെ എന്ന സിനിമയുടെ നിർമാതാക്കളായ ഷെനൂഗ, ഷെഗിന, ഷെർഗ എന്നിവരെയും സംവിധായകൻ മനു അശോകിനെയും പുരസ്‌കാരം നൽകി ആദരിച്ചു. മാറ്റം ഉയരെ നിന്ന് ആകണമെന്ന സന്ദേശമാണ് സിനിമ നൽകുന്നതെന്നും സിനിമ കണ്ടശേഷം ആദ്യം അനുമോദിച്ചവരിൽ പ്രമുഖൻ ശ്രീകുമാരൻ തമ്പിയാണെന്നും ഷെഗിന മറുപടി പ്രസംഗത്തിൽ പറഞ്ഞു. മികച്ച സാമൂഹികപ്രവർത്തകയ്ക്കുളള പുരസ്‌കാരം നഗരസഭാംഗം പി. വി. മഞ്ജുവിന് നൽകി. ശ്രീകുമാരൻതമ്പി, ഗായകൻ ഉണ്ണിമേനോൻ എന്നിവരെയും ആദരിച്ചു.