engineer

തിരുവനന്തപുരം: എൻജിനിയറിംഗ് പരീക്ഷയിൽ ജയിക്കാൻ ഓരോ വിഷയത്തിനും വേണ്ട മിനിമം മാർക്ക് 45ൽ നിന്ന് 40 ആയി സാങ്കേതിക സർവകലാശാല കുറച്ചു. ഇന്റേണൽ മിനിമം മാർക്ക് വേണം എന്ന നിബന്ധനയും ഒഴിവാക്കി. അഖിലേന്ത്യാ സാങ്കേതിക കൗൺസിൽ മാനദണ്ഡ പ്രകാരമാണ് മാർക്ക് കുറച്ചതെന്ന് മന്ത്രി കെ.ടി. ജലീൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഒരു സെമസ്റ്ററിൽ പരമാവധി 5 തിയറി, 2 ലാബ് കോഴ്സുകളാണുള്ളത്. കോഴ്സുകളുടെ സിലബസ് പരമാവധി 5 മൊഡ്യൂളുകളാക്കി കുറച്ചു. എല്ലാ പ്രാക്ടിക്കൽ കോഴ്സുകൾക്കും യൂണിവേഴിസിറ്റി പരീക്ഷ നിർബന്ധമാക്കി. അവസാന രണ്ട് പരീക്ഷകളുടെ ക്രെഡിറ്റ് 31ആയി കുറച്ചു.

എ.ഐ.സി.ടിയുടെ മാതൃകാ കരിക്കുലം അടിസ്ഥാനമാക്കി സാങ്കേതിക സർവകലാശാലയുടെ സിലബസ് പരിഷ്‌കരിക്കും.

ഇക്കൊല്ലം മുതൽ പ്രവേശനം നേടുന്നവർക്ക് ബി.ടെക് ബിരുദം നേടാനാവശ്യമായ ആകെ ക്രെഡിറ്റ് 162 ആക്കി. നേരത്തേ ഇത് 182 ആയിരുന്നു. ഇങ്ങനെ ലഭ്യമാവുന്ന അധികസമയം സംരംഭകത്വ പ്രവർത്തനങ്ങൾക്കും ഇന്റേൺഷിപ്പിനും ബി.ടെക് ഓണേഴ്സ് ഡിഗ്രിക്കും മൈനർ കോഴ്സുകൾക്കുമായി വിദ്യാർത്ഥികൾക്ക് ഉപയോഗിക്കാം. വിദ്യാർത്ഥികളുടെ പഠനശാഖയിലെ സ്പെഷ്യലൈസേഷനാണ് ബി.ടെക് ഓണേഴ്സ്.

അവസാന രണ്ട് സെമസ്റ്ററുകളിൽ കുറഞ്ഞത് മൂന്ന് വിഷയങ്ങളിൽ 12 ക്രെഡിറ്റും ഓൺലൈനായി കുറഞ്ഞത് രണ്ട് വിഷയങ്ങൾക്ക് എട്ട് ക്രെഡിറ്റും അധികമായി നേടുന്നവർക്ക് ബി.ടെക് ഡിഗ്രിക്ക് പകരം ബി.ടെക് ഓണേഴ്സ് ഡിഗ്രി കരസ്ഥമാക്കാം.

മറ്റ് പഠനശാഖകളിലുള്ള സ്പെഷ്യലൈസേഷനാണ് ബി.ടെക് മൈനർ ഡിഗ്രി. മൂന്നാം സെമസ്റ്റർ മുതൽ മൈനർ കോഴ്സുകൾക്ക് ചേരാം. അധികമായി മറ്റ് പഠനശാഖയിലെ മൂന്ന് വിഷയങ്ങളിൽ 12 ക്രെഡിറ്റും ഓൺലൈനായി കുറഞ്ഞ് രണ്ട് വിഷയങ്ങൾക്ക് എട്ട് ക്രെഡിറ്റും നേടുന്നവർക്ക് ബി.ടെക്കിനൊപ്പം മൈനർ ഡിഗ്രി കൂടി നേടാം. ഓണേഴ്സ്, മൈനർ ബിരുദങ്ങൾക്കുള്ള സിലബസ് ബോർഡ് ഒഫ് സ്റ്റഡീസുകൾ നിശ്ചയിക്കും.

5, 7 സെമസ്റ്ററുകൾക്കിടയിൽ നാലു മാസം ഇന്റേൺഷിപ്പിന് നീക്കിവച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ്, വ്യവസായ സ്ഥാപനങ്ങളുമായി സഹകരിച്ച് ഇന്റേൺഷിപ്പിനുള്ള വെബ്പോർട്ടൽ ആരംഭിച്ചിട്ടുണ്ട്.

എൻജി. പഠനത്തിന്റെ തുടക്കം

ഇൻഡക്‌ഷൻ പ്രോഗ്രാമോടെ

വിദ്യാർത്ഥികൾക്ക് എൻജിനിയറിംഗ് മേഖലയോടുള്ള അഭിരുചി വർദ്ധിപ്പിക്കുന്നതിന് രണ്ടാഴ്ച നീളുന്ന ഇൻഡക്‌ഷൻ പ്രോഗ്രാമോടെയാണ് ഒന്നാംവർഷ ക്ലാസ് തുടങ്ങുക. ഇതിനായി ഒന്നാം സെമസ്റ്ററിന്റെ ആകെ ക്രെ‌ഡിറ്ര് 17 ആയി കുറച്ചു. സ്റ്റാർട്ടപ്പുകൾ തുടങ്ങാനും ഇന്റേൺഷിപ്പുകൾ പൂർത്തിയാക്കാനും ബ്രേക്ക് ഒഫ് സ്റ്റഡിക്കുള്ള അവസരവും നൽകും. സ്പോർട്സ്, ആർട്സ്, എൻ.എസ്.എസ്, സെമിനാറുകളിൽ പങ്കെടുക്കൽ, എം.ഒ.ഒ.സി കോഴ്സുകൾ എന്നിവയ്ക്ക് ഗ്രേസ് മാർക്ക് നൽകും.