jason

ശനിയാഴ്ച കാർഡിഫിൽ നടന്ന ഇംഗ്ലണ്ട് - ബംഗ്ലാദേശ് പോരാട്ടത്തിൽ ഇംഗ്ലീഷ് ഓപ്പണ‌ർ ജേസൺ റോയിയുടെ സെഞ്ച്വറിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. ക്രിക്കറ്റ് കളിയിൽ സെഞ്ച്വറി നേടുന്നതും അത് ആഘോഷിക്കപ്പെടുന്നതുമൊക്കെ സ്വാഭാവികമാണല്ലോ. ജേസൺ റോയിയുടെ സെഞ്ച്വറിക്കെന്താണ് ഇത്ര പ്രത്യേകത ? എന്നാൽ, അതിനു പിന്നിൽ രസകരമായ ഒരു കാരണമുണ്ട്. ഗ്രൗണ്ടിൽ നിന്ന അമ്പയറെയും ഇടിച്ചിട്ടു കൊണ്ടായിരുന്നു റോയി സെഞ്ച്വറി തികച്ചത്. റൺസ് നേടാൻ വേണ്ടിയുള്ള ഓട്ടത്തിനിടെയാണ് റോയി അമ്പയർ ജോയൽ വിൽസണുമായി കൂട്ടിയിടിച്ചത്. 27ാം ഓവറിൽ മുസ്‌തഫിസുർ തൊടുത്തുവിട്ട ബോളിലാണ് ജേസൺ സെഞ്ച്വറി തികച്ചത്. പന്ത് തടയാൻ ഫീൽഡർക്ക് കഴിഞ്ഞില്ലെന്ന് മാത്രമല്ല പന്ത് നേരെ ബൗണ്ടറിയിലേക്ക് കുതിക്കുകയും ചെയ്‌തു.

ഈ അവസരം നോക്കി റൺ ഓടിയെടുക്കാനാണ് ജേസൺ ശ്രമിച്ചത്. ഓടുന്നതിനിടെ അമ്പയറുമായി കൂട്ടിയിടിച്ച് ഇരുവരും നിലത്ത് വീണു. പന്തിന്റെ ദിശ ശ്രദ്ധിച്ചു കൊണ്ടിരുന്ന അമ്പയർ റോയിയെയും കണ്ടിരുന്നില്ല. അമ്പയറെ പിടിച്ചെഴുന്നേപ്പിച്ച റോയി അതിനു ശേഷമാണ് ഹെൽമറ്റ് മാറ്റി താൻ സെഞ്ച്വറി തികച്ചതിന്റെ ആഹ്ലാദം പങ്കുവച്ചത്. 92 പന്തുകളിൽ നിന്നാണ് റോയി സെഞ്ച്വറിയിലെത്തിയത്. 121 ബോളിൽ 153 റൺസാണ് റോയി നേടിയത്.