sarfaesi-act

തിരുവനന്തപുരം: സർഫാസി നിയമത്തിൽ നിന്ന് കേരളത്തിലെ സഹകരണ ബാങ്കുകളെ ഒഴിവാക്കാൻ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. കാർഷിക കടാശ്വാസ കമ്മിഷനിലൂടെ രണ്ട് ലക്ഷം രൂപ വരെയുള്ള കടങ്ങൾ എഴുതിത്തള്ളുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ അറിയിച്ചു. കാർഷിക വായ്‌പകൾ വ്യവസ്ഥാപിതമായ രീതിയിൽ എഴുതിത്തള്ളുമെന്നും മന്ത്രി വ്യക്തമാക്കി. കർഷകരുടെ ആത്മഹത്യയെക്കുറിച്ചുള്ള ഐ.സി. ബാലകൃഷ്ണന്റെ അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു ഇരുവരും.

കാർഷിക വായ്‌പകൾക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിട്ടും ഉത്തരവിറക്കാത്തത് വലിയ വീഴ്‌ചയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സർഫാസി നിയമത്തിനെതിരെ പാർലമെന്റിൽ ശക്തമായ നിലപാട് സ്വീകരിക്കാൻ എം.പിമാരോട് നിർദ്ദേശിച്ചിട്ടുണ്ട്. മോറട്ടോറിയം സംബന്ധിച്ച് തീരുമാനമെടുത്തിട്ട് ഉത്തരവിറക്കാത്തതിന് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ ശാസിച്ചിട്ട് കാര്യമില്ല. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണം. സർഫാസി നിയമത്തിനെതിരെ എല്ലാ പിന്തുണയും ചെന്നിത്തല വാഗ്‌ദാനം ചെയ്തു. എന്നാൽ ചീഫ് സെക്രട്ടറിയെ താൻ ശാസിച്ചിട്ടില്ലെന്നും ഉത്തരവിറങ്ങാനുണ്ടായ താമസത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയായിരുന്നുവെന്നും മുഖ്യമന്ത്രി മറുപടി നൽകി.

കാർഷിക കടാശ്വാസ കമ്മിഷന്റെ കീഴിൽ സഹകരണ ബാങ്കുകളാണ് ഉൾപ്പെട്ടിട്ടുള്ളതെന്ന് മന്ത്രി സുനിൽകുമാർ പറഞ്ഞു. വാണിജ്യ ബാങ്കുകളെയും ഇതിൽ ഉൾപ്പെടുത്താൻ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. ഇത് സംസ്ഥാന തല ബാങ്കേഴ്‌സ് സമിതിയും അംഗീകരിച്ചിട്ടുണ്ട്. അതിന്റെ നടപടികൾ പൂർത്തിയാകുകയാണ്. ഏതാനും മാസങ്ങൾക്കകം രണ്ടു ലക്ഷം രൂപ വരെയുള്ള കാർഷിക വായ്‌പകൾ എഴുതിത്തള്ളും. ഇതിനായി സഹകരണ ബാങ്കുകളിലെ വായ്പ സംബന്ധിച്ച് കമ്മിഷൻ അപേക്ഷ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
ഇടുക്കിയിൽ 10 കർഷകരും വയനാട്ടിൽ 5 കർഷകരും ആത്മഹത്യ ചെയ്‌തിട്ടുണ്ട്. മോറട്ടോറിയം പ്രഖ്യാപിച്ച സാഹചര്യത്തിൽ അതിനെതിരെ ഏതെങ്കിലും ബാങ്ക് നീങ്ങിയാൽ കർശനമായ നടപടി സ്വീകരിക്കും. പ്രകൃതിദുരന്ത നഷ്ടപരിഹാരം ഉൾപ്പെടെ 196 കോടി രൂപ നൽകി. ബാക്കിയുള്ള 36 കോടി രൂപ അടിയന്തരമായി നൽകും. മലയോര മേഖലകളിലെ എട്ടു വിളകളുടെ നഷ്ടപരിഹാര തുക വർദ്ധിപ്പിച്ചിട്ടുണ്ട്. തേങ്ങയുടെ വില 25 രൂപയിൽ താഴെയാകുമ്പോൾ സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിലൂടെ പച്ചത്തേങ്ങ സംഭരിക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം ആത്മഹത്യ ചെയ്‌ത 15 കർഷകരുടെ വായ്പകളെങ്കിലും എഴുതിത്തള്ളുമെന്ന് പ്രഖ്യാപിക്കണമെന്ന് കെ.സി. ബാലകൃഷ്ണൻ പറഞ്ഞു. വയനാട് കാപ്പിയും കുരുമുളകുമൊക്കെ നശിച്ചിട്ടും ജപ്‌തി നടപടികൾ നിറുത്തിവച്ചില്ല. സർഫാസി നിയമപ്രകാരം 8000 കർഷകർക്കാണ് നോട്ടീസുകൾ അയച്ചിരിക്കുന്നതെന്നും ബാലകൃഷ്ണൻ പറഞ്ഞു. അഞ്ച് ലക്ഷം വരെയുള്ള കാർഷിക വായ്‌പകൾ എഴുതിത്തള്ളണമെന്ന് പി.ജെ. ജോസഫ് ആവശ്യപ്പെട്ടു. സർഫാസി നിയമം പ്രാഥമിക സഹകരണ സംഘങ്ങൾക്ക് ബാധകമല്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. തുടർന്ന് അടിയന്തര പ്രമേയത്തിന് സ്‌പീക്കർ അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി.