road-accident

അമിതവേഗം സൃഷ്ടിക്കുന്ന വാഹനാപകടങ്ങളിൽപ്പെട്ട് അകാലമൃത്യുവിന് ഇരയാകുന്നവരെക്കുറിച്ചുള്ള ദുഃഖവാർത്തയില്ലാത്ത ഒരു ദിവസംപോലും കടന്നുപോകുന്നില്ല. രാജ്യത്തെ ചെറിയൊരു ഭൂഭാഗമായ കേരളത്തിൽ വാഹനാപകടങ്ങൾ അനുദിനം പെരുകുകയാണ്. ഭ്രാന്തെടുത്തതുപോലെ വിവിധയിനം വാഹനങ്ങൾ തലങ്ങും വിലങ്ങും ചീറിപ്പായുന്നു. പാലക്കാട് തണ്ണിശേരി എന്ന സ്ഥലത്ത് ഞായറാഴ്ച ഉച്ചയ്ക്ക് ജില്ലാ ആശുപത്രിയിലേക്ക് രോഗികളെയും കൊണ്ടുപോയ ആംബുലൻസ് മീൻലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ടുപേരാണ് മരണമടഞ്ഞത്. പരിക്കേറ്റ നാലുപേരിൽ ഒരാൾ അത്യാസന്ന നിലയിലാണ്. ആംബുലൻസിന്റെയും മീൻലോറിയുടെയും അമിതവേഗം തന്നെയാകാം അപകടം വരുത്തിവച്ചതെന്ന് കരുതാം. ബൈക്ക് മറികടന്ന് മുന്നോട്ടു കുതിച്ച ആംബുലൻസ് നിയന്ത്രണം വിട്ട് എതിർദിശയിൽ നിന്നുവന്ന മീൻലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. നേരത്തെ കാർ കൊക്കയിലേക്ക് മറിഞ്ഞപ്പോഴുണ്ടായ അപകടത്തിൽനിന്ന് നിസാരപരിക്കുകളോടെ രക്ഷപ്പെട്ട നാല് യുവാക്കളും ആംബുലൻസിൽ ഉണ്ടായിരുന്നു. നെന്മാറ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ പ്രഥമ ശുശ്രൂഷ നേടി കൂടുതൽ പരിശോധനകൾക്കായി ജില്ലാ ആശുപത്രിയിലേക്ക് പുറപ്പെട്ടവരാണിവർ. അമിതവേഗം സൃഷ്ടിച്ച അപകടം എത്ര കുടുംബങ്ങളിലാണ് തോരാക്കണ്ണീരിന് കാരണമായത്. സംസ്ഥാനത്തെ പൊതുനിരത്തുകളിൽ ഇതുപോലെ പൊലിയുന്ന മനുഷ്യരുടെ സംഖ്യ ഭീതിജനകമാംവിധം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ബോധവത്കരണവും ശിക്ഷാനടപടിയുമൊക്കെ തിരുതകൃതിയായി നടക്കുന്നുണ്ടെങ്കിലും ഞെട്ടലുളവാക്കുന്ന അപകട പരമ്പരകൾക്ക് ഒരു കുറവുമുണ്ടാകുന്നില്ല. ഗതാഗത നിയമങ്ങൾക്ക് ഒരുവിലയും കല്പിക്കാൻ വാഹനം ഒാടിക്കുന്നവർ തയ്യാറാകാത്തിടത്തോളം കാലം റോഡപകടങ്ങൾ വർദ്ധിച്ചു കൊണ്ടേയിരിക്കും. പൊതുനിരത്തുകളിൽ മനുഷ്യരക്തം ഒഴുകിക്കൊണ്ടേയിരിക്കും.

സംസ്ഥാനത്ത് ഒരുവർഷം ശരാശരി 4500 പേരാണ് റോഡപകടങ്ങൾക്കിരയാകുന്നത്. അതിന്റെ പത്തിരട്ടിയെങ്കിലും വരും പരിക്കേറ്റ് അവശനിലയിലാകുന്നവർ. റോഡപകടങ്ങൾ സമൂഹത്തിലും സംസ്ഥാനത്തിന്റെ സാമ്പത്തിക - തൊഴിൽ മേഖലകളിലും സൃഷ്ടിക്കുന്ന ഭീമമായ നഷ്ടത്തിന്റെ കണക്കുകൾ പൊതുവേ ശ്രദ്ധിക്കപ്പെടാറില്ല. വർദ്ധിച്ചുവരുന്ന ആശുപത്രിച്ചെലവ് താങ്ങാനാകാതെ കിടപ്പാടം തന്നെ പണയപ്പെടുത്തേണ്ടി വരുന്ന കുടുംബാംഗങ്ങൾ ഒാരോ റോഡപകടത്തിന്റെയും ദൈന്യത ഒാർമ്മിപ്പിക്കുന്നു. റോഡപകടങ്ങൾ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളെക്കുറിച്ച് വ്യക്തമായ ബോധമുണ്ടെങ്കിലും റോഡ് നിയമങ്ങൾ പാലിക്കാൻ അധികമാരും തയാറാകുന്നില്ലെന്നതിന് തെളിവാണ് വർദ്ധിച്ചുവരുന്ന അപകടങ്ങൾ.

ഞായറാഴ്ച തന്നെ വിവിധയിടങ്ങളിലായി വേറെയും ദാരുണമായ റോഡപകടങ്ങൾ ഉണ്ടായി. കഴക്കൂട്ടത്തിനടുത്ത് സ്റ്റോപ്പിൽ നിറുത്തിയ ട്രാൻസ്‌പോർട്ട് ബസിന് പിന്നിൽ സ്കൂട്ടർ ഇടിച്ചുകയറി ഒൻപതുവയസുകാരി മരണമടഞ്ഞു. മരിച്ച കുട്ടിയുടെ മുത്തച്ഛൻ ഉൾപ്പെടെ നാലുപേർ സ്കൂട്ടറിലെ യാത്രക്കാരായിരുന്നു. രണ്ടരവയസുള്ള ഒരു പിഞ്ചുകുട്ടിയും കൂട്ടത്തിലുണ്ടായിരുന്നു. ഇത്രയും പേരെയും കയറ്റി സ്കൂട്ടറിൽ പാഞ്ഞ യുവാവിന്റെ അശ്രദ്ധയാണ് അപകടത്തിൽ കലാശിച്ചത്. പ്രായവും പക്വതയുമില്ലാത്ത ചെറുപ്പക്കാർ പൊതുനിരത്തിൽ ഇരുചക്രവാഹനങ്ങൾ കൈകാര്യം ചെയ്യുന്ന രീതി കണ്ടാൽ ആരും തലയിൽ കൈവച്ചുപോകും. റോഡപകടങ്ങളിൽ നാലിലൊരുഭാഗം ഇരുചക്രവാഹനങ്ങൾ ഉൾപ്പെട്ടവയാണെന്ന് പൊലീസിന്റെ സ്ഥിതി വിവരങ്ങളിൽ കാണാം. മരണനിരക്കിലും കാണാം ഇൗ പ്രത്യേകത.

മാവേലിക്കരയിൽ നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ മരിച്ച രണ്ട് യുവാക്കളും ഇവരിലൊരാളുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവെ ബൈക്കപകടത്തിൽ മരിച്ച മറ്റൊരു യുവാവും ഞായറാഴ്ച സംസ്ഥാനത്തെ ഞെട്ടിച്ച ദാരുണ സംഭവങ്ങളാണ്.

അനിയന്ത്രിതമായ വാഹനപ്പെരുപ്പവും റോഡുകളുടെ നിലവാരമില്ലായ്മയുമൊക്കെ അപകട കാരണങ്ങളാകാറുണ്ടെങ്കിലും പ്രധാനമായും അശ്രദ്ധയും അമിതവേഗവും തന്നെയാണ് ഒട്ടുമിക്ക അപകടങ്ങളുടെയും പിന്നിലുള്ളത്. വാഹനങ്ങൾ കൈകാര്യം ചെയ്യുന്നവർ സ്വയം നിയന്ത്രിക്കുകയും റോഡ് നിയമങ്ങൾ പാലിക്കുകയും ചെയ്താലേ അപകടനിരക്ക് കുറയ്ക്കാനാവൂ. അശിക്ഷിതരായ ഡ്രൈവർമാരെ പിടികൂടി ശിക്ഷിക്കാൻ പൊലീസിന് കഴിയണം. ഇപ്പോൾ പ്രാബല്യത്തിലുള്ള വാഹന പരിശോധനകളോ റോഡ് നിരീക്ഷണമോ കൊണ്ടൊന്നും അപകടങ്ങൾ കുറയ്ക്കാനാകില്ല. ഗതാഗത നിയമലംഘനങ്ങൾക്കുള്ള ശിക്ഷ കർക്കശമാക്കുകയും കൈയോടെ നടപ്പാക്കുകയും വേണം. സ്പീഡ് ലംഘനവുമായി ബന്ധപ്പെട്ട് പിടികൂടിയ ലക്ഷക്കണക്കിന് കേസുകളാണ് ട്രാഫിക് വിഭാഗത്തിൽ കെട്ടിക്കിടക്കുന്നത്. പിഴ അടച്ചില്ലെങ്കിലും പ്രശ്നമൊന്നുമില്ലെന്ന ചിന്താഗതി പരക്കാൻ കാരണം ശിക്ഷ നടപ്പാക്കുന്നതിൽ പൊലീസിന്റെ ഭാഗത്തുണ്ടാകുന്ന ഉദാസീനതയാണ്. ഗതാഗത നിയമം നടപ്പാക്കൽ നിസ്സാര പെറ്റിക്കേസുകളുമായി ബന്ധപ്പെട്ടുള്ളതാണ്. ഹെൽമറ്റ് പരിശോധനയും പിഴ ഇൗടാക്കലും കഴിഞ്ഞാൽ ഗുരുതരമായ നിയമ ലംഘനങ്ങളൊന്നും പൊലീസിന്റെ കണ്ണിൽ പെടാറേയില്ല. ഗതാഗതനിയമ പാലനത്തിനായുള്ള പൊലീസ് സംവിധാനങ്ങൾ പതിന്മടങ്ങ് ശക്തപ്പെടുത്തേണ്ടിയിരിക്കുന്നു. നഗരങ്ങളിലും പട്ടണങ്ങളിലും സദാ അവരുടെ സാന്നിദ്ധ്യം ഉണ്ടാവുകയും വേണം. ഞായറാഴ്ച പോലുള്ള അവധിദിനങ്ങളിൽ തലസ്ഥാന നഗരിയിൽ പോലും പലേടത്തും ഗതാഗത നിയന്ത്രണത്തിന് പൊലീസ് ഇല്ലാത്ത സ്ഥിതിയാണിപ്പോൾ.