പൂവാർ:പലപ്പോഴും സർക്കാർ സ്കൂളിനു നേരേ ഉയർന്നു വരുന്നൊരു ചോദ്യമുണ്ട്. സർക്കാർ സ്കൂളുകൾ ഇങ്ങനെ മതിയോ?
വിദ്യാലയങ്ങളുടെ പരിമിതികൾ പലപ്പോഴും അദ്ധ്യയനത്തെ ബാധിക്കുന്നുണ്ട്.
ഇത്തരത്തിൽ പരിമിതികളാൽ വീർപ്പുമുട്ടുകയാണ് കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള നെല്ലിക്കാക്കുഴി ഗവ.യു.പി.സ്കൂൾ. 1 മുതൽ 7വരെ ക്ലാസുകളിലായി 150 ഓളം കുട്ടികളാണ് പഠിക്കുന്നത്. ഈ വർഷം 38 കുട്ടികൾ ഒന്നാം ക്ലാസിൽ അഡ്മിഷൻ എടുത്തു. കഴിഞ്ഞ വർഷം നടന്ന അഡ്മിഷനേക്കാൾ കൂടുതലാണ് ഈ വർഷത്തേത് എന്നാണ് അദ്ധ്യാപകർ പറയുന്നത്.എങ്കിലും സ്ഥലപരിമിതി വല്ലാതെ വീർപ്പുമുട്ടിക്കുന്നുണ്ട്.
ആകെ 62 സെന്റ് ഭൂമിയാണ് രേഖയിലുള്ളത്. ഇപ്പോഴത് 50 സെന്റായി ചുരുങ്ങിയെങ്കിലും ഇനിയും നഷ്ടപ്പെടാതെ ചുറ്റുമതിൽ തീർത്തത് ആശ്വാസകരമാണ്. സർക്കാരിന്റെ വിഷൻ 2010-ൽ ഉൾപ്പെടുത്തി അഡ്വ.ജമീലാ പ്രകാശം എം.എൽ.എയുടെ ശ്രമഫലമായി നിർമ്മിച്ച 5 ക്ലാസ് മുറികളുള്ള കെട്ടിടമാണ് ആകെയുള്ള കോൺഗ്രീറ്റ് ബിൽഡിംഗ്. ഈ കെട്ടിടത്തിന്റെ സ്റ്റെയർകെയ്സിന്റെ അടിയിലും ഒരു ക്ലാസ് പ്രവർത്തിക്കുന്നുവെന്നത് ഈ സ്കൂളിന്റെ പരിതാപകരമായ അവസ്ഥയുടെ നേർക്കാഴ്ചയാണ്.
പരിമിതികളിലും മികവിൽ ഈ സ്കൂൾ എന്നും മുന്നിലാണ്
സ്കൂൾ.യു.എസ്.എസ്.സ്കോളർഷിപ്പ് പരീക്ഷയിൽ നെയ്യാറ്റിൻകര സബ് ജില്ലയിൽ 9 പേർ വിജയിച്ചപ്പോൾ അതിൽ 3 പേർ ഈ സ്കൂളിലെ കുട്ടികളായിരുന്നു. കൂടാതെ ജില്ലാ തലത്തിൽ നടത്തിയ 'സ്റ്റെപ്സ്' സയൻസ് ടാലന്റ് ടെസ്റ്റിൽ രണ്ടാം സ്ഥാനം കൈവരിക്കാനായത് അഭിമാനകരമാണ്. സംസ്ഥാന തലത്തിൽ നടന്ന ന്യൂ മാക്സ് സ്റ്റുഡൻസ് ടാലന്റ് ടെസ്റ്റിൽ ജില്ലയിൽ നിന്നുള്ള 6 പേരിൽ 2 പേർ ഈ സ്കൂളിൽ നിന്നുള്ളവരാണ്.
നേട്ടങ്ങൾ കൈവരിക്കുമ്പോഴും സ്പെഷ്യൽ അദ്ധ്യാപകരായി ആരുമില്ല എന്നത് ഓർക്കേണ്ടതാണ്. ഫിസിക്കൽ എഡ്യൂക്കേഷൻ, ആർട്ട്, മ്യൂസിക് ,ക്രാഫ്റ്റ് തുടങ്ങിയവ പഠിപ്പിക്കാനുള്ള അദ്ധ്യാപകരെ കൂടെ ലഭിച്ചാൽ മികവിൽ ഇനിയും മുന്നോട്ടു പോകാനാകും.
1918-ൽ ആണ് ലണ്ടൻ മിഷൻ നെല്ലിക്കാക്കുഴി സ്കൂൾ ആരംഭിക്കുന്നത്.
പിന്നെയത് സർക്കാരിന് കൈമാറുകയായിരുന്നു. മിഷണറി പ്രവർത്തകനായ റവ.ആർദർ പാർക്കർ ആയിരുന്നു സ്കൂളിന്റെ സ്ഥാപകൻ.