pinarayi-vijayan

തിരുവനന്തപുരം: സുനാമി ദുരന്തത്തിനിരയായവരുടെ താമസസ്ഥലങ്ങളിലെ പ്രശ്നങ്ങൾ ഗുണഭോക്തൃസമിതികളുടെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടു കൂടി പരിഹരിക്കണമെന്ന് ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് എം.നൗഷാദിന്റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ സഭയെ അറിയിച്ചു. സുനാമി പുനരധിവാസ പദ്ധതി പ്രകാരം നിർമ്മിച്ച ഫ്ലാറ്റ് സമുച്ചയങ്ങളുടെ ശോചനീയാവസ്ഥയെ കുറിച്ചായിരുന്നു നൗഷാദിന്റെ സബ്മിഷൻ.

2004ലെ സുനാമി ദുരന്തത്തെ തുടർന്ന് വീടുകളും വസ്തുക്കളും നഷ്ടപ്പെട്ട 9 ജില്ലകളിലുള്ളവർക്ക് പുനരധിവാസ പദ്ധതി പ്രകാരം വീടുകളും ഫ്‌​ളാറ്റുകളും നിർമ്മിച്ച് നൽകിയിട്ടുണ്ട്. ഈ കോളനികളിൽ പലയിടങ്ങളിലും കുടിവെള്ളക്ഷാമം, ഡ്രെയിനേജ് സംവിധാനത്തിലെ പോരായ്മ, സെപ്ടിക് ടാങ്ക് കവിഞ്ഞൊഴുകൽ, മഴക്കാലത്ത് വെള്ളക്കെട്ട് ഇവ ഉണ്ടാക്കുന്നുവെന്നും അത് സുനാമി ഫണ്ടുപയോഗിച്ച് പരിഹരിക്കണമെന്നുമാവശ്യപ്പെട്ട് സർക്കാരിൽ നിവേദനങ്ങൾ ലഭിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സുനാമി പുനരധിവാസ പദ്ധതി ഒരു തുടർപദ്ധതിയല്ലാത്തതിനാൽ നവീകരണ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ബഡ്ജറ്റിൽ തുക വകയിരുത്തിവരുന്നില്ല. ഇതിന് പരിഹാരമെന്ന നിലയിലാണ് പുതിയ നിർദ്ദേശം ജില്ലാകളക്ടർമാർക്ക് നൽകിയത്.

കൂടാതെ ഫെബ്രുവരി 12ലെ സർക്കാർ ഉത്തരവനുസരിച്ച് റവന്യൂ വകുപ്പ് സുനാമി പുനരധിവാസ പദ്ധതി പ്രകാരം നിർമ്മിച്ച കോളനികളിലെ മാലിന്യനിർമ്മാർജനം, സെപ്ടിക് ടാങ്ക് ഉൾപ്പെടെയുള്ള പ്രശ്‌​നങ്ങൾ, ചുറ്റുമതിൽ നിർമ്മാണം എന്നിവ നിർവഹിക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പിനെയും കുടിവെള്ള പ്രശ്‌​നം പരിഹരിക്കുന്നതിന് ജലവിഭവ വകുപ്പിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് അതത് ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.