vishnu-vinod
വിജയാഹ്ലാദം...സംസ്ഥാന എൻജിനീയറിംഗ് എൻട്രൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ വിഷ്ണു വിനോദ് അച്ഛൻ വിനോദ് അമ്മ ചാന്ദ്നി സഹോദരൻ വിശ്വനാഥ് എന്നിവരുമായി ആഹ്ളാദം പങ്കിടുന്നു ഫോട്ടോ: ശ്രീകുമാർ ആലപ്ര

തിരുവനന്തപുരം: സംസ്ഥാന എൻജിനിയറിംഗ് പ്രവേശന പരീക്ഷയിൽ ഇടുക്കി ആനക്കര ശങ്കരമംഗലം സ്വദേശി വിഷ്ണു വിനോദിന് ഒന്നാം റാങ്ക് (സ്‌കോർ- 584.9173). കോട്ടയം കുമരനെല്ലൂർ കൊച്ചാലമ്മൂട് 'കൃഷ്ണ'യിൽ എ. ഗൗതംഗോവിന്ദ് രണ്ടും (571.5238) കോട്ടയം വടവാതൂർ ജവഹർ നവോദയ വിദ്യാലയത്തിലെ അക്വിബ് നവാസ് (569.0113) മൂന്നും റാങ്കുകൾ നേടി.

ആർക്കിടെക്ചർ പ്രവേശന പരീക്ഷയിൽ തൃശൂർ കുരിയാച്ചിറ നെഹ്‌റുനഗർ ചുങ്കത്ത് ഹൗസിൽ ആലിസ് മരിയ ചുങ്കത്ത് ഒന്നും (366.8333) കണ്ണൂർ പയ്യാവൂർ പാലക്കുടിയിൽ അൻഷ മാത്യു (363) രണ്ടും ഗുജറാത്ത് വഡോദര ധനുഷ് മാർഗിൽ ഗൗരവ് ആർ. ചന്ദ്രൻ (360.80) മൂന്നും റാങ്കുകൾ നേടി.

കൊല്ലം മുണ്ടയ്ക്കൽ സൂര്യനഗർ നവീൻ വിൻസെന്റിനാണ് (384.5831) ഫാർമസി പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്ക്‌. മലപ്പുറം എടവണ്ണ ചെമ്പക്കുത്ത്‌ മേലേക്കാട്ടിൽ ഹൗസിൽ എം.കെ. നിധാ നിസ്‌മ രണ്ടും (369.8517) മലപ്പുറം ഊരകം മേൽമുറി ശ്രീലകം വീട്ടിൽ കെ. രോഹിത് മൂന്നും (368.5627) റാങ്കുകൾ നേടി.

മന്ത്റി ഡോ. കെ.ടി. ജലീലാണ് വാർത്താസമ്മേളനത്തിൽ റാങ്കുകൾ പ്രഖ്യാപിച്ചത്.

എൻജിനിയറിംഗ് പരീക്ഷയിൽ പട്ടികജാതി വിഭാഗത്തിൽ കൊല്ലം കല്ലുവാതുക്കൽ ചാമവിള രാമഭവനിൽ ആർ. അദ്വൈത് കൃഷ്ണ ഒന്നും കോട്ടയം തലയാഴം ഈട്ടീതറയിൽ മിഥുൻ വി. ജയ് രണ്ടും റാങ്കുകൾ നേടി. കാസർകോട് റാണിപുരം കുണ്ടുപള്ളി എൽ. സുകന്യയ്ക്കാണ് പട്ടിക വർഗ വിഭാഗത്തിൽ ഒന്നാം റാങ്ക്. രണ്ടാം റാങ്ക് പ്രഖ്യാപിച്ചിട്ടില്ല.

ഇക്കൊല്ലം എൻജിനിയറിംഗ് പ്രവേശന പരീക്ഷ എഴുതിയ 73437 കുട്ടികളിൽ 51667 പേരാണ്‌ യോഗ്യത നേടിയത്. ഇവരിൽ യോഗ്യതാ പരീക്ഷയുടെ മാർക്ക് സമർപ്പിച്ച് റാങ്ക് പട്ടികയിൽ ഇടം പിടിച്ചത് 45597 പേരാണ്. 56318 പേർ ഫാർമസി പ്രവേശന പരീക്ഷയെഴുതിയതിൽ 39912 പേർ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടു. www.cee.kerala.gov.in വെബ്സൈറ്റിൽ വിശദാംശങ്ങളുണ്ട്. വാർത്താസമ്മേളനത്തിൽ പ്രവേശന പരീക്ഷാകമ്മിഷണർ എ. ഗീതയും പങ്കെടുത്തു.